
ഇടത്പക്ഷത്തിന്റെ ചുവപ്പ് കോട്ടയെന്ന് എതിരാളികൾ പോലും വിശേഷിപ്പിക്കുന്ന ജില്ലയാണ് പാലക്കാട്. ആകെയുള്ള പന്ത്രണ്ട് നിയമസഭാ സീറ്റിൽ പത്തിലും എൽഡിഎഫ് പ്രതിനിധികളുള്ള ജില്ല. ഇഎംഎസ് അടക്കമുള്ള മൂന്ന് സിപിഐഎം മുഖ്യമന്ത്രിമാരെ സൃഷ്ട്ടിച്ച മലമ്പുഴ മുതൽ പ്രതിപക്ഷം പോലും ഇല്ലാത്ത നിരവധി പഞ്ചായത്തുകൾ ഉള്ള തരൂർ വരെ തെരഞ്ഞെടുപ്പിനൊരുങ്ങിയിരിക്കുന്നു.
സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും നേരത്തെ തന്നെ പൂർത്തിയാക്കി തെരഞ്ഞെടുപ്പിനായി ആഴ്ച്ചകൾക്ക് മുൻപ് തന്നെ ഇടതുപക്ഷം ഒരുങ്ങിയ ജില്ലകളിലൊന്നാണ് പാലക്കാട്. ആകെയുള്ള പന്ത്രണ്ട് നിയമസഭാ സീറ്റിൽ 9 സിറ്റീൽ സിപിഐഎം മത്സരിക്കും. രണ്ടിടത്ത് സിപിഐയും ഒരു മണ്ഡലത്തിൽ ജനതാദൾ സെക്യുലറും മത്സരിക്കും. രണ്ട് ടേം വ്യവസ്ഥ അനുസരിച്ച് നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലെ സിറ്റിങ്ങ് എം.എൽ.എ മാരെ മാറ്റി.
Also read: ഇതെന്തോന്നിത് കോൺഗ്രസുകാരേ… ?രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് പ്രവർത്തകർ
പകരം നെന്മാറയിൽ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കെ.പ്രേമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി, ആലത്തൂരിൽ നിന്നും നിയമസഭയിലേയ്ക്ക് ജനവിധി തേടും. ബാക്കിയുള്ള ഏഴ് നിയോജക മണ്ഡലങ്ങളിലും സിറ്റിങ്ങ് എം.എൽഎമാർ തുടരും. തൃത്താലയിൽ തദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ഷൊർണ്ണൂരിൽ പി.മമ്മികുട്ടി,ഒറ്റപ്പാലത്ത് കെ.പ്രേംകുമാർ, കോങ്ങാട് കെ.ശാന്തകുമാരി, തരൂരിൽ പി.പി.സുമോദ് എന്നിവർ തന്നെ സ്ഥാനാർത്ഥികൾ.
മൂന്ന് സിപിഐഎം എം.എം.എൽ മാരെ സൃഷ്ട്ടിച്ച മലമ്പുഴ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കാൻ എ.പ്രഭാകരൻ വീണ്ടും എത്തുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞയുടൻ തന്നെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുമായി ഇടത്പക്ഷ പ്രവർത്തകർ പ്രകടനം നടത്തി. വലിയ വിജയം ആവർത്തിക്കുമെന്ന് മലമ്പുഴ സ്ഥാനാർത്ഥിയും സിറ്റിങ്ങ് എം.എൽഎയുമായ എ.പ്രഭാകരൻ പറഞ്ഞു.
Also read: സ്ഥാനാർഥികൾ എവിടെ സതീശാ ? മുന്നണിക്കുള്ളിലെ സീറ്റ് ധാരണ പോലും തീരുമാനം ആകാതെ യുഡിഎഫ്
സിപിഐ മത്സരിക്കുന്ന പട്ടാമ്പിയിൽ മുഹമ്മദ് മുഹസീൻ മൂന്നാമതും ജനവിധി തേടും. മണ്ണാർക്കാട് മൻസിൻ അബൂബക്കർ ആണ് സ്ഥാനാർത്ഥി. ഇവിടെ മുസ്ലീം ലീഗിന്റെ എ.ഷംസുദിൻ ആണ് സിറ്റിങ്ങ് എം.എൽഎ. ജനതാദൾ സെക്യുലർ മത്സരിക്കുന്ന ചിറ്റൂരിൽ നിന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇത്തവണ മത്സരിക്കുന്നില്ല. പകരം പാർട്ടി സ്ഥാനാർത്ഥിയായി അഡ്വക്കേറ്റി വി.മുരുകദാസ് മത്സരിക്കും. ഇടതുപക്ഷ സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചെങ്കിലും ജില്ലയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. സീറ്റ് വിഭജന ചർച്ചയിൽ പോലും പൂർത്തിയാക്കിയിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

