മറ്റു വകുപ്പുകളുടെ ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് വികസിപ്പിക്കാന്‍ സഹായം നല്‍കും: മന്ത്രി പി രാജീവ്

p rajeev

തദ്ദേശസ്ഥാപനങ്ങൾക്കും സഹകരണ വകുപ്പിനും കീഴിൽ വെറുതേകിടക്കുന്ന ഭൂമി വ്യവസായ ആവശ്യങ്ങൾക്ക് ഉതകുംവിധം വികസിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന കാര്യം വ്യവസായ വകുപ്പ് ഗൗരവമായി പരിഗണിച്ചു വരികയാണെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) ഏറ്റുമാനൂർ വ്യവസായ എസ്‌റ്റേറ്റിൽ ആരംഭിച്ച ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര വരുമാനം വർധിക്കാൻ വ്യവസായ മേഖല ശക്തിപ്പെടേണ്ടതുണ്ട്. കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കുന്നതിന് ഭൂമി ആവശ്യവുമാണ്. 37 സ്വകാര്യ പാർക്കുകൾക്ക് ഈ സർക്കാർ ഇതിനോടകം അനുമതി നൽകിക്കഴിഞ്ഞു. 11 ക്യാംപസ് വ്യവസായ പാർക്കുകളും ഉടനെ ഉദ്ഘാടനം ചെയ്യും. ഏറ്റമാനൂരിൽ കേന്ദ്ര വ്യവസായ വകുപ്പിനു കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന പത്ത് ഏക്കർ ഭൂമി ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് കേന്ദ്രവുമായി ആവശ്യമായ ആശയവിനിമയം നടത്തും.

ALSO READ; വഴിക്കടവ് അപകടം: ഏഴ് മാസം മുമ്പ് പരാതി അറിയിച്ചിരുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധം: കെഎസ്ഇബി

സിഡ്‌കോയെപ്പറ്റി നേരത്തേ ആളുകൾക്കിടയിൽ അഴിമതി നിറഞ്ഞ സ്ഥാപനമെന്ന ദുഷ്‌പേര് ഉണ്ടായിരുന്നുവെന്നും അത് മാറ്റിയെടുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിഡ്കോ ഇപ്പോള്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും എംഡിമാരുടെ നിയമനം പൂർണമായും റിക്രൂട്‌മെന്റ് ബോർഡ് വഴിയാക്കി. താൽപര്യങ്ങളുടെ പുറത്ത് ആരേയും നിയമിക്കില്ല. പുതുതായി നിയമിക്കപ്പെടുന്ന എംഡിമാർക്ക് ഒരു വർഷം പ്രൊബേഷൻ കാലാവധിയായിരിക്കും. അതിനുശേഷമാണ് അവർക്ക് രണ്ടുവർഷത്തേക്കുകൂടി കാലാവധി നീട്ടിക്കൊടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഒരു ജോലിയും ഇല്ലാതിരിക്കുന്നവർ സ്ഥാപനങ്ങൾക്ക് ആവശ്യമില്ല. പൊതുമേഖല സ്ഥാപനങ്ങളെയെല്ലാം ലാഭത്തിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കേരളം ലക്ഷ്യംവച്ചതിലുമേറെ സംരംഭങ്ങളും നിക്ഷേപകരും ഇപ്പോൾ കടന്നുവരികയാണെന്നും പുതിയ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖ, സഹകരണ, ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ സംസ്ഥാനത്ത് വ്യവസായ മേഖലയിൽ ഒട്ടേറെ സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട സംരംഭങ്ങളുടെ ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിനും വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിനും ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: തീപിടിച്ച കപ്പലില്‍ ഗുരുതര രാസവസ്തുക്കള്‍ അടങ്ങിയ 157 കണ്ടെയ്‌നറുകള്‍

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെപ്പറ്റിയുള്ള ആക്ഷേപങ്ങൾ അവസാനിക്കണമെന്നത് എല്ലാവരുടേയും ആഗ്രഹമായിരുന്നെന്നും ഇപ്പോൾ അക്കാര്യത്തിൽ ആശാവഹമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. മാനേജ്‌മെന്റുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ഉത്തരവാദിത്തം കാണിക്കണമെന്നും ട്രേഡ് യൂണിയനുകൾ ആത്മപരിശോധന നടത്തിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സംരംഭം തുടങ്ങാൻ പലർക്കും ഭയമായിരുന്നുവെന്നും അതിനു മാറ്റം വരാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.

വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, സിഡ്‌കോ ചെയർമാൻ സി.പി. മുരളി, മാനേജിംഗ് ഡയറക്ടർ ആർ. ജയശങ്കർ, കിൻഫ്ര എം.ഡി: സന്തോഷ് കോശി തോമസ്, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ ചെയർമാൻ അജിത്ത് കുമാർ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസ് വർഗീസ്, പഞ്ചായത്ത് അംഗം ബിജു വലിയമല, സിഡ്‌കോ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി. രാജീവ്, സോമി ചെറിയാൻ, രാഗേഷ് മന്നമ്പേത്ത്, ഏറ്റുമാനൂർ സിഡ്‌കോ എസ്‌റ്റേറ്റ് വ്യവസായ ഫോറം പ്രസിഡന്റ് ശംഭുനാഥ് ശശികുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബാബു ജോർജ്, ജറോയി പൊന്നാറ്റിൽ, അഡ്വ. ബിനു ബോസ്, രാജീവ് നെല്ലിക്കുന്നേൽ, സരൂൺ കെ. അപ്പുക്കുട്ടൻ, ജോസ് ഇടവഴിക്കൽ, സിഡ്‌കോ ട്രേഡ് യൂണിയൻ പ്രതിനിധികളായ ജി. സെമിന തമ്പി, പി.എസ്. മധുസൂദനൻ, വി. സന്തോഷ്, എസ്. വിനോദ്, സിഡ്‌കോ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്‌ട്രെക്ചർ വിഭാഗം മേധാവി ആർ. എബിൻ എന്നിവർ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News