ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, പിന്നെ എന്തിന് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലണ്ടനില്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ബിജെപി ആരോപിക്കുന്നത് പോലെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത്.

ലണ്ടനില്‍ വെച്ച് ഇന്ത്യയെ അപമാനിച്ചുവെന്ന ബിജെപിയുടെ ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദ്യത്തിന് ‘പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവര്‍ അനുവദിച്ചാല്‍ സംസാരിക്കും’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സ്പീക്കറുടെ അനുമതി തേടിയിട്ടുണ്ട്. സംസാരിക്കാന്‍ അനുമതി കിട്ടുമോയെന്ന് ഉറപ്പില്ല. പക്ഷെ പാര്‍ലമെന്റില്‍ മറുപടി നല്‍കേണ്ടത് തന്റെ അവകാശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഉള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും നടത്തുന്നതെന്ന് ചൂണ്ടിക്കാണിച്ച രാഹുല്‍ ഗാന്ധി അദാനി മോദി ബന്ധത്തില്‍ ഉയര്‍ത്തിയ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യവും രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചു. രാജ്യത്ത് ജനാധിപത്യം എത്രത്തോളമുണ്ട് എന്നിന്റെ പരീക്ഷണം കൂടിയാണിതെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

ഇന്ത്യന്‍ പാര്‍ലമെന്റിലെ മൈക്കുകള്‍ നിശബ്ദമായെന്നും പ്രതിപക്ഷം ഒരു മൂലക്കൊതുങ്ങിയെന്നും ലണ്ടനിലെ പ്രഭാഷണ പരമ്പരിയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെയാണ് ഇന്ത്യാ വിരുദ്ധപരമാര്‍ശമായി ബിജെപി ആരോപിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. രാഹുലിന് സംസാരിക്കാന്‍ അനുമതി നിഷേധിച്ചാല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ മൈക്കുകള്‍ നിശബ്ദമായെന്നും പ്രതിപക്ഷം മൂലയ്‌ക്കൊതുങ്ങിയെന്നുമുള്ള രാഹുലിന്റെ വിമര്‍ശനമാകും സാധൂകരിക്കപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News