
പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥിനി കോളജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരുന്നത്. പ്രതികളില്‍ ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ്. കോളേജിലെ മുന്‍ വിദ്യാര്‍ഥിയും ടിഎംസിയുടെ നിലവിലെ വിദ്യാര്‍ഥി വിഭാഗം നേതാവുമാണ് പിടിയിലായ പ്രതി മനോജിത്ത് മിശ്ര. ഛത്രപരിഷത്തിന്റെ യൂണിറ്റ് പ്രസിഡന്റുമാണ് പ്രതി. സായിബ് അഹമ്മദ്,പ്രമിത് മുഖര്‍ജി എന്നിവരാണ് മറ്റു രണ്ടു പ്രതികള്‍. പെണ്‍കുട്ടിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കോളജിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികളെ പോലീസ് പിടിച്ചുമാറ്റിയതോടെ ക്യാമ്പസില്‍ വിദ്യാര്‍ഥികളും പോലീസുമായി സംഘര്‍ഷമുണ്ടായി.
പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു മഹിളാ സംഘടന അഖിലേന്ത്യാ മഹിളാ സംസ്‌കൃതിക് സംഘടന(AIMSS ) എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.
Also read –
നിലവില്‍ പ്രതികളെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും കൊല്‍ക്കത്ത പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം.
കൊല്‍ക്കത്തക്ക് സമീപം കസ്ബയില്‍ ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്.
വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത പുറത്തുവന്നതോടെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ബംഗാളില്‍ ദിനം പ്രതി ഉയരുകയാണ്. ബംഗാളില്‍ നിയമവാഴ്ച ഇല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മമതയുടെ ഭരണത്തിന് കീഴിയില്‍ ബംഗാള്‍ സ്ത്രീകള്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നെന്നും ആരോപണം ഉണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here