
ഇറാന്- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കി വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷന്‍ സിന്ദുവിലൂടെ അഞ്ച് സംഘങ്ങളിലായി ഇതുവരെ 1,117 പേരെ നാട്ടിലെത്തിച്ചു. ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇറാനില്‍ നിന്നും ഇന്ത്യക്കാരുമായി എത്തും.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ അഞ്ച് വിമാനങ്ങളാണ് ദില്ലിയിലെത്തിയത്. 1117 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം മൂന്ന് വിമാനങ്ങളാണ് ഇറാനില്‍ നിന്നും ഓപ്പറേഷന്‍ സിന്ദുവിന്റെ ഭാഗമായി എത്തിയത്.
മലപ്പുറം സ്വദേശിനിയായ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും. ഇതില്‍ കൂടുതല്‍ മലയാളികള്‍ ഉണ്ടെന്നാണ് വിവരം. തിരിച്ചുവന്നവരില്‍ ഭൂരിഭാഗവും കശ്മീര്‍ സ്വദേശികളാണ്. ദില്ലി, ഹരിയാന, ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുളളവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, തീര്‍ത്ഥാടകരും ജോലിക്കാരും സംഘത്തിലുണ്ട്.
സംഘര്‍ഷമേഖലകളില്‍ നിന്നെത്തുന്ന മലയാളികളെ സഹായിക്കാന്‍ ദില്ലി കേരളഹൗസില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. നേപ്പാള്‍, ശ്രീലങ്ക സര്‍ക്കാരുകളുടെ അഭ്യര്‍ഥനമാനിച്ച് ഇരു രാജ്യങ്ങളില്‍നിന്നുള്ളവരെയും ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമാക്കുമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇറാന് പുറമെ, ഇസ്രയേലില്‍ നിന്നും ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കാനുളള നീക്കവും വിദേശകാര്യമന്ത്രാലയം ആരംഭിച്ചു. തിരികെ വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ റോഡ് മാര്‍ഗ്ഗം ജോര്‍ദാനിലെത്തിച്ച് അമ്മാന്‍ വിമാനത്താവളം വഴി നാട്ടിലെത്തിക്കാനാണ് നീക്കം. അതേസമയം ഇറാന്‍ വ്യോമപാത തുറന്നുകൊടുത്തതാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സുഗമമായി മുന്നോട്ടു പോകാന്‍ സഹായകരമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here