
ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ നത്തിങ് സിഇഒ കാൾ പേയ് നേരിട്ടെത്തി ഫുൾ സ്റ്റോപ്പിട്ടു. നത്തിങ് ഫോണ്‍ 3 ഉടനെത്തും. ജൂലൈ അല്ലെങ്കിൽ സെപ്റ്റംബര്‍ മാസങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. എന്നാൽ കാത്തിരുന്നവർക്ക് ചെറിയൊരു നിരാശയുമുണ്ട്. കാരണം, ചില്ലറ വിലയല്ല വരാനിരിക്കുന്ന വിരുതന് കമ്പനി ഇട്ടിരിക്കുന്നത്. ഏകദേശം 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണില്‍ പ്രീമിയം മെറ്റീരിയലുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കമ്പനി വാദം.
ALSO READ; മോഷ്ടിച്ച ഫോണുകൾ ഉപയോഗശൂന്യമാക്കും; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ആൻഡ്രോയിഡ് 16
ഇനി വിലയ്ക്ക് അനുസരിച്ചുള്ള ഫീച്ചറുകളാണോ കമ്പനി ഫോണിന് നൽകിയിരിക്കുന്നത് എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണ്‍ 3ല്‍ ഉണ്ടായിരിക്കുക. ഫോണിന്റെ പെർഫോമൻസിന് കരുത്ത് പകരാൻ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ആയിരിക്കും നൽകുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 50000 രൂപയുടെ ഫോണുകൾക്ക് പോലും സ്നാപ്ഡ്രാഗന്‍റെ 8 എലൈറ്റ് ചിപ്പ് വരുന്ന കാലത്താണ് നത്തിങ് 8 ജെന്‍ 3 യുമായി വരുന്നതെങ്കിൽ അത് ഒരുപാട് പേരെ നിരാശരാക്കും എന്ന കാര്യം ഉറപ്പാണ്.
50 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശെരിയാണെങ്കിൽ വീണ്ടും നത്തിങ് നിരാശപ്പെടുത്തി എന്ന് വേണം പറയാൻ. 25000 രൂപയുടെ മിഡ്‌റേഞ്ച് ഫോണുകൾ പോലും 6000 mAh ബാറ്ററി കപ്പാസിറ്റിയും 80 വാട്ട് ഫാസ്റ്റ് ചാർജിംഗും നൽകുമ്പോൾ 5000 പിടിച്ചു നിൽക്കുമോ എന്ന് കണ്ടറിയണം.
50MP ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണത്തിനൊപ്പം സെല്‍ഫി ഇഷ്ടപ്പെടുന്നവർക്കായി 32MP ഫ്രണ്ട് കാമറയും നൽകിയിട്ടുണ്ട്. 12GB വരെ റാമും 512GB സ്റ്റോറേജുമായിട്ടാകും ഫോണ്‍ എത്തുക. നത്തിങ് സ്വന്തമായി വികസിപ്പിച്ചെടുത്ത കസ്റ്റം-ബില്‍റ്റ് എഐ അസിസ്റ്റന്റ് അടക്കമുള്ള എഐ സവിശേഷതകളുമായാണ് ഫോൺ എത്തുക. കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ അറിയാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here