11 ദശലക്ഷം പേരെ നിര്‍ബന്ധിത വന്ധ്യംകരണം നടത്തി; സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട കാലത്തിന്റെ ഭയപ്പെടുത്തുന്ന ഓർമകൾ

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഭയപ്പെടുത്തുന്ന ഓർമ്മകളാണ് കോണ്‍ഗ്രസിന്‍റെ കാലത്തെ അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിയുടെ കരാള ഹസ്തത്തില്‍ നിന്ന് സമരപോരാട്ടങ്ങളിലൂടെ ഇന്ത്യ അതിജീവിച്ചു. പക്ഷെ സ്വേച്ഛാധിപത്യത്തിന്‍റെ പ്രവണത അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ രാഷ്ട്രീയ ഇന്ത്യക്ക് മേല്‍ വട്ടമിടുന്ന സമകാലികം അവഗണിക്കാനാകില്ല.

1975 മുതൽ 1977 വരെയുള്ള 18 മാസക്കാലം. പോരാടി നേടിയ ഭരണഘടനയുടെ മൂല്യങ്ങളും ഇന്ത്യയെന്ന ആശയവും ആക്രമിക്കപ്പെട്ട നാളുകള്‍. ഇന്ത്യന്‍ തെരുവുകളിലാകെ പൗരാവകാശം ചോദ്യം ചെയ്യപ്പെട്ട കാലം‍. ഭരണകൂട ഉപകരണങ്ങളെ ഇന്ദിര ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ തേര്‍വാ‍ഴ്ചക്ക് ഉപയോഗിച്ചു. ഇന്ദിരയും മകന്‍ സഞ്ജയ് ഗാന്ധിയും ശിങ്കിടികളും ഉള്‍പ്പെടുന്ന അധികാര ഇടനാ‍ഴി രാജ്യത്തെയാകെ വരുതിയില്‍ വരുത്തിയ കാലത്തെ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്ത്യ അതിജീവിച്ചത്.

Also read: ഇന്ദിരാഗാന്ധിയുടെ ഭരണകൂടം നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾക്ക് അമ്പതാണ്ട്

11ദശലക്ഷം പേരെയാണ് നിര്‍ബന്ധിത വന്ധ്യംകരണത്തിലൂടെ വരിയുടച്ചത്. ആ ഭീകരസത്വത്തിനെതിരെ ബാക്കിയായ പ്രതിപക്ഷം എല്ലാം കൈകോര്‍ത്തു. അഥവ ആ അനിവാര്യതയിലേക്ക് രാജ്യത്തിനാകെ എത്തേണ്ടിവന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഈ പോരാട്ടങ്ങളെയാണ് അടര്‍ത്തിയെടുത്ത് വിവാദത്തിന് വ‍‍ഴിമരുന്നിട്ടത്.

ഇന്ദിരയും കൂട്ടരും സൃഷ്ടിച്ച സമാനസാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്ന് പോകുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യം. അധികാരത്തിന്‍റെ അപ്രമാദിത്വം ചുരുങ്ങിയ ചിലരിലേക്ക് നീങ്ങുന്നതും, വിദ്യാര്‍ത്ഥികളുടെയും കര്‍ഷകരുടെയും പ്രക്ഷോഭങ്ങളെ രാജ്യദ്രോഹമുദ്രകുത്തി വെടിയുതര്‍ത്തിയതും ചില ലക്ഷണങ്ങള്‍ മാത്രം. ജനസംഖ്യാ നിയന്ത്രണത്തിന് സഞ്ജയ് ഗാന്ധിയുടെ മാര്‍ഗം മൊ‍ഴിമാറ്റി പ്രയോഗിക്കാന്‍ ശ്രമം.

വസ്തുതകള്‍ക്ക് വിരുദ്ധമായി ചിലവിഭാഗങ്ങള്‍ ജനസംഖ്യവര്‍ധവ് നടത്തുന്നുവെന്നും വര്‍ഗിയതയുടെ മേമ്പൊടിയില്‍ പ്രചരിപ്പിക്കുന്നു. പ്രതിപക്ഷ സ്വരങ്ങളെ ശത്രുരാജ്യത്തിന്‍റെ സ്വരമെന്ന് ചാപ്പകുത്തുന്നതും പാര്‍ശ്വവത്കൃത ജനതതിയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നേരിടുന്നതും മറിച്ചുള്ള ലക്ഷണങ്ങളല്ല. നവഫാസിസത്തിന്‍റെ അടിസ്ഥാന നിര്‍മിതിക്ക് അടികല്ലുകള്‍ പണിയുന്ന അഭിനവ ഇന്ത്യന്‍ രാഷ്ട്രീയവും ചെറുത്തുനില്‍പിന്‍റെ ജനാധിപത്യമാണ് അനിവാര്യമാക്കുന്നത്. ഈ അടിയന്തരാവസ്ഥാ-വിരുദ്ധ ദിനവും അമിതാധികാരത്തിന്‍റെ ഭരണകൂടത്തോടും എതിരിട്ട പ്രതിഷേധമാര്‍ഗങ്ങളും ഓർക്കാൻ ഇടം നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News