
തലസ്ഥാന നഗര റോഡുകളുടെ വികസനം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്ന സമയമാണിതെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നഗരത്തിലെ റോഡ് വികസന പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പ് നിരന്തരം ഇടപെടലുകള്‍ നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും ആന്റണി രാജു എം.എല്‍.എ നല്‍കിയ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നാണ് ബേക്കറി-വഴുതക്കാട്-പൂജപ്പുര റോഡ്. ഈ റോഡിലെ ജഗതി-ഡി.പി.ഐ ജംഗ്ഷന്‍ വികസനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ 20 ജംഗ്ഷനുകള്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടത്തില്‍ ജഗതി-ഡി.പി.ഐ ജംഗ്ഷനുകളുടെ വികസനവും ജഗതി പാലം വരെയുള്ള റോഡ് വികസനവും ,രണ്ടാം ഘട്ടത്തില്‍ ജഗതി പാലം മുതല്‍ പൂജപ്പുര ജംഗ്ഷന്‍ വരെയും, ഡി.പി.ഐ ജംഗ്ഷന്‍ മുതല്‍ ഗവ.വിമന്‍സ് കോളേജ് ജംഗ്ഷന്‍ വരെയുമാണ് വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ വഴുതക്കാട് പോലീസ് ക്വാര്‍ട്ടേഴ്സ് മുതല്‍ ജഗതി പാലം വരെ 675 മീറ്ററും, ജഗതി മുതല്‍ ഗവ.വിമന്‍സ് കോളേജ് റോഡ് 140 മീറ്ററും, ഡി.പി.ഐ-മേട്ടുക്കട 60 മീറ്ററും, ജഗതി-മേട്ടുക്കട 75 മീറ്ററും, ജഗതി-ഇടപ്പഴഞ്ഞി 175 മീറ്ററുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 20.34 കോടി രൂപ വരുന്ന ഒന്നാം ഘട്ടത്തിന്റെ ഡി.പി.ആര്‍ അംഗീകാരത്തിനായി കിഫ്ബിക്ക് കൈമാറിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രമായി 10.79 കോടി രൂപയുടെ സാമ്പത്തിക അനുമതി കിഫ്ബിയില്‍ നിന്നും നല്‍കിയിട്ടുണ്ട്. അത് അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തിക്കായി അര്‍ത്ഥനാ പത്രം ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനുവേണ്ടി 6(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം അനുസരിച്ച് അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. ഏകദേശം 8809.44 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് ഒന്നാം ഘട്ട പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. രണ്ടാംഘട്ടത്തിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് ആവശ്യമായ പരിശോധനകളും അനുബന്ധ പ്രവത്തികളും നടന്നുവരികയാണ്.
ഈ റോഡില്‍ ബാക്കിയുള്ള ബേക്കറി ജംഗ്ഷന്‍- വഴുതക്കാട്- ഡി.പി.ഐ വരെയുള്ള റോഡും ബേക്കറി ജംഗ്ഷനില്‍ നിന്നും വിമന്‍സ് കോളേജ് വരെയുള്ള റോഡും വീതി കൂട്ടുന്നതിനായുള്ള പ്രവൃത്തിക്കായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തില്‍ നിന്നും ഇന്‍വെസ്റ്റിഗേഷന് വേണ്ടി 6.70 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.അതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
അതോടൊപ്പം തിരുവനന്തപുരം നഗരത്തിലെ മറ്റൊരു തിരക്കേറിയ ജംഗ്ഷനായ വെള്ളയമ്പലം ജംഗ്ഷന്റെ വികസനത്തെ സംബന്ധിച്ചുള്ള പരിശോധനകളും വകുപ്പ് നടത്തുന്നുണ്ട്. വെള്ളയമ്പലം ജംഗ്ഷന്‍ മുതല്‍ മ്യൂസിയം -എല്‍.എം.എസ് ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ വികസനം സംബന്ധിച്ച സാധ്യതാപഠനം നടത്തുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നിലയില്‍ വാഹന സാന്ദ്രത അനുസരിച്ച് തിരുവനന്തപുരം നഗരത്തിലെ പശ്ചാത്തല വികസനം സാധ്യമാക്കാനുള്ള ഇടപെടലുകളാണ് വകുപ്പ് നടത്തുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നഗരത്തിലെ 12 റോഡുകള്‍ നിലവില്‍ ഹൈടെക്ക് റോഡുകളായി മാറ്റിക്കൊണ്ടിരിക്കുകയാണ്. മാനവീയം വീഥി ലോകം ശ്രദ്ധിക്കുന്ന നഗരകേന്ദ്രങ്ങളില്‍ ഒന്നായി മാറി. വെള്ളയമ്പലം-ആല്‍ത്തറ-തൈക്കാട് റോഡ് വീതികൂട്ടി നവീകരിച്ചതോടെ ഗതാഗതം കൂടുതല്‍ സുഗമമായി മാറി. ഈ നിലയില്‍ തലസ്ഥാനത്തെ ഗതാഗതസൗകര്യം ലോക നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിന് പ്രതിജ്ഞാബദ്ധമായാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം ജില്ലയിലെ മന്ത്രിമാര്‍, എം.എല്‍.എ-മാര്‍, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാവരെയും യോജിപ്പിച്ചുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

