
രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ (Ease of Doing Business) കേരളം കൈവരിച്ച ഒന്നാം സ്ഥാനം കൃത്യമായ ആസൂത്രണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൈരളി ന്യൂസിന്റെ ‘പബ്ലിക് ഓഡിറ്റ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ 28-ാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് തുടർച്ചയായി ഒന്നാം സ്ഥാനത്ത് തുടരുന്നത് സംസ്ഥാനത്തെക്കുറിച്ചുള്ള പഴയകാല ധാരണകളെ തിരുത്തിക്കുറിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കേരളം വ്യവസായത്തിന് പറ്റിയ മണ്ണല്ല’ എന്ന ആഴത്തിൽ വേരോടിയ തെറ്റിദ്ധാരണ ഇല്ലാതാക്കാൻ സാധിച്ചതാണ് ഈ റാങ്കിനേക്കാൾ വലിയ നേട്ടമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫീഡ്ബാക്ക് സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി നിക്ഷേപകരുമായും FICCI, CII, KSSIA തുടങ്ങിയ വിവിധ വ്യവസായ സംഘടനകളുമായും ചർച്ചകൾ നടത്തി. പ്രായോഗികമല്ലാത്ത നിയമങ്ങളിൽ ഭേദഗതി വരുത്തി. ഇതിന്റെ ഫലമായാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒന്നുപോലും തുടങ്ങാൻ കഴിയാതിരുന്ന പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകളുടെ എണ്ണം ഇന്ന് 50-ലേക്ക് അടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായങ്ങൾക്കെതിരെയുള്ള അനാവശ്യ പരിശോധനകൾ ഒഴിവാക്കാൻ നടപ്പിലാക്കിയ ‘സെൻട്രൽ ഇൻസ്പെക്ഷൻ സിസ്റ്റം’ (K-CIS) വലിയ മാറ്റമാണ് വരുത്തിയത്. ഏത് ഉദ്യോഗസ്ഥൻ എവിടെ പരിശോധനയ്ക്ക് പോകണമെന്ന് സിസ്റ്റം തീരുമാനിക്കുകയും 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുകയും വേണം. കേരളം വിജയകരമായി നടപ്പിലാക്കിയ ഈ മാതൃക ഇന്ന് മറ്റ് സംസ്ഥാനങ്ങളും പിന്തുടരുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളുടെ ഏകോപനവും ഈ വിജയത്തിൽ നിർണ്ണായകമായെന്ന് മന്ത്രി വ്യക്തമാക്കി
കേരളത്തെ ഇപ്പോൾ ലോകം ഒരു ഹൈടെക് മാനുഫാക്ചറിംഗ്, ഇഎസ്ജി (ESG) നിക്ഷേപ കേന്ദ്രമായാണ് കാണുന്നത്. അയൽ സംസ്ഥാനങ്ങൾ പോലും കേരളത്തെ ഒരു ശക്തമായ എതിരാളിയായി കാണാൻ തുടങ്ങിയിരിക്കുന്നു. 2025-26 കാലയളവിൽ ഒന്നാം സ്ഥാനത്തെത്തുമെന്നായിരുന്നു എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമെങ്കിലും നിശ്ചിത സമയത്തിന് മുൻപേ ഈ ലക്ഷ്യം കൈവരിക്കാനായി. സംരംഭകർ തന്നെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറുന്ന കാഴ്ചയാണ് പല ആഗോള വേദികളിൽ കണ്ടതെന്നും, ഗവൺമെന്റും സംരംഭകരും ഒരൊറ്റ ടീമായി പ്രവർത്തിച്ചതാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




