
ഏപ്രിൽ 13ന് നോയിഡയിൽ ആരംഭിച്ച തൊഴിലാളികളുടെ പ്രക്ഷോഭവും അതിനോടുള്ള യോഗി സർക്കാരിന്റെ നിലപാടും പൊലീസ് നടപടിയും രാജ്യം കണ്ടതാണ്. സമരവുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഒരു വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. ഏപ്രിൽ 16, 18 തീയതികളിൽ സമരം നടന്നയിടങ്ങളിൽ നടത്തിയ സന്ദർശനങ്ങൾ, ഇരകളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം, നിയമപരമായ ഇടപെടൽ എന്നിവയെയെല്ലാം അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്.
സമരത്തെ അടിച്ചമർത്താൻ പൊലീസ് ഏകപക്ഷീയമായി തൊഴിലാളികളെ അറസ്റ്റ് ചെയ്തുവെന്നും നിയമവിരുദ്ധമായി തടങ്കിൽ പാർപ്പിച്ചെന്നും ഈ സംഘടനകളെല്ലാം അടിയുറച്ച് പറയുന്നു. സമരം ചെയ്ത തൊഴിലാളികൾക്ക് നേരെ ഭരണഘടനാ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
Also Read: ഇന്ത്യയുടെ ആത്മാവിനെ പകർത്തിയ ഫോട്ടോഗ്രാഫർ; ആരായിരുന്നു രഘു റായ്?
നോയിഡയിലെ സംഭവങ്ങൾ വെറുമൊരു ക്രമസമാധാന പ്രശ്‌നമല്ല, മറിച്ച് വ്യവസ്ഥാപിതമായ അടിച്ചമർത്തലാണ്. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കൽകൂടി തുറന്നുകാണിച്ച സംഭവം. വ്യക്തമായ തെളിവുകളുടെയോ വ്യക്തമായ കുറ്റങ്ങളുടെയോ അടിസ്ഥാനത്തിലല്ല അറസ്റ്റ് നടന്നതെന്ന് റിപ്പോർട്ട് വ്യക്തമായി പറയുന്നു.
ഏപ്രിൽ 13 നും 14 നും ഇടയിൽ കുട്ടികൾ, വഴിയാത്രക്കാർ, ദിവസ വേതന തൊഴിലാളികൾ എന്നിവരുൾപ്പെടെ നിരവധി സാധാരണക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 15 നും 17 നും ഇടയിൽ, മാനേജ്‌മെന്റിന്റെ നിർദ്ദേശപ്രകാരം ജോലിസ്ഥലങ്ങളിൽ നിന്നുവരെ തൊഴിലാളികളെ പിടികൂടിയതായി ആരോപണമുണ്ട്. അറസ്റ്റ് അവസാന ആശ്രയം ആയിരിക്കണം. എന്നാൽ ആ തത്വത്തെ ലംഘിച്ചുകൊണ്ടാണ് പൊലീസിന്റെ നീക്കം. നിർദ്ദിഷ്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുപകരം പ്രസ്ഥാനത്തെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അറസ്റ്റുകൾ നടത്തിയതെന്ന് റിപ്പോർട്ട് വാദിക്കുന്നു.

അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് എഫ്‌ഐആർ പകർപ്പുകൾ നിഷേധിച്ചുവെന്ന് നിയമസഹായം നൽകിയ അഭിഭാഷകൻ ഋഷി പറയുന്നുണ്ട്. സിആർപിസിയിലെ സെക്ഷൻ 151 പ്രകാരം അറസ്റ്റ് നടന്നിട്ടുണ്ടെങ്കിലും, തടവുകാരെ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയില്ല. ചിലരെ മൂന്ന് ദിവസത്തിലധികം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടിലെ ഏറ്റവും ഗുരുതരമായ കണ്ടെത്തലുകളിലൊന്ന് കുട്ടികളുടെ അറസ്റ്റാണ്. ഏകദേശം 300 മുതൽ 350 ഓളം പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പലരും കടകളിലും ട്യൂഷൻ ക്ലാസുകളിസും പോയവരാണെന്ന് റിപ്പോർട്ടുണ്ട്. ഇത് വെറുമൊരു കണക്കല്ലെന്നും തങ്ങൾ കുടുംബങ്ങളോട് സംസാരിച്ച് മനസിലാക്കിയതാണെന്നും എസ്‌എഫ്‌ഐ ദില്ലി നേതാവ് അചിന്ത്യ പറഞ്ഞുവയ്ക്കുന്നുണ്ട്.
പലരെയും കസ്റ്റഡിയിലെടുക്കുന്നു. ഓരോ 10-20 മിനിറ്റിലും 10-20 പേരെ വിട്ടയക്കുന്നു. രേഖകളില്ലാതെ പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൗരാവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെല്ലാം.
മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമാകുമോ എന്ന് തൊഴിലാളികൾ ചോദിച്ചുപോകുന്നു. തടവുകാരെ മോചിപ്പിക്കുന്നതിന് കുടുംബങ്ങളോട് 5,000 മുതൽ 10,000 രൂപ വരെ നൽകാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഫോൺ കോളുകൾ വഴിയാണ് പണം ആവശ്യപ്പെട്ടതത്രേ.
വേതനവുമായി ബന്ധപ്പെട്ട ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിനുപകരം, ഗൂഢാലോചനകളുമായോ ബാഹ്യ സ്വാധീനങ്ങളുമായോ ബന്ധിപ്പിച്ച് പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. നോയിഡയിലെ പൊലീസ് നടപടി അടിച്ചമർത്തലാണെന്ന് റിപ്പോർട്ട് പറയുന്നു. അറസ്റ്റിലായ എല്ലാ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങൾ അവരുടെ കുടുംബങ്ങൾക്ക് ഉടനടി വെളിപ്പെടുത്തണം, എഫ്‌ഐആറുകൾ റിലീസ് ചെയ്യണം, തടവുകാർക്ക് സൗജന്യ നിയമസഹായം നൽകണം ഇവയൊക്കെയാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യങ്ങൾ. വേതനത്തിവും സുരക്ഷിതമായ തൊഴിലിടത്തിനുമായി സമരം ചെയ്യുന്ന തൊഴിലാളികളെ അടിച്ചമർത്തുന്നത് നീതികേടാണ്, ജനാധിപത്യ അവകാശങ്ങളെയും സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുന്ന നടപടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

