ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ ചിത്രീകരിച്ച് സംപ്രേഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ്. നാളെ മുതല്‍ 4 ദിവസങ്ങളിലായി ചോദ്യം ചെയ്യലിന് ഹാജരാകണം.

അതേസമയം പ്രതികള്‍ക്ക് കോഴിക്കോട് പോക്‌സോ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ. ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് അടക്കം 4 പ്രതികള്‍ക്കാണ് കോഴിക്കോട് പോക്സോ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരോട് കോടതി നിര്‍ദേശിച്ചു.

പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നായിരുന്നു പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതി.

സഹപാഠികള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാര്‍ത്ഥിനികള്‍ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും റിപ്പോട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ അഭിമുഖത്തില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥിനി പറയുന്നുണ്ട്. ഇക്കാര്യത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയും അഭിമുഖത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷിച്ചു.

എന്നാല്‍, പെണ്‍കുട്ടി അങ്ങനെ പീഡനത്തിരയായതായി അറിവായിട്ടില്ല. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയായ പെണ്‍കുട്ടിയായി ചിത്രീകരിക്കുകയായിരുന്നു. കോഴിക്കോട് സ്റ്റുഡിയോയില്‍ വെച്ചാണ് അഭിമുഖം ചിത്രീകരിച്ചതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here