കേരളത്തിലെ ഏറ്റവും മികച്ച സംരംഭകർക്ക് പുരസ്‌കാരവുമായി വ്യവസായ വകുപ്പ്

കേരളത്തിലെ ഏറ്റവും മികച്ച സംരംഭകരെ കണ്ടെത്തി സംരംഭക മേഖലയിലെ മികവിനുള്ള പുരസ്കാരം വിതരണം ചെയ്ത് വ്യവസായ വകുപ്പ്. കേരളം സംരംഭങ്ങളുടെ കാര്യത്തിൽ കുതിച്ചുചാട്ടം നടത്തുമ്പോൾ ഈ സംരംഭകരെ ചേർത്തു പിടിക്കുകയാണ് വ്യവസായവകുപ്പെന്ന് മന്ത്രി പി രാജീവ്. ഉൽപാദന മേഖലയിലെ ഏറ്റവും മികച്ച സൂക്ഷ്മ-ചെറുകിട-ഇടത്തരം-വൻകിട സംരംഭങ്ങൾക്ക് പുറമെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മികച്ച സംരംഭം, ഏറ്റവും മികച്ച വനിതാ സംരംഭം, ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്നീ മേഖലയിലും ഉൽപാദന മേഖലയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുമുള്ള പുരസ്കാരം ഇന്ന് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിൽ വച്ച് കൈമാറും. മന്ത്രി പങ്കുവെച്ച പോസ്റ്റിൽ ആണ് ഇക്കാര്യം പങ്കുവെച്ചത്.

ALSO READ:വനിത കമ്മിഷനില്‍ ക്ലാര്‍ക്ക് നിയമനം
2021-22 വർഷത്തിൽ 524.50 കോടി രൂപയുടെ വിറ്റുവരവ് കരസ്ഥമാക്കിയ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏകെ നാച്ചുറൽ ഇൻഗ്രീഡിയൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റവും മികച്ച വൻകിട സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും മികച്ച ഇടത്തരം സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പരമ്പരാഗത വ്യവസായ മേഖലയായ കശുവണ്ടി കേർണൽ കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള സൗപർണിക എക്സ്പോർട്ട് എൻ്റർപ്രൈസസാണ്.മികച്ച ചെറുകിട സംരംഭമായി തെരഞ്ഞെടുക്കപ്പെട്ട മറൈൻ ഹൈഡ്രോ കോളോയിസ്ഡ് 86 പേർക്ക് തൊഴിൽ നൽകുന്ന ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട അഗർ-അഗർ ഭക്ഷ്യ ചേരുവാ നിർമ്മാണകേന്ദ്രമാണ്. 110 പേർക്ക് തൊഴിൽ നൽകുന്ന കല്യാണി ഫുഡ് പ്രൊഡക്റ്റ്സ് ആണ് ഉൽപാദന മേഖലയിലെ ഏറ്റവും മികച്ച സൂക്ഷ്മ സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭകർക്ക് പ്രത്യേക പരിഗണന നൽകി ഈ മേഖലയിൽ കൂടുതൽ സംരംഭകർക്ക് സഹായം നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായിട്ടാണ് സംരംഭമേഖലയിലെ മികവിനുള്ള അവാർഡിൽ പട്ടികജാതി വിഭാഗത്തിലെ മികച്ച സംരംഭം എന്ന വിഭാഗത്തിലും പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷത്തെ ഏറ്റവും മികച്ച വനിതാ സംരംഭമായി തെരഞ്ഞെടുത്തിരിക്കുന്നത് ഒരു കുടുംബശ്രീ യൂണിറ്റിനെയാണ്. ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്ന വിഭാഗത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം നേടിയിരിക്കുന്നത്ഒലിയോറെസിൻ മാനുഫാക്ചറിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന മാൻ കാൻകർ ഇൻഗ്രീഡിയൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭമാണ്.

ഉയർന്നുവരുന്ന ഐ.ടി ഇതര സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനാണ് ഉൽപാദന മേഖലയിലെ മികച്ച സ്റ്റാർട്ടപ്പിനും വ്യവസായ വകുപ്പ് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സസ്റ്റെയിനബിൾ ഫുഡ് പാക്കേജിങ്ങ് രംഗത്ത് പ്രവർത്തിച്ചുവരുന്ന വർഷ്യ എക്കോ സൊലൂഷൻസ് ആണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹമായിട്ടുള്ളത്. വരും വർഷങ്ങളിൽ ആരോഗ്യപരമായ മത്സരം വളർത്തിക്കൊണ്ടുവരാനും മികച്ച നിരവധി സംരംഭങ്ങൾ കൂടി കേരളത്തിൽ സൃഷ്ടിച്ചെടുക്കാനും സംരംഭമേഖലയിലെ മികവിനുള്ള സംസ്ഥാന അവാർഡുകൾ ഒരു പിന്തുണയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കുറിച്ചു.

ALSO READ: ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയും

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കേരളം സംരംഭങ്ങളുടെ കാര്യത്തിൽ കുതിച്ചുചാട്ടം നടത്തുമ്പോൾ ഈ സംരംഭകരെ ചേർത്തുപിടിക്കുകയാണ് വ്യവസായ വകുപ്പ്. കേരളത്തിലെ ഏറ്റവും മികച്ച സംരംഭകരെ കണ്ടെത്തിക്കൊണ്ട് സംരംഭക മേഖലയിലെ മികവിനുള്ള പുരസ്കാരം ഞങ്ങൾ വിതരണം ചെയ്യുകയാണ്. ഉൽപാദന മേഖലയിലെ ഏറ്റവും മികച്ച സൂക്ഷ്മ-ചെറുകിട-ഇടത്തരം-വൻകിട സംരംഭങ്ങൾക്ക് പുറമെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മികച്ച സംരംഭം, ഏറ്റവും മികച്ച വനിതാ സംരംഭം, ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്നീ മേഖലയിലും ഉൽപാദന മേഖലയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുമുള്ള പുരസ്കാരം ഇന്ന് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിൽ വച്ച് കൈമാറും.
2021-22 വർഷത്തിൽ 524.50 കോടി രൂപയുടെ വിറ്റുവരവ് കരസ്ഥമാക്കിയ പത്തനം തിട്ട ജില്ലയിൽ നിന്നുള്ള ഏകെ നാച്ചുറൽ ഇൻഗ്രീഡിയൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റവും മികച്ച വൻകിട സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്പൈസസ്, ഒലിയോ റെസിൻ & എസ്സെൻഷ്യൽ ഓയിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഇനിയും വലിയ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.
2021-22 വർഷത്തിലെ ഏറ്റവും മികച്ച ഇടത്തരം സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പരമ്പരാഗത വ്യവസായ മേഖലയായ കശുവണ്ടി കേർണൽ കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള സൗപർണിക എക്സ്പോർട്ട് എൻ്റർപ്രൈസസാണ്. കൊല്ലത്ത് നിന്നുള്ള സംരംഭത്തിൻ്റെ ഈ കാലയളവിലെ വിറ്റുവരവ് 220 കോടി രൂപയാണ്.
മികച്ച ചെറുകിട സംരംഭമായി തെരഞ്ഞെടുക്കപ്പെട്ട മറൈൻ ഹൈഡ്രോ കോളോയിസ്ഡ് 86 പേർക്ക് തൊഴിൽ നൽകുന്ന ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട അഗർ-അഗർ ഭക്ഷ്യ ചേരുവാ നിർമ്മാണകേന്ദ്രമാണ്. ഭക്ഷ്യ സംസ്കരണ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന സംരംഭത്തിൻ്റെ ആസ്ഥാനം കൊച്ചിയാണ്.
110 പേർക്ക് തൊഴിൽ നൽകുന്ന കല്യാണി ഫുഡ് പ്രൊഡക്റ്റ്സ് ആണ് ഉൽപാദന മേഖലയിലെ ഏറ്റവും മികച്ച സൂക്ഷ്മ സംരംഭമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2016ൽ മാത്രം പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ വർഷം കൊണ്ട് ഭക്ഷ്യ സംസ്കരണ മേഖലയിലെ മികച്ച സംരംഭമായി കൊല്ലം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന കല്യാണി ഫുഡ് പ്രൊഡക്റ്റ്സ് മാറി.
പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭകർക്ക് പ്രത്യേക പരിഗണന നൽകി ഈ മേഖലയിൽ കൂടുതൽ സംരംഭകർക്ക് സഹായം നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് സംരംഭമേഖലയിലെ മികവിനുള്ള അവാർഡിൽ പട്ടികജാതി വിഭാഗത്തിലെ മികച്ച സംരംഭം എന്ന വിഭാഗത്തിലും പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിലെ പ്രഥമ പുരസ്കാരം നേടിയിരിക്കുന്നത് മലപ്പുറം ജില്ലയിൽ നിന്നുള്ള ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഫൈകോർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനമാണ്. ഒരു ലക്ഷം രൂപയുടെ നിക്ഷേപവുമായി തുടങ്ങിയ സ്ഥാപനത്തിന് 2021-22 സാമ്പത്തിക വർഷത്തിൽ 60 ലക്ഷം രൂപയുടെ വിറ്റുവരവ് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
സംരംഭക വർഷം പദ്ധതിയിലൂടെ മാത്രം കേരളത്തിൽ സംരംഭകരായ സ്ത്രീകളുടെ എണ്ണം 70000ത്തിലധികമാണ് എന്നിരിക്കെ എങ്ങനെയാണ് മികച്ച വനിതാ സംരംഭം എന്നൊരു പുരസ്കാരം നൽകാതിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച വനിതാ സംരംഭമായി തെരഞ്ഞെടുത്തിരിക്കുന്നത് ഒരു കുടുംബശ്രീ യൂണിറ്റിനെയാണ് എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള സഞ്ജീവനി കുടുംബശ്രീ യൂണിറ്റ് ആരംഭിച്ചിട്ടുള്ള ഭക്ഷ്യ സംസ്കരണ യൂണിറ്റാണ് ഈ വർഷത്തെ ഏറ്റവും മികച്ച വനിതാ സംരംഭം.
കയറ്റുമതിയിൽ വലിയ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിൽ തീർച്ചയായും ഈ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകേണ്ടതുണ്ട്. ഇതിനായി ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്ന വിഭാഗത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം നേടിയിരിക്കുന്നത് 2021-22 സാമ്പത്തിക വർഷത്തിൽ 851 കോടി രൂപയുടെ വിറ്റുവരവ് നേടിയിട്ടുള്ള ഒലിയോറെസിൻ മാനുഫാക്ചറിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന മാൻ കാൻകർ ഇൻഗ്രീഡിയൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭമാണ്. എറണാകുളം ജില്ലയിൽ നിന്നുള്ള സംരംഭത്തിൽ ഇപ്പോൾ 307 പേരാണ് തൊഴിലെടുക്കുന്നത്.
സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ മേഖലയിൽ ഏറ്റവും മികച്ച നാടായി മാറുന്ന കേരളം ഈ വിഭാഗത്തിൽ നിരവധി പുരസ്കാരങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ഐ.ടി ഇതര മേഖലയിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വർധനവ് ദേശീയ മാധ്യമങ്ങളുൾപ്പെടെ വാർത്തയാക്കുകയും ചെയ്തിരുന്നു. ഉയർന്നുവരുന്ന ഐ.ടി ഇതര സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനാണ് ഉൽപാദന മേഖലയിലെ മികച്ച സ്റ്റാർട്ടപ്പിനും വ്യവസായ വകുപ്പ് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സസ്റ്റെയിനബിൾ ഫുഡ് പാക്കേജിങ്ങ് രംഗത്ത് പ്രവർത്തിച്ചുവരുന്ന വർഷ്യ എക്കോ സൊലൂഷൻസ് ആണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹമായിട്ടുള്ളത്.
സംരംഭമേഖലയിലെ മികവിനുള്ള പ്രഥമ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ സംസ്ഥാനതല വിജയികളാണ് ഇവർ. തീർച്ചയായും വരും വർഷങ്ങളിൽ ആരോഗ്യപരമായ മത്സരം വളർത്തിക്കൊണ്ടുവരാനും മികച്ച നിരവധി സംരംഭങ്ങൾ കൂടി കേരളത്തിൽ സൃഷ്ടിച്ചെടുക്കാനും സംരംഭമേഖലയിലെ മികവിനുള്ള സംസ്ഥാന അവാർഡുകൾ ഒരു പിന്തുണയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരളത്തിൻ്റെ വികസനത്തിനായി നമുക്കൊരുമിച്ച് മുന്നോട്ടുപോകാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here