
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് ചോദ്യങ്ങളുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് കഴിഞ്ഞ ഗവൺമെന്റ് കാലത്താണ് എന്ന് റോജി എം ജോൺ മാധ്യമങ്ങളെ കണ്ട് പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് സഞ്ജീവ് ചോദ്യങ്ങൾ ഉയർത്തുന്നത്.
കഴിഞ്ഞ സർക്കാർ കാലത്ത് യൂണിവേഴ്സിറ്റികളിൽ ചാൻസിലർ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഗവർണർ ഇടപെട്ടപ്പോൾ അങ്ങയുടെ രാഷ്ട്രീയപാർട്ടിയും മുന്നണിയും എടുത്ത നിലപാട് എന്താണ് എന്നായിരുന്നു സഞ്ജീവിന്റെ ആദ്യ ചോദ്യം. ഇടത് കാലത്ത് കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് കോൺഗ്രസ് നേതാക്കളെ ഇതേ സംഘ് ഗവർണർ നോമിനേറ്റ് ചെയ്തപ്പോൾ അങ്ങും അങ്ങയുടെ രാഷ്ട്രീയം പാർട്ടിയുമെടുത്ത നിലപാട് എന്താണെന്നും കാലിക്കറ്റ് സർവകലാശാലയിൽ ഇന്ന് വി.സി ആയിരിക്കുന്ന കോൺഗ്രസ് അധ്യാപക സംഘടനയുടെ നേതാവായ പ്രൊഫസർ രവീന്ദ്രനെ സംഘപരിവാർ നിയമിക്കുമ്പോൾ നിങ്ങളുടെ സർവീസ് സംഘടന നേതാവിനോട് രാജിവെക്കാൻ ആവശ്യപ്പെടാത്തത് എന്തുകൊണ്ടായിരുന്നു എന്നും സഞ്ജീവ് ചോദിക്കുന്നു.
ഇടതുപക്ഷകാലത്ത് ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ താല്പര്യത്തോടെ ഇടപെടുമ്പോൾ അതിൽനിന്ന് ആനുകൂല്യങ്ങൾ പറ്റുകയായിരുന്നു യുഡിഎഫ് എന്നും മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കാൻ തയ്യാറാവണം എന്നും സഞ്ജീവ് പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പറയുമ്പോൾ എല്ലാം പറയണം, സത്യസന്ധമായി പറയണം.
റോജി എം ജോൺ മാധ്യമങ്ങളെ കണ്ട് ” കാവിവത്കരണം അനുവദിക്കില്ല, ഗവർണർ കഴിഞ്ഞ ഗവൺമെന്റ് കാലത്താണ് ഇടപെട്ട് തുടങ്ങിയത് ” ഇങ്ങനെ പറഞ്ഞതായി കണ്ടു.
ബഹു മന്ത്രിയോടുള്ള ചോദ്യങ്ങൾ വളരെ ലളിതമാണ്.
1)കഴിഞ്ഞ സർക്കാർ കാലത്ത് യൂണിവേഴ്സിറ്റികളിൽ ചാൻസിലർ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഗവർണർ ഇടപെട്ടപ്പോൾ അങ്ങയുടെ രാഷ്ട്രീയപാർട്ടിയും മുന്നണിയും എടുത്ത നിലപാട് എന്താണ്?
2) ഇടത് കാലത്ത് കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് കോൺഗ്രസ് നേതാക്കളെ ഇതേ സംഘ് ഗവർണർ നോമിനേറ്റ് ചെയ്തപ്പോൾ അങ്ങും അങ്ങയുടെ രാഷ്ട്രീയം പാർട്ടിയുമെടുത്ത നിലപാട് എന്താണ്?
3)കാലിക്കറ്റ് സർവകലാശാലയിൽ ഇന്ന് വി.സി ആയിരിക്കുന്ന കോൺഗ്രസ് അധ്യാപക സംഘടനയുടെ നേതാവായ പ്രൊഫസർ രവീന്ദ്രനെ സംഘപരിവാർ നിയമിക്കുമ്പോൾ നിങ്ങളുടെ സർവീസ് സംഘടന നേതാവിനോട് രാജിവെക്കാൻ ആവശ്യപ്പെടാത്തത് എന്തുകൊണ്ടായിരുന്നു.?
ഇടതുപക്ഷകാലത്ത് ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ താല്പര്യത്തോടെ ഇടപെടുമ്പോൾ അതിൽനിന്ന് ആനുകൂല്യങ്ങൾ പറ്റുകയായിരുന്നു മിസ്റ്റർ റോജി എം ജോൺ നിങ്ങളുടെ പാർട്ടിയും, മുന്നണിയും.
മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കാൻ തയ്യാറാവണം.
എംജി സർവ്വകലാശാലയിലും, ഉന്നത വിദ്യാഭ്യാസ വകുപ്പ് തലവനായും സംഘപരിവാർ നിയമനങ്ങൾ നടക്കുമ്പോൾ. ഗവർണറോട് തർക്കത്തിൽ ഇല്ലെന്നു പറഞ്ഞത് നിങ്ങളായിരുന്നു മിസ്റ്റർ റോജി എം ജോൺ. എന്നിട്ടിപ്പോൾ പൊതുജനങ്ങൾ കാവിവൽക്കരണത്തിനെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് കാണുമ്പോൾ മാധ്യമങ്ങളുടെ മുന്നിൽ വന്ന് വായിൽ തോന്നുന്നത് പറഞ്ഞാൽ അത് സത്യമാവില്ല.
കഴിഞ്ഞ സർക്കാർ, അതിന്റെ മുഖ്യമന്ത്രി,ഉന്നത വിദ്യാഭ്യാസ മന്ത്രി ഇവരൊക്കെയും ഗവർണറുടെ തെറ്റായ ഇടപെടലിനെ ചോദ്യം ചെയ്താണ് മുന്നോട്ട് പോയത്. സുപ്രീം കോടതി വരെ എത്തി ആ പോരാട്ടം. ഇത്തരം സംഘപരിവാർ ഇതര സർക്കാരുകളോട് ഗവർണറെ ഉപയോഗിച്ചുകൊണ്ടുള്ള ഇടപെടൽ കേരളത്തിലെ മാത്രം സംഭവമല്ല, അതും കോൺഗ്രസുകാരനായ റോജി എം ജോൺ മനസ്സിലാക്കുന്നത് നന്നാവും.
നിങ്ങൾ അറിയാതെയാണ് നിങ്ങളുടെ സർവകലാശാലകളിൽ വി.സിയും സെനറ്റ് അംഗങ്ങളും ഒക്കെയും വരുന്നതെങ്കിൽ അതിന്റെ കാരണക്കാരൻ നിങ്ങളുടെ മുഖ്യമന്ത്രിയാണ്, അദ്ദേഹം ഗവർണറോട് ഉണ്ടാക്കിയ ഡീലാണ്. വെറും നോക്കുകുത്തിയായി ഗവർണർ &വകുപ്പ് മേധാവി ഭരണം കണ്ട് സെക്രട്ടറിയേറ്റ് ഓഫീസിൽ ഇരിക്കുന്നതിലും ഭേദം രാജിവെച്ചു പുറത്തു പോകുന്നതാണ് നല്ലത്.
ഒന്നുമില്ലെങ്കിലും കോൺഗ്രസിലെ ഒറ്റയാൾ പോരാട്ടം നടത്തിയ സംഘപരിവാർ വിരുദ്ധ പോരാളി എന്നെങ്കിലും നിങ്ങളെ ചരിത്രം വാഴ്ത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

