ആത്മാഭിമാനമുണ്ടെങ്കിൽ കണക്ക് പുറത്തുവിടു; പുനർജനി പദ്ധതിയിൽ സതീശനെ വെല്ലുവിളിച്ച് എൻ വി വൈശാഖൻ

തയ്യൽ മെഷീൻ കൊടുത്തത് പോലും ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്‌ത് കയ്യടി നേടാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആത്മാഭിമാനമുണ്ടെങ്കിൽ പുനർജനി പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ കണക്കുകൾ പുറത്തുവിടണമെന്ന് ഡി വൈ എഫ്‌ ഐ തൃശൂർ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ.

Also Read: ഷാജന്‍ സ്കറിയയ്ക്കായി ബംഗളൂരുവിലും പുനെയിലും അന്വേഷണ സംഘത്തിന്‍റെ തെരച്ചില്‍

നാളിതുവരെ പ്രതിപക്ഷ നേതാവ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുനർജനിയായും അല്ലാതെയും കേവലം എൺപത്തിമൂന്ന് വീടുകളുടെ വിവരം മാത്രമാണ് പങ്കു വച്ചിട്ടുള്ളത്. അപ്പോൾ ഇന്നലെ വരെ അവകാശപ്പെട്ടിരുന്ന 229 വീടുകളുടെ എണ്ണമെവിടെയാണ് ?. എൺപത്തിമൂന്ന് വീടുകളുടെ ലിസ്‌റ്റ് പുറത്ത് വിടുകയും, നൂറ്റി നാൽപ്പത്തിയാറെണ്ണം പുറത്ത് വിടാതിരിക്കുകയും ചെയ്യുന്നത് തീർത്തും ദുരൂഹമല്ലേയെന്നും 83 പേർക്കില്ലാത്ത അഭിമാന പ്രശ്നം നൂറ്റി നൽപ്പത്തിയാറു പേർക്കുണ്ട് എന്ന ന്യായവാദവുമായി ദയവ് ചെയ്‌ത് വരരുതെന്നും വൈശാഖൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Also Read: തലസ്ഥാന മാറ്റം , സ്വകാര്യ ബിൽ അനവസരത്തിൽ; ഹൈബിയെ തള്ളി കൊടിക്കുന്നിൽ സുരേഷ്

ഫേസ്‌ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

പുനർജനി വീടിന്റെ ലിസ്റ്റുകൾ പ്രതിപക്ഷ നേതാവ് പുറത്തുവിടുന്ന ലക്ഷണമില്ല, എന്നാൽ ഞങ്ങൾ തന്നെ പുറത്ത് വിടാം, അതിന് വേണ്ടി മാത്രമാണീ കുറിപ്പ്, തെറ്റുണ്ടെങ്കിൽ അദ്ദേഹത്തിന് എന്നെ തിരുത്താവുന്നതും, അതല്ലെങ്കിൽ എനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാവുന്നതുമാണ്.

നാളിതുവരെ ബഹു. പ്രതിപക്ഷ നേതാവ് തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെപുനർജനിയായും അല്ലാതെയും കേവലം എൺപത്തിമൂന്ന് വീടുകളുടെ വിവരം മാത്രമാണ് പങ്കു വച്ചിട്ടുള്ളത്. അതായത് ഒരു തയ്യൽ മെഷീൻ കൊടുത്തത് പോലും എഫ് ബിയിൽ ചിത്രം പോസ്റ്റ് ചെയ്‌ത് കയ്യടി നേടാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ്, അദ്ദേഹം നൽകിയെന്ന് പറയപ്പെടുന്ന വീടുകളുടെ സ്വന്തം പേജിലെ കണക്കാണ് എൺപത്തിമൂന്ന്.

അപ്പോൾ ഇന്നലെ വരെ അവകാശപ്പെട്ടിരുന്ന ഇരുന്നൂറ്റി ഇരുപത്തിയൊൻപത് വീടുകളുടെ എണ്ണമെവിടെയാണ്..? എൺപത്തിമൂന്ന് വീടുകൾക്ക് ശേഷം ബാക്കിയുള്ള നൂറ്റി നാൽപ്പത്തിയാറു വീടുകളുടെ വിവരമെവിടെ…? ചിത്രങ്ങൾ എവിടെ…? ഓർക്കുക പുനർജനിയിൽ ഇരുന്നൂറ്റി ഇരുപത്തിയൊൻപതു വീടുകൾ വച്ച് നൽകി എന്നത് അങ്ങയുടെ മാത്രം അവകാശ വാദമാണ് ഞങ്ങളുടെയല്ല. വീട് തറക്കല്ലിടൽ മുതൽ താക്കോൽ ദാനം വരെയുള്ള അങ്ങയുടെ പോസ്റ്റുകൾ പ്രളയാനന്തരം 2018 ഒക്ടോബർ 30നാണ് ആദ്യമായി വന്നത്. അവസാനത്തേത് 2021 സെപ്തംബർ 12 ആണ്. ഇതിനിടയിലെ കണക്കാണ് എൺപത്തിമൂന്ന് ഓർക്കുക എൺപത്തിമൂന്ന് മാത്രം. അതിൽ തന്നെ അവസാനത്തെ പോസ്റ്റുകളിൽ ഗുണഭോക്താക്കളുടെ വിവരവും ഇല്ല, വീടുകളുടെ എണ്ണം മാത്രം.

മുൻപ് തറക്കല്ലിട്ടവ ഇരട്ടിപ്പായി വന്നിട്ടുണ്ടോ എന്ന് ഈ അവസരത്തിൽ ചോദിക്കുന്നില്ല. കേവലം പത്തൊൻപത് വീടുകൾ മാത്രമാണ് സ്പോൺസർമാരുടെ പേരില്ലാതെയും ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റിയെന്ന എൻ ജി ഒ സഹകരണത്തോടെയും പണി തീർത്തതായി അങ്ങയുടെ അവകാശവാദമുള്ളൂ, അതിലെ ഗുണഭോക്താക്കൾക്ക് എല്ലാം തന്നെ റീബിൽഡ് കേരള ഫണ്ട് ലഭിച്ചിട്ടുമുണ്ട്. പുനർജനിയെന്ന് അവകാശപ്പെടുന്ന അൻപതു വീടുകളും പൂർണ്ണമായും സ്പോൺസർമാർ (റോട്ടറി ക്ളബ്, ആസ്റ്റർ, സായിഗ്രാമം ട്രസ്റ്റ്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചിൻ ജോഷ്വാ ജനറേഷൻ മിനിസ്ട്രീസ്, യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ സംഘടന,ലക്ഷ്യ ഗ്രൂപ്പ്, ഫാ.താണിയത്ത് ട്രസ്റ്റ്, ജോയ് ആലുക്കാസ് ഗ്രൂപ്പ്, കൊച്ചിൻ കാർഡിയാക്ക് ഫോറം, ഒഐസിസി, .മസ്കത്ത് കോസി മോഡുലാർ ഹോംസ്, സൗമിനി ജയൻ, വർഗിസ് കുര്യാക്കോസ് തുടങ്ങിയവർ) വെച്ചു കൊടുത്തതാണ്.

നേരത്തെ പറഞ്ഞ എൺപത്തിമൂന്നിൽൽ തന്നെ പതിനാല് വീട് പുനർജനിയെന്ന അവകാശവാദം പോലുമില്ല, അങ്ങ് തറക്കല്ലിട്ടതോ താക്കോൽ കൈമാറിയതോ ആയ വീടുകളാണ്. അതിനെല്ലാം പുറമെ കെപിസിസി വച്ച് നൽകിയ രണ്ട് വീടുകളെയും പുനർജനി എന്ന് അവകാശപ്പെട്ടിട്ടുണ്ട്, ഏതാണ്ട് ഇരന്ന് തിന്നുന്നവനെ തുരന്ന് തിന്നുക എന്ന് പറയില്ലേ അത് തന്നെ. പ്രതിപക്ഷ നേതാവേ അങ്ങയുടെ ഫേസ്ബുക്കിൽ അങ്ങ് പോസ്റ്റ് ചെയ്ത വീടുകളുടെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഞാനിത് പറയുന്നത്.

എൺപത്തിമൂന്ന് വീടുകളുടെ ലിസ്റ്റ് പുറത്ത് വിടുകയും, നൂറ്റി നാൽപ്പത്തിയാറെണ്ണം പുറത്ത് വിടാതിരിക്കുകയും ചെയ്യുന്നത് തീർത്തും ദുരൂഹമല്ലേ…? എൻപത്തിമൂന്ന് പേർക്കില്ലാത്ത അഭിമാന പ്രശ്നം നൂറ്റി നൽപ്പത്തിയാറു പേർക്കുണ്ട് എന്ന ന്യായവാദവുമായി ദയവ് ചെയ്ത് വരരുത്, ഇനി അന്വേഷണ ഏജൻസികളുടെ മുൻപിൽ വീടുകളുടെ എണ്ണം ആരും ചോദിക്കാനിടയില്ലപിരിച്ച തുക സംബന്ധിച്ച വിവരങ്ങൾ അതായത് ഏത് അക്കൗണ്ട് വഴി, എന്തിന് ചിലവഴിച്ചു അത് മാത്രം മതിയാകും.

അതിൽ തന്നെ അങ്ങ് പരസ്യപ്പെടുത്തിയ ലിസ്റ്റ് പുറത്ത് വിട്ട് കഴിഞ്ഞ തെളിവാണ് താനും… ഇപ്പഴും ഒന്നേ ആവർത്തിക്കാനുള്ളൂ, ആത്മാഭിമാനമുണ്ടെങ്കിൽ അങ്ങയുടെ വിശുദ്ധി അങ്ങ് തന്നെ ഉയർത്തി പിടിക്കൂ. ജനങ്ങളുടെ മുന്നിൽ സുതാര്യതക്കായെങ്കിലും വീടുകളുടെ ലിസ്റ്റ് പുറത്ത് വിടൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News