എല്ലാ സഹതാപ തരംഗവും നില നിൽക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ അടിയുറച്ച പാർട്ടി സഖാവാണ് ജെയ്ക്; പി എം ആർഷോ

പുതുപ്പള്ളിയിൽ ഇടത് മുന്നണിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എസ് എഫ് ഐ സെക്രട്ടറി പി എം ആർഷോ. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണു  പുതുപ്പള്ളി തെരഞ്ഞെടുപ്പ് എൽഡിഎഫും മാധ്യമങ്ങളും തമ്മിലായിരുന്നു എന്ന് മനസിലായത് എന്നാണ്ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ആർഷോ വ്യക്തമാക്കിയത്. എല്ലാ സഹതാപ തരംഗവും പുതുപ്പള്ളിയിൽ നില നിൽക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ അടിയുറച്ച പാർടി സഖാവാണ് ജെയ്ക് എന്നും ആർഷോ കുറിച്ചു.ചാനലുകൾക്ക് സൈബർ രംഗത്ത് ഇടപെടുന്ന സഖാക്കളോട് ഇത്ര വെറുപ്പ് വരാൻ കാരണമെന്തെന്നും ആർഷോ ചോദിച്ചു.നിങ്ങളും നമ്മളുമൊക്കെ തൊഴിലാളികളാണെന്ന ബോധ്യത്തിൽ മണ്ണിലിറങ്ങി നേരെ നിന്ന് നിങ്ങളുടെ രാഷ്ട്രീയം പറയ് എന്നാണ് ആർഷോ കുറിച്ചത്.

പി എം ആർഷോയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കരുതിയിരുന്നത് മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് എന്നാണ്. എന്നാൽ ഫലം വന്നതിന് ശേഷമാണ് മനസിലായത് പുതുപ്പള്ളി തെരഞ്ഞെടുപ്പ് എൽ.ഡി.എഫും മാദ്ധ്യമങ്ങളും തമ്മിലായിരുന്നു എന്ന്.
പുതുപ്പള്ളി പോലെ കോൺഗ്രസ് അര നൂറ്റാണ്ടായി കൈവശം വച്ച അവരുടെ ഉറപ്പായ മണ്ഡലത്തിൽ സഖാവ് ജെയ്ക്ക് സി തോമസ്‌ മത്സരിച്ച് തോറ്റത് യു.ഡി.എഫിന് ഭരണം ലഭിച്ച പോലെയാണ് മാദ്ധ്യമങ്ങൾ ആഘോഷിച്ചത്. ചില ചാനലുകളിൽ രാഷ്ട്രീയ മത്സരം മാറി നടന്നത് ചാനലുകളും സൈബർ ലെഫ്റ്റും തമ്മിലുള്ള മത്സരമാണോ എന്ന് തോന്നിപ്പോകും.
എന്താണ് ഈ ചാനലുകൾക്ക് സൈബർ രംഗത്ത് ഇടപെടുന്ന സഖാക്കളോട് ഇത്ര വെറുപ്പ് വരാൻ കാരണം? ഇന്ന് അവിചാരിതമായി പഴയ ഒരു മനോരമ കാർട്ടൂൺ ശ്രദ്ധയിൽപ്പെട്ടു. സൂര്യനെല്ലി കേസിലെ ഇരയായ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന തരം അധിക്ഷേപിക്കുന്ന ഒരു കാർട്ടൂൺ. കൂട്ട ബലാത്സഗത്തിനിരയായ മൈനറായ ഒരു പെൺ കുഞ്ഞിനെ അശ്ലീലമായ തരത്തിൽ നാടകം കളിക്കുന്നതായി വരച്ചു വെച്ച് പുറകിൽ സഖാവ് ഇ.കെ നായനാർ അഭിനയിക്കാൻ പഠിപ്പിക്കുന്നതായാണ് കോൺഗ്രസിന്റെ അനൗദ്യോഗിക മുഖ പത്രം വരച്ച് വച്ച് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്. ഇന്നാണെങ്കിൽ അകത്ത് പോകേണ്ട കേസാണ്. ഇന്ന് മനോരമയുടെ ചാനലിൽ ഇരുന്ന് ധാർമിക പ്രസംഗം നടത്തുന്നവർക്ക് ശമ്പളം കൊടുക്കുന്നതും ഇതേ മുതലാളി ആണ്. ഇന്നത്തെക്കാലത്ത് ഇതിനൊന്നും പറ്റുന്നില്ല എന്നതാണോ സൈബർ സഖാക്കൾക്കെതിരെ ഈ മാദ്ധ്യമങ്ങൾക്ക് ഈ പക തോന്നാൻ കാരണം? അതോ ചുവപ്പ് കാവിയാകുന്ന കളർ ബ്ലൈന്റ്നെസുള്ള പത്ത് കൊല്ലം പഴക്കമുള്ള ക്യാമറ ചിത്രങ്ങൾ പത്ത് കൊല്ലം മുന്നേ ആയിരുന്നെങ്കിൽ സുഖമായി വിറ്റഴിക്കാമായിരുന്നു, സൈബർ ലെഫ്റ്റ് കാരണം രണ്ട് മണിക്കൂർ കൊണ്ട് മാപ്പ് പറയേണ്ടി വരുന്നു എന്നതാണോ?
സഖാവ് ജെയ്ക്ക് സി തോമസ്‌ സംസ്ഥാനത്തെ കോൺഗ്രസിന്റെ ഏറ്റവും വലിയ അതികായനോട് തോൽക്കുമെന്ന് അറിഞ്ഞു കൊണ്ട് നേരിട്ട് രണ്ട് തവണ മത്സരിച്ച്, അദ്ദേഹത്തിന്റെ മരണ ശേഷം ഒരു പൂർണ്ണ വലതുപക്ഷ മണ്ഡലത്തിൽ എല്ലാ സഹതാപ തരംഗവും നില നിൽക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ അടിയുറച്ച പാർടി സഖാവാണ്. അല്ലാതെ മട്ടന്നൂരും, ധർമ്മടവും, പയ്യന്നൂരുമൊക്കെ പോലെ ഇടത് മുന്നണി അര ലക്ഷത്തിൽ അധികം വോട്ടിനു ജയിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ കിട്ടാതെ തപ്പുന്നതും, ഒടുവിൽ ഘടക കക്ഷികളുടെ തലയിലിട്ട് മുങ്ങുന്ന കോൺഗ്രസുകാരെ പോലെയല്ല. എന്നിട്ട് ആ ജെയ്ക്ക് സി തോമസിനെയാണ് ചാനലുകൾ ചക്ക കൂട്ടാൻ കണ്ട ഗ്രഹണി പിടിച്ചവരെ പോലെ പരിഹസിക്കുന്നത്.
T21 എന്ന മാദ്ധ്യമ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന ഒരു പെൺകുട്ടി പുതുപ്പള്ളി മണ്ഡലത്തിൽ പോയി ചെയ്ത ഒരു വീഡിയോയുടെ പേരിൽ സമാനതകളില്ലാതെ അധിക്ഷേപിക്കപെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണ്. സൈബർ ഇടി മുറികളെ മോബ് ലിഞ്ചിങ് എന്ന് ചാനൽ ഇടി മുറികളിൽ തൊണ്ട പൊട്ടി അലറിയ സെലക്റ്റീവ് ധാർമിക രോഷക്കാരുടെ ഓൺലൈൻ ഇടത്തിലെങ്കിലും അതിനെ കുറിച്ച് ഒരു വാക്ക് എഴുതുമോ?. പ്രിവിലേജുള്ള മനുഷ്യരുടെ പൈങ്കിളിത്തരങ്ങൾക്ക് പോലും പത്തിഞ്ച് കോളം മാറ്റി വെക്കുന്ന മാദ്ധ്യമങ്ങൾ ഒരു സാധാരണ പെൺകുട്ടിയുടെ ആത്മാഭിമാനത്തിന്റെ കൂടെ അര സെക്കന്റ് ചെലവാക്കുമോ. എന്നിട്ട് പറ മാദ്ധ്യമ ന്യായാധിപന്മാരെ സൈബർ സഖാക്കളുടെ കൊമ്പൊടിയലിനെ കുറിച്ചുള്ള കവല പ്രസംഗം. അല്ലെങ്കിൽ മുതലാളിമാരുടെ ഫ്രസ്റ്റേഷനും അഭിലാഷവും തീർക്കാനുള്ള ടൂളുകൾ മാത്രമാണ് നിങ്ങളെന്ന് നാട്ടുകാർ പറയും.
സ്വന്തം ശക്തി കേന്ദ്രത്തിൽ സഹതാപ തരംഗത്തിന്റെ കൂടെ നല്ല വിജയം സ്വന്തമാക്കിയ കോൺഗ്രസുകാരുടെ നിലവിട്ടുള്ള സൈക്കോ കളി മനസിലാക്കാം, കഴിഞ്ഞ ലോകസഭാ റിസൾട്ടിന് ശേഷവും അവർ അങ്ങനെ തന്നെയായിരുന്നു. എന്നാൽ അതിന് മാധ്യമങ്ങളുടെ ചൂട്ട് കത്തിച്ചോട്ടം കൊള്ളുന്ന അടിയൊക്കെ മർമ്മത്ത് തന്നെയാണെന്നതിനുള്ള തെളിവാണ്.
നിങ്ങൾ മാദ്ധ്യമ ഇടിമുറികൾ നിർത്തലാക്കിയാൽ സൈബർ ഇടി മുറികളുമുണ്ടാകില്ല. അതാദ്യം നിർത്തലാക്കി മുതലാളിമാർക്ക് നിങ്ങളല്ലെങ്കിൽ അത് പോലെ വേറൊരാൾ മാത്രം ആണെന്ന് മനസിലാക്കി നിങ്ങളും നമ്മളുമൊക്കെ തൊഴിലാളികളാണെന്ന ബോധ്യത്തിൽ മണ്ണിലിറങ്ങി നേരെ നിന്ന് നിങ്ങളുടെ രാഷ്ട്രീയം പറയ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel