
ഒരിടവേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വീണ്ടും ശബരിമല സ്വർണ്ണ മോഷണം ഉന്നയിച്ചതിന് പിന്നിൽ ഡീൽ ആരോപണത്തിൽ നേരിട്ട തിരിച്ചടിയാണ്. ഡീൽ ആരോപണം ചർച്ചയായതോടെ പുറത്തുവന്നത് പതിറ്റാണ്ടുകളായുള്ള കോൺഗ്രസ് ആർഎസ്എസ് കൂട്ടുകെട്ടിൻ്റെ ചരിത്രമായിരുന്നു. സിപിഐഎമ്മിനെതിരെ ഉന്നയിച്ച ആരോപണം കോൺഗ്രസിന് നേരെ തിരിഞ്ഞു കുത്തി എന്ന തിരിച്ചറിവാണ് ചുവട് മാറ്റത്തിന് പിന്നിലെന്നത് ഉറപ്പാണ്.
Also read: ‘മന്ത്രി വീണാ ജോർജ്ജിനെതിരായ ആക്രമണം ആസൂത്രിതം’; വൃന്ദാ കാരാട്ട്
സിപിഐഎം – ബിജെപി ഡീൽ എന്ന ആരോപണമായിരുന്നു ഇന്നലെ വരെ യുഡിഎഫ് കേന്ദ്രങ്ങൾ സജീവമായി പ്രചരണ രംഗത്ത് ഉന്നയിച്ചിരുന്നത്. എന്നാൽ ആരോപണത്തിന് സിപിഐഎം നേതാക്കൾ മറുപടി പറയാൻ ആരംഭിച്ചതോടെ കോൺഗ്രസ് പ്രതിരോധത്തിലായി. കോൺഗ്രസ് ആർഎസ്എസ് രഹസ്യ ബന്ധത്തിൻ്റെ ചരിത്രം പൊതുസമൂഹത്തെ ഓർമ്മിപ്പിക്കാൻ ഡീൽ ആരോപണം അവസരമൊരുക്കി. 1960ൽ ഇഎം എസിനെതിരെയും 71ൽ എകെജി ക്കെതിരെയും, ഒടുവിൽ നേമത്തും തൃശൂരും ഒക്കെയും ഉണ്ടായ അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ചരിത്രവും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഇതോടെ ഡീൽ ആരോപണം തിരിച്ചടിയായെന്ന് തിരിച്ചറിയുകയായിരുന്നു കോൺഗ്രസ്. ഒടുവിൽ പറവൂരിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഡീൽ ആരോപണം ആവർത്തിക്കാതിരിക്കാൻ സതീശൻ ശ്രദ്ധിച്ചിരുന്നു. ഡീൽ ആരോപണത്തിൽ നിന്ന് പിൻമാറിയോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് കുപിതനായാണ് പ്രതിപക്ഷ നേതാവ് പറവൂരിൽ പ്രതികരിച്ചത്.
ഡീലിന് പകരം പ്രതിപക്ഷ നേതാവ് ഇന്ന് ഉന്നയിച്ചത് ശബരിമല സ്വർണ്ണ മോഷണമായിരുന്നു. തിരിച്ചടിയാകുമെന്ന് കണ്ട് കോൺഗ്രസ് ഒരു ഘട്ടത്തിൽ ഉപേക്ഷിച്ച, ശബരിമല സ്വർണ്ണ മോഷണ കേസ്. സ്വർണ്ണം കട്ട പോറ്റിയും കട്ട സ്വർണ്ണം വാങ്ങിയ ഗോവർദ്ധനും കോൺഗ്രസ് എം പി മാർക്കും സോണിയ ഗാന്ധിക്കും ഒപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെയായിരുന്നു അന്നത്തെ പിന്മാറ്റം.
മാത്രമല്ല, ഹൈക്കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണത്തെ തള്ളിപ്പറയാനാവാത്ത സാഹചര്യവും യുഡിഎഫിൻ്റെ പിന്മാറ്റത്തിന് അന്ന് കാരണമായിരുന്നു. പകരം കൊണ്ടുവന്ന ഡീൽ ആരോപണം തിരിഞ്ഞുകുത്തിയതോടെ ഒരിക്കൽ ഉപേക്ഷിച്ച ശബരിമലയിലേക്ക് യു ടേൺ അടിക്കുകയാണ് വിഡി സതീശനും കൂട്ടരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

