മാറുന്ന കേരളത്തിന്റെ ചിത്രങ്ങൾ

പുത്തലത്ത് ദിനേശൻ

ജനിച്ച നാട്ടിലേക്കുള്ള യാത്ര സന്തോഷകരമാണ്‌. പിറന്ന നാട്‌, പലവിധത്തില്‍ ഇടപെട്ടിരുന്ന ജനങ്ങള്‍ അങ്ങനെ പലതും ആഹ്ലാദകരമായ അനുഭവങ്ങള്‍ നമുക്ക്‌ മുമ്പില്‍ തുറന്നുവെക്കുന്നുണ്ട്‌. പണ്ട്‌ കളിച്ചുവളര്‍ന്ന വഴികളും, ഇടപെട്ടിരുന്ന ജനജീവിതവും ഏറെ മാറിയിരിക്കുന്നു. ഇത്‌ എന്റെ നാടിന്റെ മാത്രം സവിശേഷതയല്ല. ആധുനികവല്‍കരണത്തിന്റെ വഴികളിലൂടെ നമ്മുടെ നാട്‌ മുന്നേറുകയാണ്‌.

കേരളീയ സമൂഹം ആധുനികവല്‍കരിക്കുന്നതിനുതകുന്ന സാംസ്‌കാരിക മുന്നേറ്റമായിരുന്നു നവേത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്‌. അതിനെ പിന്തുണയ്‌ക്കുകയും, അത്തരം മുദ്രാവാക്യങ്ങള്‍ക്കൊപ്പം സാമ്പത്തികാവശ്യങ്ങളും ഏറ്റെടുത്തുകൊണ്ടാണ്‌ കര്‍ഷക – തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുപോയത്‌. അതിന്റെ അടിസ്ഥാനത്തില്‍ വിപുലപ്പെട്ട ജനകീയ അടിത്തറയുടെ പശ്ചാത്തലത്തിലാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തില്‍ വന്നത്‌. ആ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നടപടികള്‍ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ത്തു. ജാതി മേധാവിത്വത്തിന്‌ തിരിച്ചടിയായി. ഇടത്തരം വിഭാഗങ്ങള്‍ വളര്‍ന്നുവരാന്‍ തുടങ്ങി. നഗരവല്‍കരണ പ്രക്രിയ ശക്തിയാര്‍ജ്ജിച്ചു.

also read:കണ്ണൂരില്‍ രാത്രി സഞ്ചാരിയായ അജ്ഞാതന്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

1901-ല്‍ 10 ശതമാനത്തിന്‌ താഴെ ജനങ്ങളായിരുന്നു നഗരങ്ങളില്‍ വസിച്ചിരുന്നത്‌. ഗ്രാമങ്ങളിലാവട്ടെ 90 ശതമാനത്തിലേറെയും. വര്‍ത്തമാനകാലത്ത്‌ ഗ്രാമീണ ജനത 53 ശതമാനമായും, നഗര ജനത 47 ശതമാനമായും മാറിക്കഴിഞ്ഞു. ഗ്രാമവും, നഗരവും തമ്മിലുള്ള അന്തരവും നേര്‍ത്തില്ലാതാവുകയാണ്‌. ഇന്ത്യയില്‍ അതിവേഗം നഗരവല്‍കരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്‌.

കോവിഡിന്റെ വരവും നാടിന്റെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്‌. നഗരങ്ങളില്‍ കേന്ദ്രീകരിച്ച കച്ചവടങ്ങള്‍ ഉള്‍നാടുകളിലേക്ക്‌ വ്യാപിക്കുകയാണ്‌. കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായി സ്വന്തമായ വാഹനത്തില്‍ യാത്ര ചെയ്യുന്ന സംസ്‌കാരവും വികസിച്ചു.

also read:ഹേമമാലിനി ബോളിവുഡിലെത്തിയത് തമിഴ് സിനിമ പുറത്താക്കിയപ്പോൾ

കച്ചവട സ്ഥാപനങ്ങള്‍ നഗര ഹൃദയങ്ങളില്‍ നിന്ന്‌ പാര്‍ക്കിംഗ്‌ സൗകര്യമുള്ള പ്രാന്തപ്രദേശങ്ങളിലേക്ക്‌ ചുവടുമാറ്റി. കൊച്ച്‌ ടൗണ്‍ഷിപ്പുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ വികസിക്കുകയാണ്‌. സ്വയം തൊഴിലിന്റെ ഭാഗമായി വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്‌. തൊട്ടടുത്ത നഗരങ്ങളില്‍ അവശ്യവസ്‌തുക്കള്‍ക്കായി യാത്ര ചെയ്യുകയെന്ന രീതി കുറഞ്ഞുവന്നു. പൊതുഗതാഗത സംവിധാനങ്ങളെ മറികടക്കും വിധം സ്വകാര്യ വാഹനങ്ങള്‍ വ്യാപകമാവുകയാണ്‌. ദീര്‍ഘ ദൂര യാത്രകള്‍ സൗകര്യപ്രദമാകുന്ന വിധമുള്ള ട്രെയിനില്‍ ഉള്‍പ്പെടെ മാറുകയാണ്‌. കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായി. ഫ്‌ളാറ്റുകള്‍ നഗരങ്ങളില്‍ നിന്ന്‌ നാട്ടിന്‍പുറങ്ങളിലേക്ക്‌ വ്യാപിച്ച്‌ ടൗണ്‍ഷിപ്പുകളെ വളര്‍ത്തുകയാണ്‌. കുടുംബത്തോടും, അല്ലാതെയും വിനോദയാത്രകള്‍ ജീവിതത്തിന്റെ ഭാഗമാവുകയാണ്‌.

കോവിഡ്‌ ഉയര്‍ത്തിയ ശാരീരികമായ അകലം പാലിക്കുകയെന്ന രീതി വീടുകളില്‍ പെട്ടന്ന്‌ ഒതുങ്ങുകയെന്ന എന്ന ശീലമായി വികസിച്ചു. ടെലിവിഷന്‍ സീരിയലുകളുടേയും മറ്റും സ്വാധീനം വീടുകളില്‍ ഒതുങ്ങുന്നതിന്‌ പശ്ചാത്തലമൊരുക്കി. ഏറെ വൈകിയും സജീവമായിരുന്ന അങ്ങാടികള്‍ നേരത്തെ തന്നെ ആളൊഴിയുന്നിടത്തേക്ക്‌ എത്തിച്ചേര്‍ന്നു.

ഗാര്‍ഹിക ജോലികളുടെ വിരസതയില്‍ നിന്ന്‌ മാറി നില്‍ക്കുന്നതിന്‌ സഹായകമാകുന്ന പാര്‍സലുകളുടേതായ ജീവിത ശൈലി വികസിച്ചുവന്നു. ഹോട്ടലുകളില്‍ അതിഥി തൊഴിലാളികളുടെ സാന്നിദ്ധ്യം സജീവമാണ്‌. മറ്റ്‌ മേഖലകളിലും അത്‌ വ്യാപിക്കുകയാണ്‌. പാതയോരങ്ങള്‍ തട്ടുകടകൾ കൈയ്യടക്കി. വഴിവാണിഭം സജീവമാവുകയാണ്‌. ജീവിതം അങ്ങനെ പുതിയ മാറ്റങ്ങളിലൂടെ മുന്നേറുകയാണ്‌. കേരളത്തിന്റെ സാമൂഹ്യ പദ്ധതികളുടെ സുരക്ഷിതത്വം ജനജീവിതത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നുള്ള താങ്ങായി നിലനിര്‍ത്തുകയാണ്‌. ഗള്‍ഫ്‌ മേഖലയിലെ മടങ്ങിവരവ്‌ സ്വയം തൊഴിലിന്റെ വഴികളും തുറന്നുവെച്ചു. വിദ്യാസമ്പന്നരായ ജനത വിദൂര രാജ്യങ്ങളില്‍ ചേക്കേറുന്ന പ്രവണതയും സജീവമാണ്‌. പ്രവാസം ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ മറ്റ്‌ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്‌.

എന്റെ നാടും ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി നില്‍ക്കുന്നില്ല. കൊച്ചു കടകളില്‍ ഒതുങ്ങി നിന്ന ഞങ്ങളുടെ അങ്ങാടിയും വൈവിദ്ധ്യമാര്‍ന്ന വികസന വഴികളിലൂടെ നീങ്ങുകയാണ്‌. തട്ടുകടകളുടെ ശൃംഖലകള്‍ അവിടേയും ഉയര്‍ന്നുവന്നു. രുചികരവും, വൈവിദ്ധ്യവുമാര്‍ന്ന കടികളുടേയും, കറികളുടേയും വിസ്‌മയ ലോകം അത്‌ തീര്‍ത്തുവെച്ചു. അത്തരം കടകള്‍ സ്വയം തൊഴില്‍ മാത്രമല്ല രുചികരമായ ഭക്ഷണവും ചുരുങ്ങിയ വിലക്ക്‌ ജനങ്ങള്‍ക്ക്‌ പ്രധാനം ചെയ്യുകയാണ്‌. അത്തരം കടകളില്‍ ഭക്ഷണം കഴിക്കുകയെന്നത്‌ ജീവിതചര്യയുടെ ഭാഗമെന്നപോലെ എന്നിലും വളര്‍ന്നുവരികയാണ്‌. കഴിഞ്ഞ ദിവസവും വൈവിദ്ധ്യമാര്‍ന്ന ആ രുചികളെ ആസ്വദിക്കാനായി.

നഗര കേന്ദ്രീകരണത്തിന്റെ രീതികളില്‍ നിന്ന്‌ വ്യത്യസ്‌തമായി നഗരവല്‍കരണത്തിന്റെ ശീലങ്ങളും, സാധ്യതകളും നമ്മുടെ ഗ്രാമങ്ങളിലും പെയ്‌തിറങ്ങുകയാണ്‌. മൊബൈലുകളും അതിലൂടെ രൂപപ്പെടുന്ന കൂട്ടായ്‌മകളും സജീവമാവുകയാണ്‌. അടുത്ത വീടുകളുമായുള്ള ബന്ധങ്ങളില്‍ കുറവ്‌ വന്നിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടുകാരെ സൃഷ്ടിക്കുന്ന രീതിയില്‍ അത്‌ വളരുന്നുണ്ട്‌. സഹപാഠികള്‍ ഉള്‍പ്പെടേയുള്ള കൂട്ടായ്‌മകള്‍ വളരുന്നുണ്ട്‌. നമ്മുടെ കണ്‍മുമ്പില്‍ നിന്നുകൊണ്ട്‌ തന്നെ നാട്‌ മാറുകയാണ്‌. വൈവിദ്ധ്യമാര്‍ന്ന വഴികളിലൂടെ സമൂഹ്യവും, സാമ്പത്തികവുമായ മാറ്റങ്ങള്‍ സൃഷ്ടിച്ച്‌ അവ മുന്നേറുകയാണ്‌. മാറ്റങ്ങളില്ലാത്തത്‌ മാറ്റങ്ങള്‍ക്ക്‌ മാത്രമാണല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News