
എല്‍ഡിഎഫ് കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചൂട് കടുത്തിരിക്കുകയാണ്. സ്ഥാനാര്‍ഥി സ്വരാജ് ആയതോട് കൂടി ആവേശവും കൂടുതലാണ്. എന്നാൽ അതിനിടയിലും വ്യാജവാർത്തകൾക്ക് കുറവൊന്നുമില്ല. പോത്തുകല്ല് കവളപ്പാറ ദുരന്തം സംഭവിച്ചപ്പോള്‍ നാട്ടുകാരനായ സ്വരാജ് അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടു പോലുമില്ലെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. നിലമ്പൂരിൽ മനുഷ്യരുടെ സന്തോഷത്തിലും ദുഃഖത്തിലും ഇന്നലെകളിൽ അയാളുണ്ടായിരുന്നു. ഇന്നുമുണ്ട്, നാളെയും അയാളുണ്ടാകും എന്നാണ് ആർഷോ കുറിച്ചിരിക്കുന്നത്. ഒപ്പമൊരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
2019 ആഗസ്റ്റ് എട്ടിന് പെയ്ത തോരാമഴയിൽ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകിയ ദിവസം. രാത്രി എട്ടോടെ മുത്തപ്പൻ മലയുടെ ഒരു ഭാഗം അടർന്ന് താഴേക്ക് അതിവേഗം കുത്തിയൊലിച്ച് വന്ന് ആ ഗ്രാമത്തെ ഇല്ലാതാക്കി. 59 പേർക്ക് ജീവൻ നഷ്ടമായി. കണ്ടെടുക്കാനാവാത്ത 11 പേർ ഇപ്പോഴും അനാഥമായി ആ മണ്ണിനടിയിൽ എവിടെയോ ഉറങ്ങുന്നുണ്ടാവാം.
അപകടമറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കരുണ വറ്റാത്ത ഒരുകൂട്ടം മനുഷ്യർ ഒഴുകിയെത്തി. പിന്നീട് നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു. ജീവന്റെ ഒരു തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ തിരിച്ചെടുക്കണം എന്ന ദൃഢനിശ്ചയത്തോടെ ഒര് ജനതയൊന്നാകെ ഒറ്റ മനസായി നിന്ന ദിനങ്ങൾ. വിങ്ങലോടെയല്ലാതെ ഒരു മലയാളിക്കും ആ ദിനങ്ങൾ ഓർത്തെടുക്കാനാവില്ല.
‘കവളപ്പാറ ദുരന്തമുണ്ടായപ്പോൾ എവിടെയായിരുന്നു സ്വരാജ്?’ നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയെ പ്രഖ്യാപിച്ച നിമിഷം മുതൽ യു ഡി എഫിന്റെ സൈബർ ഫാക്ടറിയുടെ മില്യൺ ഡോളർ ചോദ്യം ഇതാണ്. ഇന്ന് കാലത്ത് കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹി മാധ്യമസമ്മേളനത്തിലും ഈ ചോദ്യം ആവർത്തിക്കുന്നത് കണ്ടു. മൂപ്പർക്കീ പെരുമഴയത്തെ പെരുംപാച്ചിലിനിടെ പെരുത്ത തലയിൽ നിന്ന് ഓർമ്മ നഷ്ട്ടം വന്നതാവും.
വീഡിയോ ദൃശ്യം തന്റെ ജന്മനാട്ടിലൊരപകടമുണ്ടായി തൊട്ടടുത്ത മണിക്കൂറുകളിൽ അവിടെയോടിയെത്തി രക്ഷാപ്രവർത്തന മുഖത്തുള്ള അന്നത്തെ തൃപ്പൂണിത്തുറ MLA സ എം സ്വരാജിന്റെതാണ്. ഓർമ്മ നശിച്ചയാളെയും തൊട്ടിപ്പുറത്ത് കാണാം.
നിലമ്പൂരിൽ മനുഷ്യരുടെ സന്തോഷത്തിലും ദുഃഖത്തിലും ഇന്നലെകളിൽ അയാളുണ്ടായിരുന്നു. ഇന്നുമുണ്ട്, നാളെയും അയാളുണ്ടാകും.
നിലമ്പൂരിന്റെ സ്വരാജ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

