‘പൂക്കളിലെ സുഗന്ധവും, പുസ്തകങ്ങളിലെ സർവ്വവിജ്ഞാനവും’; എം. സ്വരാജിന്റെ പുസ്‌തകത്തെ കുറിച്ച് പി.ടി.രാഹേഷ്

ഓരോ ചെറു ചെറു വസ്തുവിലും
വിരൽ തൊട്ടു, തൊട്ടങ്ങ് ചോദിക്കൂ…
എങ്ങനെയിത് കിട്ടീ നിങ്ങൾക്ക് !

ഈ വരികൾ പോലെ ജീവിതത്തിൽ പലപ്പോഴായി വന്നു തൊട്ട പൂക്കളെ കുറിച്ചുള്ള അതിസൂക്ഷമവും, അന്വേഷണാത്മകവുമായ പഠനമാണ് എം.സ്വരാജിന്റെ പൂക്കളുടെ പുസ്തകം. പുതിയൊരു അറിവു നിർമ്മാണത്തിനായി വായന എങ്ങനെ സഹായിക്കുന്നു, പിന്തുണയ്ക്കുന്നു എന്നു മനസ്സിലാക്കാവുന്ന ഏറ്റവും നല്ല പുസ്തകങ്ങളിലൊന്നുമാണ് ‘പൂക്കളുടെ പുസ്തകം’. പൂക്കളെ കുറിച്ചെഴുതിയ ഈ കുറിപ്പുകൾ എടുക്കുകയോ, തള്ളിക്കളയുകയോ ചെയ്യാമെന്ന മുഖവുരയോടെയാണ് തൻ്റെ പുസ്തകം എം.സ്വരാജ് വായനക്കാർക്ക് നൽകുന്നത്. പൂക്കളെ കാണാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. സ്വരാജിൻ്റെ വാക്കുകളെ കേൾക്കുന്നതു പോലെ തന്നെയൊന്നാണത്. അവതരിപ്പിക്കുന്ന കാര്യം എന്തു തന്നെയായാലും അതിൻ്റെ വേരിലേക്ക് കേൾവിക്കാരെ കൂട്ടികൊണ്ടു പോവാനാവുന്ന മന്ത്രികനാണ് എം.സ്വരാജ്. ഇവിടെ പൂക്കളുടെ പുസ്തകത്തിൽ തൻ്റെ കാഴ്ച്ചയുറച്ച കാലം മുതൽ വാൽസല്യം തോന്നിയ, പല കാരണങ്ങളാൽ മനസ്സിൽ ഇടം പിടിച്ച പൂക്കളെ കുറിച്ച് ഒരു കുട്ടിയുടെ കൗതുകത്തോടെ സംസാരിക്കുകയാണ് സ്വരാജ്. ചിരപരിചിതമായ പൂക്കളുടെ വേരുകൾ തേടിച്ചെന്നപ്പോൾ കണ്ട ചരിത്രത്തിൽ അടയാളച്ചെടുത്തിയ പുഷ്പ മുദ്രകൾ നമുക്കിവിടെ അത്ഭുതത്തോടെ വായിച്ചെടുക്കാം. മനുഷ്യരാശിയുടെ ചരിത്രവഴികളിലെ വിസ്മയിപ്പിക്കുന്ന പുഷ്പ സാന്നിധ്യങ്ങളെ കുറിച്ച് എം.സ്വരാജ് എഴുതുമ്പോൾ പൂവിനും പൂമ്പാറ്റക്കും ഏതൊരു മൺതരിക്കും നാം കാണുന്നതിനേക്കാളേറെ വലിപ്പമുണ്ടെന്ന് നമുക്ക് തിരിച്ചറിയാനാവും. ഏതൊരാളും പിന്നീട് ആ പൂക്കളെ കാണുമ്പോൾ സ്വാഭാവികമായും അറിവിന്റെ വിശാലമായ ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോകാനാണ് പുസ്തകം സഹായിക്കുക.

മാനവരാശിയെ സ്വാധീനിക്കുന്നതിൽ ഓരോ പൂവിൻ്റേയും വ്യത്യസ്തമായ സാന്നിധ്യത്തെ കുറിച്ചാണ് പുസ്തകത്തിലെ ഓരോ കുറിപ്പും. ഒരു ചെടിയിൽ വിടർന്ന് ഒരു ചെടിയിൽ അവസാനിക്കുന്ന ചെറു ലോകമല്ല ഒരു പൂവിനുള്ളതെന്ന് പഠിപ്പിക്കുകയാണ് പുസ്തകം ചെയ്യുന്നത്. ഏതു കടലിനേക്കാളും വലുതാണ് മനുഷ്യനെന്നാണ് മാക്സിം ഗോർക്കി പറഞ്ഞതെങ്കിൽ, ഓരോ പൂവും ഓരോ കടലാണ്, ഓരോ ഇതളും ഓരോ കടലാണ്, നിസ്സാരമായതൊന്നും ഭൂമിയിലില്ല എന്നാണ് സ്വാരാജ് പറയുന്നത്. പറയുക മാത്രമല്ല എങ്ങനെയാണ് ഓരോ പൂവും മനുഷ്യനെ ചരിത്രത്തിൽ ഇഴുകി ചേർന്നിട്ടുള്ളതെന്ന് വിശദീകരിക്കുകയാണ് ഈ എഴുത്തുകാരൻ ചെയ്യുന്നത്. ഐതിഹ്യങ്ങളിൽ, വിശ്വാസങ്ങളിൽ, ചരിത്രത്തിൽ, പോരാട്ടങ്ങളിൽ, സാമൂഹ്യ മുന്നേറ്റങ്ങളിൽ, പ്രതീക്ഷകളിൽ എങ്ങനെയാണ് മനുഷ്യൻ പൂക്കളെ കണ്ടതെന്നും, ഉയർത്തി പിടിച്ചതെന്നും മനോഹരമായി നമുക്കിവിടെ വായിച്ചെടുക്കാനാവും. വായനക്കാരായി കുട്ടികളെയാണ് ഞാൻ കാണുന്നതെന്ന് എഴുത്തുകാരൻ പറയുന്നത് പുസ്തകത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം വ്യക്തമാണ്. ഈ മഹാ പ്രപഞ്ചത്തിലെ ഓരോ പൂവിനും ഇലക്കും ചെറുപ്രാണികൾക്കുമെല്ലാം കൃത്യമായ ഇടമുണ്ടെന്നും, ഈ ഭൂമിയിലൊന്നും നിസ്സാരല്ലെന്ന് തിരിച്ചറിയുന്ന ഒരു തലമുറയാണ് ഇനിയാവശ്യം. പൂക്കളേയും, മരങ്ങളേയും, മണ്ണിനേയും പരിഗണിക്കുന്ന മനോഭാവക്കാരായി വളരുന്ന കുട്ടികളുടെ ലോകമാണ് എം.സ്വരാജ് പുസ്തകത്തിലൂടെ ലക്ഷ്യം വെക്കുന്ന പ്രതീക്ഷ. കുട്ടികൾ പൂക്കളെ കുറിച്ച് പഠിക്കാറുണ്ട്, അതിൻ്റെ ശാസ്ത്രീയ നാമം അന്വേഷിക്കാറുണ്ട്. പക്ഷേ പൂക്കളിലൂടെ ലോകത്തിൻ്റെ വളർച്ചയും ചരിത്രവും പഠിക്കാനുള്ള അവസരമാണ് ഈ പുസ്തകം ഒരുക്കുന്നത്. സ്വരാജിന്റെ ഏതൊരു പ്രസംഗവും കേൾവിക്കാരനെ ഒരു സർവ്വദേശീയ കാഴ്ചപ്പാടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതു പോലെതന്നെ ഈ പുസ്തകവും നിരവധി പൂക്കൾ നമുക്ക് നേരെ നീട്ടിക്കൊണ്ടുകൊണ്ട് ലോക ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങാൻ നമ്മെ ക്ഷണിക്കുകയാണ് ചെയ്യുന്നത്.

മനുഷ്യൻ്റെ കണ്ണീരിനും, സ്വപ്നങ്ങൾക്കുമൊപ്പം പുഷ്പിച്ച പൂക്കൾക്ക് പ്രണയത്തിൻ്റേയും വിപ്ലവത്തിൻ്റേയും നിരവധി കഥകൾ പറയാനുണ്ട്. വൻകരകളെ കീഴടക്കുന്ന വിപണിയെ കുറിച്ച് പറയാനുണ്ട്. ഓരോ പൂവും ഓരോ ലോകമാണ്. നമ്മെ ആർദ്രമാക്കുന്ന, കൂടുതൽ മനുഷ്യരാക്കുന്ന, പിന്നെയും പിന്നെയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഓരോ പൂവിലുമുണ്ട്. പ്രായഭേദങ്ങളില്ലാതെ മനുഷ്യരെയെല്ലാം ആകർഷിക്കുന്ന പുഷ്പവശ്യതയുടെ ചരിത്രത്തെ കുറിച്ചുള്ള ഒരു പാഠപുസ്തകമാണിത്. വേരറ്റുപോയാലും വാടിത്തളർന്നു പോകാതെ തലയുർത്തി നിൽക്കുന്ന ധീര സുന്ദര പുഷ്പത്തെ കുറിച്ചും, പൂത്തിരി പോലെ ആനന്ദിപ്പിക്കുന്ന പൂവിനെ കുറിച്ചെല്ലാം വായിക്കുമ്പോൾ അവിസ്മരണീയമായ ചരിത്രാനുഭവങ്ങളിലേക്ക് നാം നടന്നു ചെല്ലുക. വൈദ്യശാസ്ത്ര രംഗത്ത് വിസ്മയകരമായ പങ്കു വഹിക്കാനും, മനുഷ്യന് ഉപകാര പ്രദമാവുകയും ചെയ്യുന്ന പുതിയ കണ്ടെത്തലുകളിലേക്ക് മൊട്ടിടുന്ന പൂക്കളുടെ ശാസ്ത്ര നേട്ടങ്ങളിലേക്കും പുസ്തകം വിരൽ ചൂണ്ടുന്നു. ആരാധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത പൂക്കൾ, കവിതയായും, ചരിത്രമായും, വിശ്വാസമായും, അടയാള ചിഹ്നങ്ങളായും മനുഷ്യ ജീവിതമാകെ ഓരോ പൂക്കളും നമുക്കിടയിൽ വിടർന്നു നിൽക്കുന്നത് വായനക്കിടയിൽ നമുക്ക് കാണാനാവും. പ്രത്യേകിച്ച് കുട്ടികൾ വായിക്കുമ്പോൾ പൂക്കളുടെ സൗന്ദര്യവും സുഗന്ധവും ആസ്വദിക്കുന്ന സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി ഒരു പൂവിനെ കുറിച്ചുള്ള വായന പുതിയ ധാരാളം അറിവുകളുടെ സൗരഭ്യം പടർത്തുകയാണ് ഈ പുസ്തകം ചെയ്യുന്നത്.

ജീവിതത്തിൽ പലപ്പോഴായി കണ്ണുടക്കിയതോ, കുട്ടിക്കാലത്ത് അമ്മ പറഞ്ഞുകൊടുത്തതോ, വിദൂരമായ ഓർമ്മയിൽ ഒരു വാരാന്തപ്പതിപ്പിൽ കണ്ടതോ ആയ കുറച്ച് പൂക്കളെപ്പറ്റിയാണ് സ്വരാജിൻ്റെ അന്വേഷണമാണ് ഒരു പഠന ഗവേഷണ ഗ്രന്ഥമായി മാറുന്നത്. തനിക്ക് പ്രിയപ്പെട്ട പത്ത് പൂക്കളെപ്പറ്റി എഴുതുമ്പോൾ,
കണ്ടോ കേട്ടോ മറന്ന പൂക്കളെ കണ്ടുമുട്ടുമ്പോൾ, അത്രയും പ്രിയപ്പെട്ടൊരാളിൽ അവിചാരിതമായി കണ്ണുടക്കുമ്പോൾ അനുഭവപ്പെടുന്ന ആനന്ദഭരിതമായ വൈകാരികതയാണ് പൂക്കളുടെ പുസ്തകം സമ്മാനിക്കുന്നത്. ജി ശങ്കരക്കുറിപ്പിന്റെ മാമ്പഴം മുതൽ വില്യം വേർഡ്‌സ്വർത്തിന്റെ ഡാഫോഡിൽസ് വരെയും, പാരിസ് കമ്മ്യൂൺ മുതൽ കശ്മീർ വരെയും, കാർനേഷൻ വിപ്ലവം മുതൽ വീഗനിസം വരെയും പൂക്കളെ തൊടാത്തൊരു കാറ്റും ലോകത്തെങ്ങും വീശിയിട്ടില്ലെന്ന് എം. സ്വരാജ് വിശദീകരിക്കുമ്പോൾ പൂക്കളുടെ സൗരഭ്യത്തിനൊപ്പം, ഒരു വീര്യം കൂടിയാണ് നമുക്കിടയിലേക്ക് വീശിയെത്തുന്നത്. നാളത്തെ ലോകം കുട്ടികളുടേതാണെന്നാണ് സ്വരാജ് പറയുമ്പോൾ അവരെ ചരിത്ര-ശാസ്ത്ര ബോധമുള്ളവരാക്കാനും, മറ്റുള്ളവരോടെല്ലാം പരിഗണനയുള്ളവരാക്കി മാറ്റാനും, സഹായിക്കുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തനമാണ് ‘പൂക്കളുടെ പുസ്തകം’ നടത്തുന്നത്. ഈ അവധിക്കാലത്ത് പൂക്കളെ കുറിച്ച് അറിയുന്നതിലൂടെ ലോകത്തെ അറിയാനുള്ള അവസരമായും പുസ്തകത്തില്ലാത്ത പുതിയ പൂക്കളെ കുറിച്ച് അന്വേഷിക്കാനുള്ള ആഗ്രഹം വളർത്താനും ഈ വായന പുതിയ തലമുറയെ സഹായിക്കുമെന്ന് ഉറപ്പാണ്.

ALSO READ: എം.സ്വരാജിന് വേണ്ടി അഭിഭാഷക കൂട്ടായ്മ

പച്ച നിറമുള്ളതും, കറുപ്പു നിറമുള്ളതുമായ പൂക്കളെ കുറിച്ചുള്ള വിശേഷങ്ങൾ വായിക്കുമ്പോൾ നാമെല്ലാവരും കുട്ടികളെപ്പോലെ നമ്മളിലും കൗതുകമൂറും. വിപ്ലവങ്ങളുടെ പേരായി മാറിയ പൂക്കളുടെ കഥകളറിയുമ്പോൾ നമുക്കൊരു ആവേശം വരും. പല തരം മനുഷ്യർക്കിടയിലും പൂക്കൾക്കുള്ള സ്വാധീനം മനുഷ്യവംശമാകെ ഒന്നാണെന്ന യാഥാർത്ഥ്യം കൂടിയാണ് പറഞ്ഞു തരുന്നത്. ഭാഗ്യ നിർഭാഗ്യങ്ങളുടേയും, സുഖദു:ഖങ്ങളുടേയും, പ്രതീക്ഷകളുടേയും, അതിജീവന സ്വപ്നങ്ങളുടേയുമെല്ലാം നിറവും, സുഗന്ധവുമാണ് ഓരോ പുഷ്പവും ഈ ലോകവുമായി പങ്കുവെക്കുന്നത്. മനുഷ്യ ഹൃദയങ്ങളിൽ ഇടം പിടിച്ച പൂക്കങ്ങളുടെ ചരിത്രവും വർത്തമാനവും വായിച്ചെടുക്കാവുന്ന ഈ പുസ്തകം ഒരു റഫറൻസ് മെറ്റീരിയൽ കൂടിയാണ്. ഓരോ വിഷയത്തെ സംബന്ധിച്ചും സർവ്വതലസ്പർശിയായ ഡാറ്റകൾ സൂക്ഷിക്കുകയും ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാനും കഴിയുന്ന രാഷ്ട്രീയ നേതാവാണ് സ്വരാജ്. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ പോലെ തന്നെ പുസ്തകവും സൂഷ്മംശങ്ങളുടെ നറുമണമുള്ള ഒരു ഡാറ്റാ കളക്ഷൻ തന്നെയാണ്. പൂക്കൾ മനുഷ്യരാശിയെ സ്വാധീച്ച സന്ദർഭങ്ങളും, പൂക്കളുടെ പേരിൽ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങളും, ശാസ്ത കൗതുകങ്ങളുമെല്ലാം വായിക്കാനും, അതിലൂടെ പൂക്കളെ കുറിച്ചുള്ള പുതിയ അറിവു നിർമ്മാണത്തിനും സഹായിക്കുന്ന പുസ്തകം ഒരു ബദൽ വിദ്യാഭ്യാസ പഠനത്തിനുള്ള ഉൽപ്പന്നം കൂടിയാണ്. കേവലം പുറമേക്കു കാണുന്ന പൂക്കളുടെ സൗന്ദര്യവും, സുഗന്ധവും ആസ്വദിക്കുന്നതിനുമപ്പുറം, അതിൻ്റെ ആഴത്തിലുള്ള മനുഷ്യ ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിലൂടെ അറിവ് നിർമ്മിക്കുന്ന ഒരു പഠനപ്രവർത്തനമാണ് എം.സ്വരാജ് നടത്തിയിരിക്കുന്നത്. രാഷ്ട്രീയ, സാംസ്ക്കാരിക, വിദ്യാഭ്യാസ പ്രവർത്തനത്തിലെല്ലാം സ്വീകരിക്കാവുന്ന ഒരു ‘സ്വരാജ് സ്റ്റെൽ’ അത് അനുഭവിച്ചറിയാനുള്ള അവസരം കൂടിയാണ് ഈ പുസ്തകത്തിൻ്റെ വായന നമുക്ക് നൽകുക. ഇതൊരു സസ്യശാസ്ത്രഗ്രന്ഥമല്ലെന്നും, ഗഹനമായ ദാർശനിക മാനങ്ങളുള്ള പഠനവുമല്ലെന്നും എം.സ്വരാജ് പറയുന്നുണ്ടെകിലും, അന്വേഷണാത്മകമായ പഠനത്തിന് മാതൃകയാക്കാവുന്ന ഒരു ഉൽപ്പന്നം എന്ന നിലയിൽ ബാഹ്യമായ കാഴ്ച്ചക്കപ്പുറം ഭൂമിയിലെ ഓരോന്നിനെ കുറിച്ചുമറിയാൻ ഒട്ടേറെയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് പുസ്തകം നിർവഹിക്കുന്ന ഉത്തരവാദിത്വം. നിരന്തര അന്വേഷണത്തിലൂടെ അറിവുകൾ ശേഖരിക്കുന്ന എം.സ്വരാജിൻ്റെ ഈ ബദൽ വിദ്യാഭ്യാസ പ്രവർത്തനം കുട്ടികൾക്ക് മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകർക്കെല്ലാം മാതൃകയാണ്. രാഷ്ട്രീയ പ്രവർത്തനം ആഴത്തിലുള്ള പഠനവും, അവതരണവും കൂടിയാണെന്ന് ബോധ്യപ്പെടുത്തുകയാണ് എം.സ്വരാജിൻ്റെ ‘പൂക്കളുടെ പുസ്തകം’. വംശീയതയും വർഗീയതയും നിറയ്ക്കുന്ന നുറുക്ക് ദുർഗന്ധത്തിനിടയിൽ, വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന രാഷ്ട്രീയത്തിനിടയിൽ ‘പൂക്കളുടെ പുസ്തകം’ അറിവിൻ്റെ നറുമണം പടർത്തുകയാണ്. ഈ സുഗന്ധത്തിന്റെ വിതരണക്കാരനും, സർവ്വവിജ്ഞാന മനുഷ്യനുമായ എം സ്വരാജിനെ ഹൃദയത്തിൽ സ്വീകരിക്കാനുള്ള അവസരം നമുക്ക് എങ്ങനെയാണ് പാഴാക്കാനാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News