
നുണ പറയുന്നതും അത് പൊളിയാതെ കൊണ്ട് പോകുന്നതും പലരുടെയും ശീലമാണ്. ‘ഞാൻ അങ്ങനെ ഇടയ്ക്കൊക്കെ നുണ പറയുമെന്ന്’ ഒരു മടിയുമില്ലാതെ പറഞ്ഞ ഒരു ജനപ്രതിനിധിയെ കുറിച്ച് നമ്മൾ കുറച്ചായി കേൾക്കുന്നു. ആ പ്രമുഖനേതാവിന്റെ നുണകളെ കുറിച്ചുള്ള വാർത്തകൾക്കും കുറവില്ല. സംഭവം ക്ലിക്കായതോടെ നേതാവിന്റെ നുണകൾക്കായി പേജ് തന്നെ തുടങ്ങി. ഈ ‘അത്യപൂർവ്വ പ്രതിഭ’യുടെ നുണകൾ പൊളിച്ചടുക്കാൻ ഇറങ്ങിത്തിരിച്ച സൈബർ പോരാളികൾ ഇപ്പോൾ നടുക്കത്തിലാണ്. ഇത്രയും ചുരുങ്ങിയ കാലയളവിൽ ഒരാൾക്ക് ഇത്രയധികം നുണകൾ പറയാൻ എങ്ങനെ സാധിക്കുന്നു എന്നാണ് ഫാക്ട് ചെക്കേഴ്സ് അത്ഭുതപ്പെടുന്നത്.
ഈ നുണപ്രചാരണം സഹിക്കവയ്യാതെ നമ്മുടെ നേതാവിന്റെ അനുയായികൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്ത് പേജുകൾ ഓരോന്നായി പൂട്ടിക്കുന്നുണ്ടെങ്കിലും, ഫീനിക്സ് പക്ഷിയെപ്പോലെ പുതിയ പേജുകൾ അവതരിക്കുകയാണ്. ഫെബ്രുവരി 13-ന് തുടങ്ങിയ ആദ്യ പേജ് 123K ഫോളോവേഴ്സുമായി ഫെബ്രുവരി 26-ന് പൂട്ടിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ ഭാവമില്ലാത്തവർ ഫെബ്രുവരി 27-ന് അടുത്ത പേജ് ലോഞ്ച് ചെയ്തു. അതും 95K ഫോളോവേഴ്സ് ആയപ്പോൾ മാർച്ച് 13-ന് പൂട്ടിച്ചു.
നേതാവിന്റെ നുണകൾ പൊളിക്കാൻ മാർച്ച് 14-ന് തുടങ്ങിയ “നുണേശൻ 3.0” എന്ന പുതിയ പേജ് ഇന്ന് (മാർച്ച് 15) വെറും ഒരൊറ്റ ദിവസം കൊണ്ട് 50,000 ഫോളോവേഴ്സ് എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുകയാണ്! റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്തോറും പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരുന്ന ഈ പ്രതിഭാസത്തെ കണ്ട് പ്രമുഖ നേതാവിന്റെ ‘ഭക്തർ’ അന്തംവിട്ടിരിക്കുകയാണ്. എന്തായാലും ഇതിനെയും തകർക്കാനായിരിക്കും അനുയായികളുടെ അടുത്ത ശ്രമം. എന്തൊക്കെ ആണെങ്കിലും ആ പ്രമുഖ നേതാവിന്റെ നുണകളെ കുറിച്ചുള്ള സത്യങ്ങൾ ഇനിയും പുറത്തുവന്നുകൊണ്ടിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

