
ഒഡീഷയിലെ പുരിയിലെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ 25-കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പുരി സ്വദേശിനിയായ സുമിത്ര മൊഹാപാത്രയാണ് മരിച്ചത്. ഒരു സ്വകാര്യ പാർട്ടിയിൽ നൃത്ത-സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് സുമിത്ര ഹോട്ടലിലെത്തിയതെന്നാണ് പ്രാഥമിക വിവരം. പരിപാടിക്ക് പിന്നാലെയാണ് ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച കുടുംബം, പാർട്ടിയിൽ പങ്കെടുത്തതിന് ശേഷം സുമിത്രയെ കൊലപ്പെടുത്തിയതാണെന്ന് സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിന് അയച്ചു.
അതേസമയം, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും, നിലവിലെ തെളിവുകൾ പ്രകാരം സുമിത്ര മുങ്ങിമരിച്ചതാണെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

