
ചരിത്രം കുറിച്ച് ആഗോള ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയ കോർപ്പറേഷൻ. ഓഹരികളിൽ വൻ കുതിപ്പ് നടത്തിയതോടെ, ലോക ചരിത്രത്തിലാദ്യമായി 4 ട്രില്യൺ ഡോളർ വിപണി മൂലധനം എന്ന നേട്ടത്തിലെത്തുന്ന കമ്പനിയായി എൻവിഡിയ. ആപ്പിളിന്റെയും മൈക്രോസോഫ്റ്റിന്റെയും റാങ്കിംഗുകളെ മറികടന്നാണ് വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ ഏറ്റവും വലിയ പബ്ലിക് ലിസ്റ്റഡ് കമ്പനിയായി ജെന്‍സന്‍ ഹുവാങ്ങ് നേതൃത്വം നൽകുന്ന ഈ ടെക് ഭീമൻ മാറുന്നത്.
യുഎസ് സ്റ്റോക്ക് മാർക്കറ്റിൽ ബുധനാഴ്ച നടന്ന ഇൻട്രാഡേ സെഷനിൽ എൻവിഡിയ ഓഹരികൾ 2.76% നേട്ടമുണ്ടാക്കി. എക്കാലത്തെയും ഉയർന്ന വിലയായ $164.42 വരെ എത്തുകയും ചെയ്തു. അതിവേഗത്തിലാണ് 4 ട്രില്യൺ എന്ന നേട്ടം കമ്പനി സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്.
‘കമ്പനി മാർക്കറ്റ്കാപ്പി’ന്‍റെ ഡാറ്റ പ്രകാരം, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഏറ്റവും വലിയ കമ്പനികളിൽ നിലവിൽ എൻവിഡിയ ലീഡർബോർഡിൽ ഒന്നാം സ്ഥാനത്തും, മൈക്രോസോഫ്റ്റ് 3.751 ട്രില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തും, ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ 3.135 ട്രില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തുമാണ്.
1993-ൽ സ്ഥാപിതമായ കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി, 2024 ഫെബ്രുവരിയിലാണ് ആദ്യമായി മൂല്യത്തിൽ 2 ട്രില്യൺ ഡോളർ കടക്കുന്നത്. ജൂൺ ആയപ്പോഴേക്കും മൂല്യം 3 ട്രില്യൺ ഡോളർ കവിഞ്ഞു. 2022 അവസാനത്തോടെ ചാറ്റ് ജിപിടി ആരംഭിച്ചതിനു ശേഷം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തുണ്ടായ കുതിച്ചു ചാട്ടവും, എഐ ഹാർഡ്‌വെയറിനും ചിപ്പുകൾക്കുമുള്ള വർധിച്ചു വരുന്ന ആവശ്യകതയും എൻവിഡിയക്ക് വിപണിയിൽ ഉള്ള ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

