പാലക്കാട് യുവതിയിൽ നിന്ന്‌ 45 ലക്ഷം രൂപ തട്ടി; 
തമിഴ്‌നാട്ടുകാരായ 3 പേർ അറസ്റ്റിൽ

പാലക്കാട്‌ വ്യാജ കേസിൽനിന്ന്‌ രക്ഷിക്കാമെന്ന്‌ പറഞ്ഞ്‌ പാലക്കാട്‌ സ്വദേശിനിയായ യുവതിയുടെ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിൽ. ദിണ്ഡിഗൽ സൗരാഷ്ട്ര കോളനിയിൽ ബാലാജി (34), ഭാരതിപുരം ഇന്ദ്രകുമാർ (20), വെല്ലൂർ പണപ്പാക്കം മോഹൻകുമാർ (27) എന്നിവരെ പാലക്കാട് സൈബർക്രൈം പൊലീസാണ്‌ അറസ്റ്റ് ചെയ്തത്‌. പാലക്കാട്‌ പുത്തൂർ സ്വദേശിനിയുടെ പേരിൽ കൊറിയർ സ്ഥാപനം വഴി വിദേശരാജ്യത്തേക്ക് അയച്ച പാഴ്‌സലിൽ മയക്കുമരുന്ന്‌ കണ്ടെത്തിയെന്ന്‌ അറിയിച്ചായിരുന്നു തട്ടിപ്പ്‌.

മുംബൈ പൊലീസിന്റെ നാർകോട്ടിക് വിഭാഗം നിയമനടപടി തുടങ്ങിയെന്നും കേസിൽനിന്ന് രക്ഷിക്കാമെന്നും പറഞ്ഞാണ്‌ പണം ആവശ്യപ്പെട്ടത്‌. മുംബൈ പൊലീസ് മേധാവിയെന്ന വ്യാജേനയായിരുന്നു സംസാരം.ആഗസ്‌ത്‌ 21നാണ്‌ -യുവതിയെ ഫോണിൽ വിളിച്ചത്‌. ഫെഡക്സ് എന്ന കൊറിയർ സ്ഥാപനത്തിൽനിന്നാണെന്നും നിങ്ങൾ മുംബൈയിൽനിന്ന് തായ്‌വാനിലേക്ക് അയച്ച കൊറിയർ മടങ്ങിവന്നുവെന്നും പറഞ്ഞു. തുടർന്ന്‌ മുംബൈ പൊലീസിന്റെ നാർകോട്ടിക് വിഭാഗത്തിന് ഫോൺ കണക്ട് ചെയ്യുന്നുവെന്നും പറഞ്ഞു. ശേഷം വയർലെസ് ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് ഡിസിപി എന്ന വ്യാജേന സംസാരിക്കുകയായിരുന്നു. വിശ്വസിപ്പിക്കാനായി യുവതിയുടെ ആധാർനമ്പറും പറഞ്ഞു.

കൊറിയർ അയച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും ആധാർ നമ്പർ പ്രകാരം പ്രതിയാണെന്നും ജയിൽവാസം അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു മറുപടി. ഇത്‌ ഒഴിവാക്കാമെന്ന്‌ വിശ്വസിപ്പിച്ച്‌ വിവിധ അക്കൗണ്ടുകളിലേക്ക് 44.99 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.തട്ടിപ്പാണെന്ന്‌ മനസ്സിലായതോടെ യുവതി പാലക്കാട് സൈബർക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എസ്‌എച്ച്ഒ ജെ എസ്‌ സജീവ്കുമാർ, സി എസ്‌ രമേഷ്, എം മനേഷ്, വി എ ഷിഹാബുദ്ദീൻ, എ മുഹമ്മദ് ഫാസിൽ എന്നിവരടങ്ങിയ സംഘം തട്ടിപ്പുകാർ കൈമാറ്റം ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വിശകലനം ചെയ്താണ്‌ പ്രതികളിലേക്ക്‌ എത്തിയത്‌. ഒരു അക്കൗണ്ട് ഉടമയെയും വ്യാജ അക്കൗണ്ടുകൾ സംഘടിപ്പിച്ച് കൊടുക്കുന്ന ഇടനിലക്കാരായ രണ്ടു പേരെയും ദിണ്ഡിഗലിൽവച്ചാണ്‌ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 10 അക്കൗണ്ട് ബുക്കും ചെക്ക് ബുക്കും 15 എടിഎം കാർഡും പണ കൈമാറ്റം സംബന്ധിച്ച ഡയറിയും പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News