
ആരോഗ്യരംഗത്തെ ഇകഴ്ത്തിക്കാണിക്കുന്ന പ്രചാരണം ജനദ്രോഹ നിലപാടാണെന്നും സ്വകാര്യ കച്ചവടക്കാര്‍ക്ക് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ. സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. വികസന പ്രവര്‍ത്തനങ്ങളെ തടയുക എന്ന ലക്ഷ്യവുമായാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സഹായം നിഷേധിച്ചപ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുന്നു. ഗവര്‍ണറെ ഉപയോഗപ്പെടുത്തി കേന്ദ്രം വികസനപാത തടസ്സപ്പെടുത്തിയപ്പോള്‍ യു ഡി എഫ് പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയില്‍ കേരളം വലിയ നേട്ടമാണ് ഉണ്ടാക്കിയത്. അവയ്‌ക്കെതിരായി വമ്പിച്ച പ്രചാരവേലയാണ് യു ഡി എഫും ചില മാധ്യമങ്ങളും നടത്തുന്നത്. കേരളത്തില്‍ വികസനം വഴിമുട്ടിയില്ല. കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമായി മികച്ച നേട്ടമുണ്ടാക്കിയ മേഖലകളെ എല്ലാം കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നു. വിവിധ തരം അപവാദ പ്രചാരണങ്ങള്‍ നടക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങള്‍ക്കതിരെ വലിയ പ്രചാരവേലകള്‍ പ്രതിപക്ഷം നടത്തുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യ മേഖലയില്‍ വലിയ സൗകര്യങ്ങള്‍ ഉണ്ടായി.
സ്വകാര്യ ആശുപത്രികള്‍ വലിയ തോതില്‍ കോര്‍പറേറ്റുകള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത ഇപ്പോഴുണ്ട്. ജനകീയ ആരോഗ്യ പ്രസ്ഥാനത്തിനെതിരെ വലിയ പ്രചരണമാണ് മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത്. ആരോഗ്യരംഗത്തെ ഇകഴ്ത്തി കാണിച്ചുകൊണ്ട് നടത്തുന്ന പ്രചാരണം ജനദ്രോഹ നിലപാടാണ്. പൊതുജനാരോഗ്യ പ്രസ്ഥാനത്തിന്റെ ഇടപെടല്‍ ശക്തി കുറയ്ക്കണം എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് അപകടകരമാണ്. നിലവിലെ പ്രചാരണത്തിന് പിന്നിലെ ദുഷ്ടലാക്ക് തുറന്നുപറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. യു ഡി എഫും മാധ്യമങ്ങളും ചേര്‍ന്ന് ജനകീയ ആരോഗ്യ മേഖലയെ കടന്നാക്രമിക്കുന്നു. സ്വകാര്യ കച്ചവടക്കാര്‍ക്ക് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
ലോകമാതൃകയെ മായ്ക്കാനോ തെറ്റായി ചിത്രീകരിക്കാനോ ആണ് ശ്രമിക്കുന്നത്. സ്വകാര്യമേഖലക്ക് വേണ്ടിയുള്ള പ്രചാരവേല ജനദ്രോഹ നടപടിയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞുണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിനെതിനായി യു ഡി എഫും പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ഇതിനെ വലിയതോതില്‍ ഉപയോഗിക്കുന്നു. വസ്തുത വസ്തുതയായി പറയാന്‍ തയ്യാറാകുന്നില്ല. മരണപ്പെട്ട കുടുംബത്തിന്റെ വേദന നമ്മെ വേദനിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ അടിയന്തരമായി ആ കുടുംബത്തിന്റെ ആശ്വാസ നടപടികളിലേക്ക് പോകണം. 564 കോടി രൂപയുടെ പദ്ധതിയാണ് കോട്ടയം മെഡിക്കല്‍ കോളേജിൽ നടപ്പാക്കിയത്. കെട്ടിടങ്ങളുടെ ബലക്ഷയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് നടപടി സ്വീകരിച്ചത്. ആരും പ്രതീക്ഷിക്കാതെയാണ് അപകടം ഉണ്ടായത്.
മന്ത്രിമാര്‍ക്ക് എതിരെ വലിയ തോതിലുള്ള പ്രചാരണം നടക്കുന്നു. കെട്ടിച്ചമച്ച പ്രചാരവേലയാണ് മന്ത്രിമാരായ വി എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവര്‍ക്കെതിരെ നടക്കുന്നത്. ഒരു ഘട്ടത്തിലും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടില്ല. അത്തരത്തില്‍ പ്രതിപക്ഷ നേതാവും മറ്റുചിലരും നടത്തുന്ന പ്രചാരണം ശരിയല്ല. ഏതെങ്കിലും തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സമുണ്ടായി എന്ന് ബിന്ദുവിന്റെ കുടുംബം പോലും സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here