
റാവൽപിണ്ടിയിലെ വ്യോമത്താവളം ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചതായി സമ്മതിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. മെയ് ഒമ്പത്, പത്ത് തീയതികളിലാണ് പാക് ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബ്രഹ്മോസ് ഉപയോഗിച്ച് തിരിച്ചടിച്ചത്. ആദ്യമായാണ് ഇന്ത്യ ഒരു സംഘർഷസാഹചര്യത്തിൽ ഈ ശബ്ദാതിവേഗ ക്രൂസ് മിസൈൽ ഉപയോഗിക്കുന്നത്.
പാകിസ്ഥാനോടൊപ്പം നിന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായ അസർബൈജാനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം സ്ഥിരീകരിച്ചത്. പാക് സൈന്യം മെയ് 10 ന് പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു. എന്നാൽ, പുലരുന്നതിനു മുമ്പുതന്നെ, പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ ദീർഘദൂര സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഇന്ത്യ വർഷിച്ചതായി ഷഹബാസ് ഷെരീഫ് പറയുന്നു.
ALSO READ; പ്രശസ്ത സാഹിത്യകാരന്‍ ഗുഗി വാ തിയോംഗോ അന്തരിച്ചു; വിടപറഞ്ഞത് ആഫ്രിക്കൻ വിപ്ലവരചനകളുടെ അമരക്കാരൻ
പടിഞ്ഞാറൻ അതിർത്തിയിലെ സിവിലിയൻ കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതിന് മറുപടിയായി ഇന്ത്യ ലക്ഷ്യമിട്ട 11 സൈനിക കേന്ദ്രങ്ങളിൽ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളവും ഉൾപ്പെട്ടിരുന്നു. പാക് വ്യോമസേനയുടെ പ്രധാനതാവളങ്ങളിലൊന്നാണിത്. ഇവിടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാന് കനത്ത നാഷനഷ്ട്ടങ്ങളുണ്ടായിരുന്നു. വൻ സുരക്ഷയൊരുക്കിയിട്ടും മിസൈൽ പതിച്ചത് അന്താരാഷ്ട്രതലത്തിൽ നാണക്കേടുമുണ്ടാക്കി.
നൂർഖാൻ താവളം കൂടാതെ കൂടാതെ റഫീഖി, മുരിദ്, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നിവിടങ്ങളിലെ പാക് സൈനിക താവളങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. സ്കാർദു, ഭോലാരി, ജാക്കോബ്ബാദ്, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിരുന്നു. തുടർന്നാണ് പാകിസ്ഥാന് വെടിനിർത്തൽ കരാറുമായി ഇന്ത്യയെ സമീപിക്കേണ്ടി വന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

