കത്തി കാട്ടി കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

P A Muhammad Riyas

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് തലപൊക്കിയത്. ചിത്രത്തിൽ പ്രവർത്തിച്ചവർക്കും ചിത്രം നിർമിച്ചവർക്കും എതിരെ പോലും ഇപ്പോൾ വേട്ടയാടൽ തുടങ്ങിക്കഴിഞ്ഞു. ചിത്രം നിർമിച്ച ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇന്നലെ ഇഡിയുടെ റെയ്ഡ് നടന്നിരുന്നു. ഇന്നിതാ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസും ലഭിച്ചു. തങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്നവരെ കേന്ദ്ര ഏജൻസികളെ വച്ച് നേരിടാമെന്ന രീതി പണ്ടേ കേന്ദ്ര സർക്കാർ കാണിക്കുന്നതാണ്. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

ALSO READ: സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ കണ്ട് പ്രകാശ് രാജും മാരി സെൽവരാജും ടി ജെ ജ്ഞാനവേലും

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കത്രികവെക്കലുകൾ കൊണ്ടും പ്രതികാര റെയ്ഡുകൾ കൊണ്ടും മായ്ക്കാൻ കഴിയുന്നതല്ല ചരിത്ര യാഥാർത്ഥ്യങ്ങൾ എന്നാണ് അദ്ദേഹം പറയുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുമെന്ന സംഘപരിവാർ ഭീഷണി ഈ നാടിനോടു തന്നെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

പോസ്റ്റിന്റെ പൂർണരൂപം

കത്തി കാട്ടി ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്….
എമ്പുരാൻ സിനിമക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും ശേഷം സംഘപരിവാരം സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ വേട്ടയാടാൻ തുടങ്ങി എന്നാണ് മനസ്സിലാക്കേണ്ടത്. സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസുകളിലും വീട്ടിലുമുള്ള ഇ ഡി റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം ഇപ്പോൾ സംവിധായകൻ പൃഥ്വിരാജിനെയാണവർ നോട്ടമിട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ പൃഥ്വിരാജിന് ആദായ നികുതിവകുപ്പ് നോട്ടീസ് അയച്ച വാർത്തകളാണ് പുറത്തു വരുന്നത്. എമ്പുരാൻ സിനിമയിലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള രംഗങ്ങൾ സംഘപരിവാരത്തെ അത്രമാത്രം പ്രകോപിപ്പിച്ചു എന്നാണ് ഈ പ്രതികാര നടപടികൾ വ്യക്തമാക്കുന്നത്. സെൻസർ നടപടികൾ കൊണ്ടൊന്നും ഗുജറാത്ത്‌ വംശഹത്യയുടെ പാപക്കറയിൽ നിന്നും സംഘപരിവാറിന് മോചനമില്ല. കത്രികവെക്കലുകൾ കൊണ്ടും പ്രതികാര റെയ്ഡുകൾ കൊണ്ടും മായ്ക്കാൻ കഴിയുന്നതല്ല ചരിത്ര യാഥാർത്ഥ്യങ്ങൾ. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സംഘപരിവാർ തിട്ടൂരങ്ങൾ
ഒരു തരത്തിലും കേരള സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സിനിമയുടെ അഭൂതപൂർവ്വമായ ജനസമ്മതി അതാണ് കാണിക്കുന്നതും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുമെന്ന സംഘപരിവാർ ഭീഷണി ഈ നാടിനോടു തന്നെയുള്ള വെല്ലുവിളിയാണ്. കത്തി കാട്ടി കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്. കേരള സമൂഹമാകെ ഈ വിഷയത്തിൽ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കും. അതാണ് കേരളത്തിന്റെ ചരിത്രം !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News