ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സ് പ്രസവമുറിയായി, അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ധന്യയും, സീനയും

വയനാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സ് പ്രസവമുറി ആയി. അമ്മയ്ക്കും കുഞ്ഞിനും രക്ഷക്കാരായി കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ തോമസും, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സീന എം.എസ്സും. വയനാട് പൊഴുതന ഇടിയംവയല്‍ ഈ.എം.എസ് കോളനിയിലെ 30 വയസുകാരിയാണ് ആംബുലന്‍സില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ബുധനാഴ്ച രാത്രി 11.40നാണു സംഭവം. രാത്രി 11 മണിയോടെയാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത്. ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് സുവിലേഷ് എസ്.വി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ തോമസ് എന്നിവര്‍ ആശുപത്രിയില്‍ എത്തി യുവതിയുമായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചു.

ഇവര്‍ക്ക് സഹായം ഒരുക്കി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സീന എം.എസ്സും ആംബുലന്‍സില്‍ രോഗിയെ അനുഗമിച്ചു. ആംബുലന്‍സ് മില്ല് മുക്ക് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ധന്യയും, സീനയും നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ആപത്ത് ആണെന്ന് മനസ്സിലാക്കി ആംബുലന്‍സില്‍ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. രാത്രി 11.40 ന് ധന്യയുടെയും സീനയുടെയും പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ധന്യയും, സീനയും ചേര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് സുവിലേഷ് അമ്മയെയും കുഞ്ഞിനെയും മാനന്തവാടി മെഡിക്കല്‍കോളേജില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News