
രാജ്യത്തെ സാമ്പത്തിക അനിശ്വിചതത്വത്തിന്റെ പശ്ചാത്തലത്തിൽ ജീവിത ശൈലിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതിഷേധം ശക്തം. കേന്ദ്രസർക്കാരിന്റെ പരാജയം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് പ്രതിപക്ഷം വിമർശിച്ചു. പെട്രോൾ, പാചക വാതക ഇന്ധന ഉപഭോഗം കുറയ്ക്കണം,വിദേശയാത്ര ഒഴിവാക്കണം, സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം തുടങ്ങിയവയായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേന്ദ്രത്തിന്റെ സാമ്പത്തിക തകർച്ച ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിർദ്ദേശങ്ങളുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ എന്ന നിലയിൽ പ്രധാനമന്ത്രി ഏഴ് നിർദേശങ്ങൾ മുമ്പോട്ട് വെച്ചത്. ഇന്ധന ഉപഭോഗം കുറയ്ക്കാൻ കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോം രീതിയും ഓൺലൈൻ മീറ്റിംഗുകളും പുനരാരംഭിക്കണമെന്നാണ് ഒരു നിർദ്ദേശം . പൊതുഗതാഗത്തെ ആശ്രയിക്കാനും, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനും ആഹ്വാനമുണ്ട്. എന്നാൽ ഇന്ധന വില കുറയ്ക്കുന്നതിലോ , ക്ഷാമം പരിഹരിക്കുന്നതിലോ യാതൊരു ഉറപ്പും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.
ALSO READ: ചക്രങ്ങൾ നിലം തൊടുമ്പോഴേക്കും തീപടർന്നു; കാഠ്മണ്ഡു എയർപോർട്ടിൽ ലാൻഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു
എൽപിജി ഇറക്കുമതി പ്രതിസന്ധിയിലായതിനാൽ പാചക വാതക ഉപയോഗം കുറക്കാനും നിർദേശമുണ്ട് . വളം സബ്സിഡി സർക്കാരിന് സാമ്പത്തിക ബാധ്യതയാണ് എന്ന് സൂചിപ്പിച്ച് പ്രകൃതിദത്ത കൃഷിയിലേക്ക് മാറാനാണ് ആഹ്വാനം. വിദേശനാണ്യം ലാഭിക്കാനായി സ്വർണം വാങ്ങുന്നതും വിദേശയാത്രകളും ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. എന്നാൽ സ്വർണ്ണം വാങ്ങിക്കുന്നത് ഒഴിവാക്കണമെന്ന ആഹ്വാനത്തിനെതിരെ ജ്വല്ലറി ഉടമകളുടെ കൂട്ടായ്മ രംഗത്തെത്തി.
ആഗോള വെല്ലുവിളികൾ വിതരണ ശൃംഖലയെ തകർക്കുമ്പോൾ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാനോ രൂപയുടെ മൂല്യത്തകർച്ച പരിഹരിക്കാനോ ശ്രമിക്കാതെ ജനങ്ങളുടെ മേൽ പ്രതിസന്ധി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ വിമർശനം ശക്തമാവുകയാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

