
വിഴിഞ്ഞം തുറമുഖ കരാറിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് പി. രാജീവ്. മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് ഇത്തരത്തിൽ വെല്ലുവിളിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും, അദ്ദേഹത്തിന്റെ ശരീരഭാഷയും വെല്ലുവിളികളും ഒരു പ്രതിപക്ഷ നേതാവിന്റേതിന് സമാനമാണെന്നും രാജീവ് വിമർശിച്ചു.
അദാനി കമ്പനിയിൽ എം എസ് സി കമ്പനിക്ക് ഓഹരി പങ്കാളിത്തം എന്ന വാർത്ത ആദ്യം വന്നത് ദേശാഭിമാനിയിൽ അല്ല. ജൂൺ 3 ന് മാതൃഭൂമിയിൽ വാർത്ത വന്നു. അതിന് മുമ്പ് എക്കണോമിക് ടൈംസിൽ വന്നു. ഈ സർക്കാർ നിലവിൽ വന്ന ശേഷമുള്ള കാര്യങ്ങളിലാണ് ദുരുഹതയെന്ന് പി രാജീവ് പറഞ്ഞു.
വിഴിഞ്ഞം കരാർ പ്രകാരം ഓഹരി കൈമാറ്റം നടത്തുന്നതിന് മുൻപായി മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ അനുമതി വാങ്ങുന്നതിന് മുൻപ് തന്നെ അഗ്രിമെന്റിലേക്ക് പോയത് ഗൗരവകരമായ കാര്യമാണ്. അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റം ചെയ്യുമ്പോൾ സംസ്ഥാനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളെയും സുരക്ഷയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കൃത്യമായ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയും പുകമറ സൃഷ്ടിച്ച് വസ്തുതകളെ മറച്ചുവെക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണസംവിധാനത്തിലെ നിർണ്ണായക വകുപ്പുകളായ ധനം, നിയമം, പൊതുഭരണം എന്നിവ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത് ‘ക്രോസ് ചെക്കിംഗ്’ (Cross-checking mechanism) സംവിധാനത്തെ തകർക്കുമെന്ന് പി. രാജീവ് പറഞ്ഞു. ഓരോ വകുപ്പും എടുക്കുന്ന തീരുമാനങ്ങൾ നിയമപരമായും സാമ്പത്തികമായും പരിശോധിക്കേണ്ട സ്വയംഭരണ സ്വഭാവമുള്ള വകുപ്പുകളാണ് ഇവ. ഇവയെല്ലാം ഒരാളിലേക്ക് കേന്ദ്രീകരിക്കുമ്പോൾ കളക്ടീവ് റെസ്പോൺസിബിലിറ്റിയുടെ അടിസ്ഥാന പാഠങ്ങൾ ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഇടതുപക്ഷ സർക്കാരുകളുടെ കാലത്തെ വകുപ്പ് വിഭജനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നായനാർ സർക്കാരിന്റെയും വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെയും കാലത്ത് ഐടി വകുപ്പ് കൈകാര്യം ചെയ്ത രീതിയും അന്ന് വകുപ്പുകൾ വിഭജിച്ചതിലെ യുക്തിയും അദ്ദേഹം ഉദാഹരണമായി നിരത്തി. വസ്തുതകൾ പരിശോധിക്കാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ഒരു ഭരണാധികാരി എന്ന നിലയിൽ കാര്യങ്ങളിൽ ആധികാരികത ഉറപ്പുവരുത്താൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും രാജീവ് കൂട്ടിച്ചേർത്തു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടികൾ ഒട്ടും തൃപ്തികരമല്ലെന്നും പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

