ഒഡീഷ ട്രെയിൻ ദുരന്തം; ബാലസോറിലെ ട്രാക്ക് പുനഃസ്ഥാപിച്ചെന്ന് റെയിൽവെ മന്ത്രി

ബാലസോർ അപകടസ്ഥലത്തെ അപ്‌ലൈനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് പുനഃസ്ഥാപിച്ചതായും ഓവർഹെഡ് വൈദ്യുതീകരണ ജോലികളും ആരംഭിച്ചതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു.

“16.45 മണിക്കൂറിൽ അപ്-ലൈനിന്റെ ട്രാക്ക് ലിങ്കിംഗ് പൂർത്തിയായി. ഓവർഹെഡ് വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു,” അശ്വിനി വൈഷ്ണവ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.

അതേസമയം, ഹൗറയെ ബന്ധിപ്പിക്കുന്ന ഡൗൺലൈൻ പുനഃസ്ഥാപിച്ചതായി അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.ബാലസോർ അപകടസ്ഥലത്ത് ലൂപ്പ് ലൈനുകൾ ഉൾപ്പെടെയുള്ള എല്ലാ ട്രാക്കുകളും ശരിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓവർഹെഡ് ഇലക്ട്രിക് കേബിൾ നന്നാക്കുന്നതുവരെ, അറ്റകുറ്റപ്പണികൾ നടത്തിയ രണ്ട് ലൈനുകളിൽ ഡീസൽ ലോക്കോമോട്ടീവുകൾ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയൂ.

ഓവർഹെഡ് ഇലക്‌ട്രിക് ലൈനുകൾ നന്നാക്കിയാൽ വൈദ്യുത ട്രെയിനുകൾ ഓടിത്തുടങ്ങും. ഇതിന് മൂന്ന് ദിവസം കൂടി വേണ്ടിവരുമെന്ന് അവർ സൂചിപ്പിച്ചു. രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ ഇതുവരെ 275 പേരുടെ ജീവനാണ് നഷ്ടപെട്ടത്. 900-ഓളം പേർക്ക് അപകടത്തിൽ പരുക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നവീൻ പട്‌നായിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. പരുക്കേറ്റവർ നിലവിൽ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവെ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News