
എൻഎസ്എസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധവുമായി കരയോഗ അംഗങ്ങൾ. തൃശൂർ മാള കുഴൂരിലാണ് സംഭവം. മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
മാള കുഴൂർ 2143 -ാം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച യോഗാ ദിനാചരണത്തിലാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം കനത്തത്തോടെ മാള പൊലീസ് എത്തി പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ആർഎസ്എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി എൻഎസ്എസിനെ മാറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
Also read: ‘എസ് എഫ് ഐ പരിപാടി സ്ഥലത്തേക്കുള്ള യുവമോർച്ച പ്രതിഷേധം ജനാധിപത്യ വിരുദ്ധം’: വി പി സാനു
ദേശീയ പതാക ഏന്തിയ ഭാരതാംബയുടെ ചിത്രമാണ് ഉപയോഗിക്കേണ്ടത് എന്നും പ്രതിഷേധക്കാർ പറഞ്ഞു. ആർഎസ്എസ് ജില്ലാ പ്രചാരക് കെ സി നടേശനെ യോഗ സന്ദേശം നൽകാനായി ക്ഷണിച്ചതിലും കരയോഗം അംഗങ്ങൾ പ്രതിഷേധിച്ചു. യോഗാ ദിനാചരണത്തിന്റെ മറവിൽ ബിജെപിയുടെ വർഗീയ താല്പര്യങ്ങൾക്ക് സമുദായത്തെയും എൻഎസ്എസിനെയും ഒറ്റു കൊടുക്കരുത്, ആർഎസ്എസ് ബിജെപി നേതൃത്വങ്ങൾക്ക് വീടുപണി ചെയ്യുന്ന കരയോഗം നേതൃത്വം രാജിവെക്കണം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരയോഗം അംഗങ്ങളുടെ പേരിൽ ഫ്ലക്സും പ്രദേശത്ത് ഉയർന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here