
വർഷങ്ങളുടെ ഹൈപ്പിനും ഗവേഷണങ്ങൾക്കും കാത്തിരിപ്പിനുമൊക്കെ ശേഷം പുതിയ ഫോൺ ഒന്ന് ഇറക്കിയ ഓർമയെ നത്തിങ്ങിനുള്ളു. തങ്ങളുടെ വ്യത്യസ്തത നിറഞ്ഞ ഐഡിയകൾ പ്രയോഗിക്കാൻ നത്തിങ് ഇനിയൊന്ന് മടിക്കും. കാരണം ഈ വർഷം ഇറങ്ങിയ ട്രെൻഡിങ് മീമുകളെ പോലും പിന്നിലാക്കുന്ന തരത്തിലാണ് ഏറ്റവും പുതിയ നത്തിങ് ഫോൺ 3 യെ സോഷ്യൽ മീഡിയ ട്രോളുന്നത്. വ്യത്യസ്തത എന്നത് ഐഡന്‍റിറ്റിയാക്കി വിപണി പിടിച്ചവരാണ് നത്തിങ്.
ആരെയും നോട്ടം പിടിച്ചു പറ്റുന്ന ഡിസൈനും അടിപൊളി കാമറയും പ്രീമിയം ഓ എസും അടക്കം സ്മാർട്ഫോൺ വിപണിയിൽ ഒരു പുതിയ ട്രെൻഡിന് തന്നെ തുടക്കമിട്ടിരുന്നു നത്തിങ്ങും അതിന്‍റെ സിഇഒ ആയ കാൾ പേയും.
ALSO READ; എഐ ചാറ്റ്ബോട്ടുകളിൽ പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ലേ; പ്രോംപ്റ്റുകൾ നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ
എന്നാൽ, അവസാനം ഇറങ്ങിയ നത്തിങ് ഫോൺ 3 എ പ്രോ അതിന്റെ വിചിത്രമായ ഡിസൈൻ കൊണ്ട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വ്യത്യസ്‍തത കുറച്ചു കടന്നു പോയോ എന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ പരിഹസിച്ചു കൊണ്ട് ചോദ്യമുയർത്തി. എന്നാൽ, വിമർശനങ്ങളിൽ തളരാതെ മുന്നോട്ട് പോയ നതിങ്ങിന്, പക്ഷെ ഇന്നലത്തെ റിലീസിൽ അടിതെറ്റി.
ആരാധകരടക്കം ടെക് ലോകം കാത്തിരുന്ന ഫോൺ, ഡിസൈനിൽ മാത്രമല്ല നിരാശ സമ്മാനിച്ചത്, അതിന്റെ വില കൊണ്ട് കൂടിയായിരുന്നു. വിചിത്രമായ ബാക്ക് ക്യാമറ പാനൽ നത്തിങ്ങിന് ഒരു പുതിയ കാര്യമല്ല, എന്നാൽ 35000 രൂപയുടെ മിഡ്‌റേഞ്ച് ഫോണുകളിൽ ഉള്ള പല പ്രത്യേകതകൾ പോലും ഇല്ലാതെ 12+256 ജിബി വേർഷന്‍റെ വില 79999 രൂപ! ഇതാണ്, സോഷ്യൽ മീഡിയയിൽ കൂടുതൽ പൊങ്കാലയ്ക്ക് കാരണമായത്. നത്തിങ് ഫോണിന്റെ എക്സ് പേജ് അടക്കമുള്ളവയുടെ കമന്റ് ബോക്സിൽ ആരാധകർ അടക്കം പ്രതിഷേധവും നിരാശയും അറിയിച്ച് രംഗത്തെത്തി.
ALSO READ; സുഗമമായ അപ്ഡേറ്റ്, ചെറിയ സൈസ്: വിൻഡോസ് 11 25h2 പ്രിവ്യൂ ബിൽഡ് പുറത്തിറക്കി
1260 x 2800 റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഫ്ലെക്സിബിള്‍ AMOLED ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8എസ് ജെൻ 4 ചിപ്പ് സെറ്റ് , 50 എംപി ടെലിസ്കോപ് അടക്കമുള്ള ട്രിപ്പിൾ റിയർ കാമറ സെറ്റപ്പ്, 65 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500 എംഎഎച്ച് ബാറ്ററി, നതിങ് ഓ എസ് 3 .5 എന്നിങ്ങനെയാണ് പ്രധാന സവിശേഷതകൾ.
ഐക്യുഒ (നിയോ 10), പോകോ (എഫ് 7) തുടങ്ങിയ കമ്പനികൾ ഇതേ ചിപ്പ് ഉള്ള ഫോണുകൾ 35,000 രൂപയിൽ താഴെ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല, വൺപ്ലസ്, റിയൽമി, ഷവോമി അടക്കമുള്ള ഫോണുകൾ 65000 രൂപക്ക് താഴെ, സ്നാപ്പ് ഡ്രാഗണിന്‍റെ ഏറ്റവും ലേറ്റസ്റ്റ് ആയ 8 എലൈറ്റ് നല്കുന്നുണ്ട് എന്നതും മറന്നു പോകരുത്. ഈ വിപണിയിലേക്കാണ് നത്തിങ് തങ്ങളുടെ നമ്പർ സീരീസിലെ പ്രധാനിയുമായി മത്സരിക്കാനെത്തുന്നത്.
വിപണിയിലുള്ള ഫോണുകൾ പലതും 6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിക്ക് മുകളിലും 80 വാട്ട് അതിവേഗ ചാർജിങ് പിന്തുണയും 144 hz റീഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെ തുടങ്ങിയ വാഗ്ദാനം ചെയ്യുമ്പോൾ, നത്തിങ് അക്കാര്യത്തിലും പിറകിലാണ്. മാത്രമല്ല, ഫോൺ വാങ്ങുമ്പോൾ ചാർജർ കൂടെ കിട്ടില്ല എന്നതും മറ്റൊരു വലിയ മൈനസ് പോയിന്റാണ്.
ഇങ്ങനെ നിലവിലെ സ്മാർട്ഫോൺ വിപണയിൽ മിഡ്‌റേഞ്ച് ഫോണുകളോട് മത്സരിച്ചു നിൽക്കാനുള്ള ഫീച്ചറുകൾ മാത്രം വച്ച്, ഫ്ലാഗ്ഷിപ്പുകളുടെ വിലയിൽ ഇറക്കുന്നത് സ്മാർട്ട് ആണോ എന്നാണ് കമ്പനിയോട് ടെക്കികൾ ചോദിക്കുന്നത്. എന്തായാലും നത്തിങിന്‍റെ വ്യത്യസ്തമായ മാർക്കറ്റിംഗ് ട്രിക്കുകൾ കൊണ്ട് ഫോൺ 3 വിപണി പിടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here