
പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കുന്നതിന് വിപുലമായ സംവിധാനം പൊതുമരാമത്ത് വകുപ്പിനുണ്ടെന്നും ഗവേഷണങ്ങളുടെ തുടര്‍ഫലമായി നൂതന നിര്‍മ്മാണരീതികള്‍ കേരളത്തിലെ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പു മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ സമര്‍പ്പിച്ച ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകളെപ്പറ്റി മന്ത്രി വിശദീകരിച്ചത്.
തകര്‍ന്ന റോഡുകള്‍ പൊളിച്ചെടുത്ത് അതേ മെറ്റീരിയലുകള്‍ തന്നെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സിമന്റ് സ്റ്റെബിലൈസ്ഡ് സോയില്‍ ഉപയോഗിച്ചുളള പുനഃചംക്രമണ റോഡ് നിർമ്മാണം, നാച്വറല്‍ റബര്‍ മോഡിഫൈഡ് ബിറ്റുമിന്‍ ഉപയോഗിച്ചുളള നിർമ്മാണം, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിച്ചുളള റോഡ് നിർമ്മാണം, കയർ ഭൂവസ്ത്രം, പെര്‍ഫൊറേറ്റഡ് വെര്‍ട്ടിക്കല്‍ ഡ്രെയിന്‍ (പിവിഡി) ഉപയോഗിച്ചുളള നിർമ്മാണ രീതി, ജർമ്മൻ നിർമ്മിത മില്ലിംഗ് യന്ത്രം ഉപയോഗിച്ചുളള കോള്‍ഡ് ഇന്‍ പ്ലേസ് റീസൈക്കിള്‍ഡ് നിർമ്മാണം, വൈറ്റ് ടോപ്പിംഗ്, സ്റ്റോണ്‍ മാട്രിക്സ് അസ്ഫാല്‍റ്റ് തുടങ്ങിയവ അതില്‍ ചിലതാണ്.
ജിയോ സെല്ലുകളും ജിയോ ഗ്രിഡുകളും, സോയില്‍ നെയിലിംഗ്, സെഗ്മെന്റല്‍ ബ്ലോക്ക്സ്, സിമന്റ് ട്രീറ്റഡ് ബേസ് തുടങ്ങിയവ ഉപയോഗപ്പെടുത്തിയും റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. കാലാവസ്ഥയെ അതിജീവിക്കാനും കൂടുതല്‍ കാലം ഈടുനില്‍ക്കാനും ഇത്തരം നിര്‍മ്മാണരീതികള്‍ സഹായകമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ALSO READ; ദുരന്തമുഖത്ത് പോലും കേന്ദ്രസർക്കാരിന്‍റേത് മനുഷ്യത്വ വിരുദ്ധ സമീപനം: എ എ റഹീം എംപി
പാലങ്ങളുടെ നിര്‍മ്മാണത്തിലും നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. നിര്‍മ്മാണ ചെലവ് കുറക്കാനാകുന്ന തരത്തിലുള്ള ഡിസൈനുകള്‍ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രീ കാസ്റ്റ്, പോസ്റ്റ് ടെന്‍ഷന്‍ഡ്, എക്സ്ട്രാഡോസ്ഡ്, പിഎസ്‌സി ബോസ്ട്രിംഗ്, പിഎസ്‌സി ബോക്സ് ഗര്‍ഡര്‍ തുടങ്ങിയ സാങ്കേതിക വിദ്യങ്ങള്‍ പാലം രൂപകല്‍പനയില്‍ ഉപയോഗിക്കുന്നു. എക്സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേ പാലം, സെന്‍ട്രല്‍ സ്പാന്‍ കേബിള്‍ സ്റ്റേ പാലം, സെഗ്മെന്റല്‍ ബോക്സ് ഗര്‍ഡര്‍ നിര്‍മ്മാണം, നെറ്റ് വര്‍ക്ക് ടൈഡ് ആര്‍ച്ച് ആന്‍ഡ് സ്റ്റീല്‍ കോമ്പോസിറ്റ് പാലം, അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ്, സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളും പാലം പദ്ധതികളില്‍ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കെട്ടിട നിര്‍മ്മാണ മേഖലയിലും നവീനമായ ആശയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്ന ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് സാങ്കേതികവിദ്യ കുറേക്കൂടി വ്യാപകമായി ഉപയോഗപ്പെടുത്താന്‍ ആര്‍ക്കിടെക്ച്ചര്‍ വിംഗിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നത് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; മോഹൻലാൽ തിരുത്തണം: ശബരിമല വഴിപാട് രസീത് സംബന്ധിച്ച പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്
കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ പദ്ധതികൾ നടപ്പിലാക്കുകയാണ്. നിലവില്‍ 125 എന്‍എബിഎല്‍ അക്രെഡിറ്റഡ് പരിശോധനകള്‍ നടത്താനുള്ള സൗകര്യം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായതും നിര്‍മാണങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുമുള്ള നിരവധി പഠനങ്ങള്‍ ഇവിടെ നടന്നുവരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും അതിനുള്ള പ്രതിവിധികൾ നിർദേശിക്കുന്നതിനുമുള്ള ഗവേഷണം ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ടം അവസാന ഘട്ടത്തിലാണ്.
പാലങ്ങളുടെ നിർമ്മാണത്തിൽ അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് മെറ്റീരിയല്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനവും വിജയകരമായി പൂർത്തിയാക്കാനായി. തീരദേശ നിര്‍മ്മിതികളുടെ അതിജീവന കാലയളവ് മെച്ചപ്പെടുത്തുന്നതിനുള്ള പഠനം മദ്രാസ് ഐഐടിയുമായി സഹകരിച്ച് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ദേശീയ-അന്തര്‍ദ്ദേശീയ സെമിനാറുകളും സംഘടിപ്പിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

