
പ്രമുഖ പലസ്തീൻ സംവിധായകനും ഓസ്കർ ജേതാവുമായ ഹംദാൻ ബല്ലാലിനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിൽ വെച്ച് തിങ്കളാഴ്ച അദ്ദേഹത്തെ ഒരു സംഘം മർദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഹംദാന്റെ കാർ ഒരു സംഘം കല്ലുകൊണ്ട് അടിച്ചു തകർക്കുകയും ടയറ് കുത്തിപ്പൊട്ടിക്കുകയും ചെയ്തു. കാറിന്റെ എല്ലാ ജനാലകളും വിൻഡ്ഷീൽഡുകളും തകർന്നിട്ടുണ്ടെന്നും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് സൈന്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്
കുടിയേറ്റക്കാർ ആക്രമിച്ചതിന് പിന്നാലെയാണ് ബല്ലാലിനെ സൈന്യം അറസ്റ്റ് ചെയ്തതെന്ന് സഹസംവിധായകൻ യുവാൽ എബ്രഹാം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.”അവർ അദ്ദേഹത്തെ മർദ്ദിച്ചു, തലയിലും വയറ്റിലും പരിക്കേറ്റു, രക്തസ്രാവമുണ്ടായിരുന്നു. അദ്ദേഹം വിളിച്ച ആംബുലൻസിൽ പട്ടാളക്കാർ അതിക്രമിച്ചു കയറി അദ്ദേഹത്തെ കൊണ്ടുപോയി. അതിനുശേഷം അദ്ദേഹത്തിന്റെ ഒരു സൂചനയും ലഭിച്ചില്ല” – എന്നാണ് എബ്രഹാമിൻ്റെ എക്സ് പോസ്റ്റ്.
അതേസമയം സുസിയ ഗ്രാമത്തിൽ തടവിലാക്കപ്പെട്ട മൂന്ന് പലസ്തീനികളിൽ ഒരാളാണ് ബല്ലാൽ എന്ന് അഭിഭാഷകൻ ലീ സെമൽ പറഞ്ഞു. അവരെ വൈദ്യചികിത്സയ്ക്കായി ഒരു സൈനിക താവളത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവരുമായി സംസാരിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്.
നിർബന്ധിത കുടിയിറക്കവുമായി മല്ലിടുന്ന ഒരു പലസ്തീൻ യുവാവിന്റെ കഥ പറയുന്ന ‘നോ അദർ ലാൻഡ്’ എന്ന ഡോക്യുമെന്ററി ബല്ലാൽ അടക്കം മൂന്ന് പേർ ചേർന്നാണ് സംവിധാനം ചെയ്തത്. ഇതിന് ഈ വർഷത്തെ മികച്ച ഡോക്യുമെന്ററിക്കുളള ഓസ്കർ പുരസ്കാരവും ലഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

