
ലോകകപ്പിൽ അതിവാശിയേറിയ പോരാട്ടമായിരുന്നു ദക്ഷിണകൊറിയയും ചെക്കിയയും തമ്മിൽ നടന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണകൊറിയ. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടു ഗോൾ തിരിച്ചടിച്ച് കൊറിയയുടെ മാസ്മരിക പ്രകടനം.
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി നിൽക്കുമ്പോൾ എൻപതാം മിനിട്ടിലാണ് കൊറിയയുടെ വിജയഗോൾ പിറക്കുന്നത്. ക്ലിനിക്കൽ ഫിനിഷിലൂടെ ഓ ഹ്യൂഗ്യൂ ആയിരുന്നു അവരുടെ വിജയശിൽപിയായി മാറിയത്. വലതുവശത്തുനിന്ന് ബോക്സിലേക്ക് ഇൻ ബൂം ഹ്വാങ് നീട്ടി നൽകിയ പാസിന് കൃത്യമായി കാൽവെച്ചാണ് ഓ ഹ്യൂഗ്യൂ ലക്ഷ്യം കണ്ടത്.
Also Read- Fifa World cup | കൊറിയൻ ത്രില്ലർ! ചെക്കിയയെ 2-1ന് വീഴ്ത്തി
പനിച്ചുവിറച്ചു കിടന്ന ഓ ഹ്യൂഗ്യൂ ഇന്നത്തെ മത്സരത്തിൽ കളിക്കാനാകുമോയെന്ന് ഉറപ്പില്ലായിരുന്നു. ദക്ഷിണകൊറിയൻ നിരയിൽ അവിഭാജ്യഘടകമായിരുന്ന ഓ ഹ്യൂഗ്യൂവിനെ കളിപ്പിക്കാൻ മത്സരത്തിന് തൊട്ടുമുമ്പാണ് ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. മത്സരത്തിന് മുമ്പ് ഓ ഹ്യൂഗ്യുവിന്‍റെ ശരീര താപനില 38 ഡിഗ്രി സെൽഷ്യസായിരുന്നു. ആന്‍റിബയോട്ടിക്ക് മരുന്നുകളും ഇഞ്ചക്ഷനും തുടർച്ചയായി നൽകിയാണ് താരത്തെ കളത്തിലിറക്കിയത്.
ഇതേക്കുറിച്ച് ഓ ഹ്യൂഗ്യൂ പറയുന്നത് ഇങ്ങനെയാണ്, “എനിക്ക് കളിക്കാൻ പോലും കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു. ഞങ്ങളുടെ സ്റ്റാഫും മെഡിക്കൽ ടീമും വലിയ പിന്തുണയാണ് നൽകിയത്. ലോകകപ്പിൽ കളിക്കാനായതും ഗോൾ നേടാനായതും വളരെ അഭിമാനകരമായ കാര്യമാണ്”.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

