
തൃശൂരിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. അനാശാസ്യ കേന്ദ്രത്തിലാണ് സംഭവം. ഒഡീഷ സ്വദേശി ദൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്.
ക്രൂര മർദനത്തിന് പിന്നാലെയാണ് ദൻപത് നായ്കിന്റെ മരണം. ഇക്കഴിഞ്ഞ 18ന് രാത്രി 10 മണിക്ക് തൃശൂർ കോരപ്പത്ത് ലൈനിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരും ഇടപാടിനെത്തിയവരും എല്ലാം ഇതര സംസ്ഥാനക്കാരാണ്.
ഒഡീഷ, ആസാം സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെയുള്ള എട്ടംഗസംഘമാണ് കൊലപാതകത്തിന് പിന്നിൽ. കൊല്ലപ്പെട്ട ദൻപത് നായ്ക്കും ഇതര സംസ്ഥാനക്കാരായ രണ്ടു സുഹൃത്തുക്കളും ചേർന്നാണ് ഈ കേന്ദ്രത്തിലേക്ക് എത്തിയത്. മൂവരും തൃശ്ശൂർ എംജി റോഡിലെ ഹോട്ടലിലെ ജീവനക്കാരാണ്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം സർവീസ് മോശമാണെന്ന് പറഞ്ഞ് പണത്തെ ചൊല്ലി തർക്കം ഉടലെടുക്കുകയായിരുന്നു. ഇതോടെ കേന്ദ്രം നടത്തിപ്പുകാരായ എട്ടംഗ സംഘം മൂവരെയും ക്രൂരമായി മർദിച്ചു. ഇടി വള ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദനം. ക്രൂരമായ മർദ്ദനത്തിനുശേഷം പ്രതികൾ മൂവരെയും കാറിൽ കയറ്റി കോട്ടപ്പുറത്തെ താമസ സ്ഥലത്ത് ഇറക്കിവിട്ടു.
ദൻപദ് നായിക്ക് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്ന് പുലർച്ചയാണ് മരിച്ചത്. സംഭവത്തിൽ ആസാം – ഒഡിഷ സ്വദേശികളായ ആറുപേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു സ്ത്രീകളും നാല് പുരുഷന്മാരുമാണ് കസ്റ്റഡിയിലുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

