
നീതിരഹിതമായ സ്ഥലംമാറ്റ നടപടികൾ തുടരുമെന്ന മന്ത്രി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കരാർ അടിസ്ഥാനത്തിൽ കുടുംബശ്രീയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെ പോലും നോട്ടീസ് കൂടി നൽകാതെയാണ് പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. ഇവർക്കെല്ലാം സ്ഥിരനിയമനത്തിന് അർഹതയുണ്ടെന്ന് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടും എന്നിട്ടും ജോലി നഷ്ടപ്പെടുത്തുന്ന നടപടി മനുഷ്യത്വപരമല്ല എന്നും അദ്ദേഹം വിമർശിച്ചു.
എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്നും, ഇത്തരം അന്യായ ഉത്തരവുകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നൽകുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.സ്ഥലംമാറ്റ ഉത്തരവുകൾ പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചില ഉത്തരവുകൾക്ക് സ്റ്റേ അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മാനദണ്ഡങ്ങൾ മറികടന്ന് ഇതുവരെ നടത്തിയ എല്ലാ സ്ഥലംമാറ്റങ്ങളും സർക്കാർ പുനഃപരിശോധിക്കണമെന്നും, തെറ്റായ ഉത്തരവുകൾ റദ്ദാക്കുന്നതിനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവമാധ്യമങ്ങളിൽ വന്ന ട്രോള് ഷെയർ ചെയ്തതിന്റെ പേരിൽ റിട്ടയർമെൻറ് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കുന്ന ജീവനക്കാരെ പോലും സസ്പെൻഡ് ചെയ്തതും ക്രൂരമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിക്കുകയാണെന്നും ഇത് ജനാധിപത്യ വിരുദ്ധമായ നടപടികളാണെന്നും പ്രതിപക്ഷം ആരോപിച്ചു. സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റുന്നത് സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് നേരത്തെ പ്രതിപക്ഷ അംഗം വി ജോയ് ആവശ്യപെട്ടിരുന്നു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

