കത്തോലിക്ക സഭയെ ലക്ഷ്യമിട്ട് ഓർഗനൈസർ ലേഖനം: തിരിച്ചടി ഭയന്ന് പിൻവലിച്ചു

organiser

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം കത്തോലിക്ക സഭയെന്ന സൂചന നൽകി ആ‍ർഎസ്എസ് മുഖപത്രമായ ഓർ​ഗനൈസർ. രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നത് കത്തോലിക്കാ സഭ ആണെന്നാണ് സംഘപരിവാറുകാരുടെ പുതിയ കണ്ടുപിടിത്തം. എന്നാൽ ക്രിസ്ത്യൻ വിഭാ​ഗക്കാർക്കിടയിൽ ഇത് വലിയ ചർച്ചയാകുമെന്നും ഇത് ബിജെപിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയാകുമെന്നും ഭയന്ന് ഓ‍‍ർ​ഗനൈസർ ഈ വിവാദ ലേഖനം പിൻവലിച്ചു.

ആരാണ് ഇന്ത്യയില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്? എന്ന പേരിലാണ് വിവാദ പരാമര്‍ശങ്ങളുള്ള ലേഖനം. സർക്കാ‍ർ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വയക്കുന്നത് കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യയാണെന്നും ഇന്ത്യയില്‍ ആകമാനം ഏകദേശം 17.29 കോടി ഏക്കര്‍ ഭൂമി കത്തോലിക്കാ സഭയുടെ കൈവശമുണ്ടെന്നുമാണ് ലേഖനത്തിൽ പറയുന്നത്. കത്തോലിക്ക സഭ ഭൂമി സ്വന്തമാക്കിയത് നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണോ എന്ന ചോദ്യവും ലേഖനത്തിലുണ്ട്.

കത്തോലിക്ക സഭ നടത്തുന്ന സ്‌കൂളുകളിലും ആശുപത്രികളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരുപാട് സൗജന്യങ്ങള്‍ നൽകി അവരിൽ മത പരിവ‍ർത്തനത്തിനുള്ള സമ്മ‍ർദം ചെലുത്തുന്നുണ്ട് എന്നതടക്കമുള്ള വിവാദ പരാമ‍‍ർശങ്ങളും ലേഖനത്തിൽ അടങ്ങിയിട്ടുണ്ട്. മതം മാറുന്നവരുടെ ഭൂമി സഭ ഏറ്റെടുക്കുന്നു എന്നും ഇത്തരം സംഭവങ്ങള്‍ ഇല്ലെന്ന് സഭ പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും ആർഎസ്എസ് മുഖപത്രം പറയുന്നു.

അതേസമയം ലേഖനം തങ്ങൾക്ക് തന്നെ തിരിച്ച‌ടിയാകുമെന്ന് ഓർ​ഗനൈസർ പിന്നീട് തിരിച്ചറിഞ്ഞു. എന്തെന്നാൽ മുനമ്പം ഭൂമി വിഷയത്തില്‍ ഉള്‍പ്പെടെ കത്തോലിക്കാ സഭയെ ഒപ്പം നിര്‍ത്തുന്ന നിലയില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ വഖഫ് ബില്‍ ഉപയോഗിക്കുന്ന കാഴ്ച ഇപ്പോൾ നാം കാണുന്നുണ്ട്. സഭയുടെ വോട്ട് പോക്കറ്റിലാക്കാൻ പഠിച്ച പതിനെട്ട് അടവും കാണിക്കുമ്പോൾ ഇത്തരമൊരു ലേഖനം പുറത്ത് വരുന്നതും ചർച്ചയാകുന്നതും നിലവിലെ സ്ഥിതിക്ക് തിരിച്ചടിയാകുമെന്നാണ് ആ‍ർഎസിഎസിൻ്റെ തിരിച്ചറിവ്. ഇതിന് പിന്നാലെ ലേഖനം പിൻവലിച്ച് തടി തപ്പിയിരിക്കുകയാണ് ഓർഗനൈസർ ഇപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News