
ടൊവിനോ തോമസിനെ നായകനാക്കി അബിന്‍ ജോസഫിന്റെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍. കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ചലച്ചിത്രാവിഷ്‌കാരമാണ് നരിവേട്ടയെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിചിരിക്കുന്നത്.
പി.ജയരാജന്റെ വാക്കുകള്‍:
ടോവിനോ തോമസിനെ നായകനാക്കി പ്രിയ സുഹൃത്തും ഇരിട്ടി സ്വദേശിയുമായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘നരിവേട്ട’ എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടു.ചിത്രത്തിന്റെ കഥയും ഇരിട്ടിക്കാരന്‍ തന്നെ.യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ശ്രീ:അബിന്‍ ജോസഫ്.
കൃത്യമായ രാഷ്ട്രീയം പറയുന്ന അതി മനോഹരമായ ഒരു ചലച്ചിത്രാവിഷ്‌കാരമാണ് ‘നരിവേട്ട’.എകെ ആന്റണി മുഖ്യമന്ത്രിയും കെ സുധാകരന്‍ വനം വകുപ്പ് മന്ത്രിയും ആയിരുന്ന 2003 കാലഘട്ടത്തില്‍ നടന്ന മുത്തങ്ങ ആദിവാസി സമരവും പോലീസ് നരനായാട്ടും പുതു തലമുറയെ ഓര്‍മ്മിപ്പിക്കുന്നു ഈ സിനിമ.അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചു കാണിക്കുന്നു.
കഥയാവുമ്പോള്‍ സംഭവങ്ങളുടെ ചിത്രീകരണം മാത്രമല്ല ഭാവനയും കേറിവരും. അതും സിനിമയില്‍ കാണാനാവും. അതേസമയം മാവോയിസ്റ്റ് ബന്ധം ചുമത്തി നടത്തുന്ന ആദിവാസി വേട്ടയെക്കുറിച്ചും പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നു.
മുന്‍നിര താരങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്വാളിറ്റിയില്‍ ഇത്തരമൊരു ചിത്രം പുറത്തിറങ്ങിയ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു… തീര്‍ച്ചയായും ഏവരും കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട സിനിമയാണിത്….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

