
കേരളത്തിലെ ആരോഗ്യ മേഖലയെ ഇകഴ്ത്തി കാണിക്കാനുള്ള പ്രതിപക്ഷ ശ്രമം ആത്മഹത്യാപരമെന്ന് മന്ത്രി എം ബി രാജേഷ്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ എവിടെയും മരുന്ന് ക്ഷാമം നിലവിലില്ല. പ്രതിപക്ഷം ഉയർത്തി കാണിക്കുന്ന ചികിത്സ പിഴവ് ഒറ്റപ്പെട്ട സംഭവം മാത്രമെന്നും ആരോഗ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം പി രാജേഷ് വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം തകർന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെയും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെയും ചികിത്സ പിഴവ് ആരോപണം ആവർത്തിക്കുന്നതും സംസ്ഥാനത്ത് മരുന്ന് ക്ഷാമം എന്ന് കുറ്റപ്പെടുത്തുന്നതും ആയിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ആരോഗ്യ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രവർത്തനമാണ് കേരളം കാഴ്ചവയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. വർഷങ്ങൾക്ക് മുൻപുള്ള സംഭവങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ എവിടെയും മരുന്ന് ക്ഷാമം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിൻറെ കാലത്തെ ചികിത്സാപ്പിടവിന്റെ വാർത്തകളും മന്ത്രി നിയമസഭയിൽ ഉയർത്തിക്കാട്ടി. എന്നാൽ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ആകെ തകർന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. പകർച്ചവ്യാധികൾ അപകടകരമാംവിധം വർദ്ധിക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മലർന്ന് കിടന്ന് തുപ്പുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അതിനുള്ള മരുന്ന് നിലവിൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തിൽ ഇല്ലെന്ന് മന്ത്രി എം ബി രാജേഷ് പ്രതിപക്ഷത്തിനും മറുപടി നൽകി. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here