
കേരളം വ്യവസായത്തിന് പറ്റിയ മണ്ണല്ല എന്ന മുൻധാരണ തിരുത്തപ്പെട്ടതായും സംസ്ഥാനം നിക്ഷേപ സൗഹൃദ പാതയിലാണെന്നും മന്ത്രി പി. രാജീവ്. കൈരളി ന്യൂസിന്റെ പ്രത്യേക പരിപാടിയായ പബ്ലിക് ഓഡിറ്റിലാണ് മന്ത്രിയുടെ പ്രതികരണം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിൽ 28-ാം സ്ഥാനത്തുനിന്നും തുടർച്ചയായി ഒന്നാം സ്ഥാനത്തേക്ക് കേരളം എത്തിയത് വലിയ നേട്ടമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 91 ശതമാനം പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിലും ഫീഡ്ബാക്കിന്റെ കുറവ് മൂലം റാങ്കിംഗിൽ 28-ാം സ്ഥാനത്തായിരുന്നു കേരളം. ഇത് പരിഹരിക്കാൻ എല്ലാ ജില്ലകളിലും സംരംഭകരുമായും ഫിക്കി (FICCI), സി.ഐ.ഐ (CII) തുടങ്ങിയ വിവിധ വ്യവസായ സംഘടനകളുമായും നേരിട്ട് ആശയവിനിമയം നടത്തി പരിഷ്കാരങ്ങൾ കൊണ്ടുവന്നു.
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കാൻ സെൻട്രലൈസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റം നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ പ്രവർത്തനങ്ങൾ നിക്ഷേപകരിൽ വലിയ വിശ്വാസമുണ്ടാക്കി. കേരളം ഇന്ന് ഹൈടെക് മാനുഫാക്ചറിംഗ്, ഇ.എസ്.ജി (ESG) നിക്ഷേപങ്ങൾ എന്നിവയുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്.
സർക്കാർ സംവിധാനങ്ങൾക്കൊപ്പം സംരംഭകരും ഒരേ ടീമായി പ്രവർത്തിച്ചതാണ് ഈ വിജയത്തിന് പിന്നിലെന്നും, നിലവിൽ കേരളത്തിലെ സംരംഭകർ തന്നെയാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർമാരെന്നും മന്ത്രി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വാഗ്ദാന പ്രകാരം 2025-26 കാലയളവിൽ ലക്ഷ്യമിട്ട ഒന്നാം സ്ഥാനം നേരത്തെ തന്നെ കൈവരിക്കാൻ സാധിച്ചത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




