
നാടിന്റെ ആവശ്യത്തിനോട് പുറം തിരിഞ്ഞു നിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചെല്ലാനത്ത് ടെട്രാപോഡ് ആദ്യ ഘട്ടം പൂർത്തിയാക്കുകയും രണ്ടാം ഘട്ടത്തിന് അനുമതി നൽകുകയും ചെയ്തു. ടെട്രാപോഡ് പദ്ധതി യുഡിഎഫ് സർക്കാർ അട്ടിമറിക്കരുതെന്നും തീരം സംരക്ഷിക്കപ്പെടണമെന്നും പി രാജീവ് പറഞ്ഞു. സി പി എം പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ടെട്രാപോഡ് നിർമ്മാണ പദ്ധതി ആരംഭിക്കുന്നത്. തീരദേശത്ത് സുരക്ഷിതരല്ലാത്ത മനുഷ്യരുടെ സാഹചര്യം തിരിച്ചറിഞ്ഞായിരുന്നു പദ്ധതി. ഒന്നാം ഘട്ടത്തിൽ 344 കോടി 20 ലക്ഷം രൂപയാണ് സർക്കാർ ചെലവാക്കിയത്. രണ്ടാം ഘട്ട പദ്ധതിയ്‌ക്കായി 404 കോടി രൂപയും അനുവദിച്ചു. എന്നാൽ യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ആദ്യ ബഡ്ജറ്റിൽ പദ്ധതിക്കായി തുക മാറ്റി വെച്ചിരുന്നില്ല.
കിഫ്ബി വഴിയാണ് പദ്ധതിയ്‌ക്ക് ഫണ്ട് അനുവദിച്ചിരുന്നത്. കിഫ്ബി ഇപ്പോൾ വേണ്ടെന്നാണ് യുഡിഎഫ് സർക്കാർ നിലപാട്. ടെട്രാപോഡ് പദ്ധതി സർക്കാർ അട്ടിമറിക്കുകയാ ണ്ടെന്നും രാജീവ് പറഞ്ഞു.
തീരദേശം സംരക്ഷിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണ്. എന്നാൽ, ഫണ്ട് നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല.തീരം സംരക്ഷിക്കണമെന്നും ടെട്രാപോഡ് പദ്ധതി അട്ടിമറിക്കരുതെന്നും ആവശ്യപ്പെട്ട് സിപിഎമിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ് , കൊച്ചി ഏരിയ സെക്രട്ടറി പി എസ് രാജം, പി എ പീറ്റർ എന്നിവർ നേതൃത്വം നൽകി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

