
പാതിവില തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു വിഷയം ഉന്നയിക്കാനിരുന്നത്. എന്നാൽ അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിനിടെ പൊടുന്നനെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പാതിവില തട്ടിപ്പിൽ കോൺഗ്രസ് നേതാക്കളുടെ പങ്കെടുക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉണ്ടാകും എന്ന സാഹചര്യത്തിൽ കൂടിയായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു എന്ന് ആരോപിച്ച് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന്മേൽ മന്ത്രിമാരായ ഒ ആർ കേളുവിന്റെയും കെ എൻ ബാലഗോപാലിന്റെയും മറുപടിയെ തുടർന്ന് വാക്ക് ഔട്ട് പ്രസംഗം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രസംഗം അവസാനിപ്പിക്കാൻ സമയമായി എന്ന് സ്പീക്കർ ഓർമ്മിപ്പിച്ച ഉടൻ തന്നെ പ്രതിപക്ഷ നേതാവിന്റെയും അംഗങ്ങളുടെയും അതുവരെയുള്ള രീതി പൊടുന്നനെ മാറുകയായിരുന്നു.
അടിയന്തര പ്രമേയത്തിന് പിന്നാലെ ശ്രദ്ധ ക്ഷണിക്കൽ കഴിഞ്ഞാൽ ആദ്യ സബ്മിഷൻ ആയാണ് പാതിവില തട്ടിപ്പ് പ്രതിപക്ഷനേതാവ് ഉന്നയിക്കാൻ ഇരുന്നത്. മുഖ്യമന്ത്രിയുടെ മറുപടിയിൽ സ്വാഭാവികമായും കോൺഗ്രസ് നേതാക്കൾക്കെതിരായ പരാമർശം ഉണ്ടാകും എന്നതും പ്രതിപക്ഷത്തിന് വ്യക്തമായിരുന്നു. ഈയൊരു സാഹചര്യത്തിലായിരുന്നു മുൻകൂട്ടി തയ്യാറാക്കിയത് പ്രകാരമുള്ള പ്രതിഷേധം.
Also read: യു ജി സി മാർഗ്ഗരേഖ സംസ്ഥാന മാനദണ്ഡങ്ങൾക്ക് യോജിക്കാത്തത് : മന്ത്രി ആർ ബിന്ദു
ഇതിൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറിയ പ്രതിപക്ഷ നേതാവ് സ്പീക്കർക്കെതിരെ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ സ്പീക്കർ വേഗത്തിൽ പൂർത്തിയാക്കി. സുപ്രധാനമായ വയോജന ബില്ല് , വ്യാവസായിക അടിസ്ഥാന സൗകര്യ ഭേദഗതി ബില്ല് എന്നിവ ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്കും വിട്ടു. തുടർന്ന് നിയമസഭ പിരിഞ്ഞു. മാർച്ച് മൂന്നിനാണ് ഇനി സഭ ചേരുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here