
എമ്പുരാനെതിരെ തുടര്‍ച്ചയായ ആക്രമണം അഴിച്ചുവിട്ട് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍..സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിനെ ദേശവിരുദ്ധനെന്നു ചാപ്പകുത്തിയ ഓര്‍ഗനൈസര്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ശ്രമം തുടരുകയാണ്.. ക്രിസ്തുമതത്തിന്റെ സത്തയെ വളച്ചൊടിക്കുന്നതാണ് സിനിമ എന്ന വിചിത്രവാദവുമായി ഓര്‍ഗനൈസര്‍ വീണ്ടും രംഗത്ത് വന്നു..
ഗുജറാത്ത് കലാപം ഉള്‍പ്പെടെ പശ്ചാത്തലമാക്കിയ എമ്പുരാന് സിനിമക്കെതിരെ വര്‍ഗീയ പ്രചാരണം കടുപ്പിക്കുകയാണ് ആര്.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍.. സിനിമയുടെ സംവിധായകന് പൃഥ്വിരാജ് ദേശവിരുദ്ധനാണെന്നായിരുന്നു ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ആരോപിച്ചത്… ഇതിനു പിന്നാലെ മതസര്ദ്ധയുണ്ടാക്കാനുള്ള തുടര്‍ ശ്രമങ്ങളും നടത്തി. സിനിമയിലെ സംഭാഷണങ്ങളും പശ്ചാത്തലവും ക്രിസ്തുമതത്തിന്റെ സത്തയെ വളച്ചൊടിക്കുന്നതാണെന്ന പരാമര്‍ശവുമായി രംഗത്തെത്തി.. സിനിമയില്‍ തകര്‍ന്ന ക്രിസ്ത്യന്‍ പള്ളിയെ പശ്ചാത്തലമാക്കിയത് ഇസ്ലാമിക തീവ്രവാദത്തില്‍ കഷ്ടപ്പെടുന്ന ക്രിസ്ത്യന്‍ വിഭാഗത്തെ ചിത്രീകരിക്കാനാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ലേഖനത്തിലൂടെ നടത്തിയിട്ടുണ്ട്.. ക്രിസ്ത്യന്‍ മതവിശ്വാസത്തെയും മൂല്യത്തെയും തെറ്റായി ചിത്രീകരിച്ചിട്ടും ക്രൈസ്തവ വിഭാഗങ്ങള്‍ പ്രതികരിക്കാതിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നായിരുന്നു ലേഖനത്തിലൈ പരാമര്‍ശം.. ഖുര്‍ആനെക്കുറിച്ചോ അല്ലാഹുവിനെക്കുറിച്ചോ കഥ കെട്ടിച്ചമച്ചാല്‍ രാജ്യത്ത് കാതടപ്പിക്കുന്ന കോലാഹലങ്ങള്‍ ഉണ്ടാകില്ലേ എന്ന മതസ്പര്ദയുളവാക്കുന്ന ചോദ്യവും ലേഖനത്തിലൂടെ തൊടുത്തുവിട്ടു..
പൗരത്വ നിയമഭേദഗതിക്കെതിരെ നിലപാടെടുത്തതും, സേവ് ലക്ഷദ്വീപ് പ്രചാരണത്തിന് പിന്തുണയറിയിച്ചതും പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധതയാണ് തെളിയിക്കുന്നതെന്നായിരുന്നു ഓര്‍ഗനൈസറിന്റെ കുറ്റപ്പെടുത്തല്‍… സിനിമ വിവാദമായതിന് പിന്നാലെ നടന് മോഹന്‍ലാല്‍ പരസ്യമായി ക്ഷമാപണം നടത്തിയതും ലേഖനത്തില്‍ ഓര്‍മിപ്പിച്ചു..
വിവാദമായ 17 ഓളം ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതമായതിന് പിന്നാലെ പൃഥ്വിരാജിനെതിരെ വര്‍ഗീയ പ്രചാരണവുമായി മുന്നോട്ടു പോവുകയാണ് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍..

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

