സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെയും കേരളാ കെയർ പാലിയേറ്റീവ് ഗ്രിഡിന്റെ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും

pinarayi vijayan

സർക്കാർ സംവിധാനത്തിലൂടെ സാർവത്രിക പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. സാമൂഹ്യ ക്ഷേമ രംഗത്തെ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പായ സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെയും കേരളാ കെയർ പാലിയേറ്റീവ് ഗ്രിഡിന്റെ പ്രവർത്തനത്തിന്റെയും സംസ്ഥാന തല ഉദ്ഘാടനം ജൂൺ 28 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് കളമശേരി രാജഗിരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. പാലിയേറ്റീവ് കെയർ ഗ്രിഡ് പ്രവർത്തന മാർഗരേഖ പ്രകാശനം ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഓപ്പൺ ഹെൽത്ത് കെയർ നെറ്റ്വർക്ക് ടീമിനുള്ള ഉപഹാര സമർപ്പണം നിയമ വ്യവസായ കയർ വികസന വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. എംപിമാർ, എംഎൽഎമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളാകും.

ALSO READ: ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസവും, മതേതരത്വവും നീക്കം ചെയ്യണമെന്ന ആർഎസ്എസ് പ്രസ്താവന ജനാധിപത്യ വിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

ദീർഘകാല രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും കിടപ്പുരോഗികൾക്കും സാന്ത്വനം പകരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹോം കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി 1142 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. ഇതുകൂടാതെ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിലും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൂടാതെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 500ലധികം ഹോം കെയർ യൂണിറ്റുകളും വീടുകളിൽ എത്തി മെഡിക്കൽ കെയറും നഴ്സിംഗ് പരിചരണവും നൽകുന്നുണ്ട്. കേരളത്തിലുടനീളം പാലിയേറ്റീവ് കെയർ രോഗികൾക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകുന്ന 1000-ൽ അധികം ചാരിറ്റബിൾ, സോഷ്യൽ സംഘടനകളുമുണ്ട്. രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കി കേരളത്തെ സമ്പൂർണ പാലിയേറ്റീവ് സൌഹൃദ സംസ്ഥാനമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി, വിവിധ തലങ്ങളിൽ ലഭ്യമായ സാന്ത്വന പരിചരണ സേവനങ്ങളുടെ ഏകോപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കിടപ്പിലായ ഓരോ രോഗിയെയും അവരുടെ അയൽപക്കത്തുള്ള പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുമായി ബന്ധിപ്പിക്കുന്നു. വാർഡ് കൗൺസിലറുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു Neighbourhood Network for Palliative Care (NNPC) ടീം ഓരോ വാർഡിലും ആവശ്യമുള്ള രോഗികളെ സഹായിക്കുന്നതിനായി രൂപീകരിച്ചു വരുന്നു. kerala.care എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഇതിനായി ഒരുക്കിയിട്ടുണ്ട്.

ALSO READ: വെല്ലുവിളി നിറഞ്ഞ ഭൂമിയേറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ക്ക് ഉള്‍പ്പെടെ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന റവന്യൂ വകുപ്പിന്റെ ഭൂഭരണ നടപടികള്‍ മാതൃകയെന്ന് സ്പീക്കര്‍

എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും കിടപ്പിലായ രോഗികൾക്ക് ഹോം കെയർ നൽകാൻ പാലിയേറ്റീവ് ഹോം കെയർ ടീം പ്രവർത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി നഴ്സുമാരാണ് ഹോം കെയർ ടീമിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ഭാഗമായി, കിടപ്പിലായ എല്ലാ രോഗികളുടെയും വീട്ടിൽ ഹോം കെയർ ടീം മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും സന്ദർശിച്ച് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

സർക്കാർ മേഖലയിൽ 14 ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പാലിയേറ്റീവ് പരിശീലനം നൽകുന്ന പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധ മേഖലയിലും 6 പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഡോക്ടർമാർക്കുള്ള 6 ആഴ്ചത്തെ പരിശീലനം (BCCPM), നഴ്സുമാർക്കുള്ള 6 ആഴ്ചത്തെ പരിശീലനം (BCCPN), കമ്മ്യൂണിറ്റി നഴ്സുമാർക്കുള്ള നാല് മാസത്തെ പരിശീലനം (CCCPN), ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള 10 ദിവസത്തെ പരിശീലനം, ആരോഗ്യ പ്രവർത്തകർക്കുള്ള 3 ദിവസത്തെ പരിശീലനം, സന്നദ്ധ പ്രവർത്തകർക്കുള്ള 3 ദിവസത്തെ പരിശീലനം എന്നിവ സംഘടിപ്പിച്ചു വരുന്നു. ഈ കോഴ്സുകൾക്കുള്ള ഏകീകൃത സിലബസ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പാലിയേറ്റീവ് കെയർ രംഗത്തെ ഇതുവരെയുള്ള നേട്ടങ്ങൾ ശക്തിപ്പെടുത്തിയും കൂടുതൽ വിപുലപ്പെടുത്തിയും കേരളത്തെ ഒരു സമ്പൂർണ പാലിയേറ്റീവ് സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ അവരുടെ വീടുകളിൽ മികച്ച പരിചരണം ലഭിക്കുന്ന തരത്തിൽ സാർവത്രിക പാലിയേറ്റീവ് കെയർ സംവിധാനം ഒരുക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സന്നദ്ധ സംഘടനകളെയും സന്നദ്ധ പ്രവർത്തകരെയും, സർക്കാർ സംവിധാനങ്ങളെയും ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിലും മറ്റ് തലത്തിലും ഏകോപിപ്പിച്ച് ആവശ്യമുള്ള എല്ലാവർക്കും മികച്ച പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യം.

ALSO READ: ഡിജിറ്റൽ സർവെ കോൺക്ലേവ് ഡെലിഗേറ്റ് സെഷനുകൾക്ക് സമാപനം

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയർ ഗ്രിഡ് 2025 മാർച്ച് 3-ന് മുഖ്യമന്ത്രി ലോഞ്ച് ചെയ്തു. “കേരള കെയർ” എന്നാണ് ഗ്രിഡിന് പേര് നൽകിയിരിക്കുന്നത്. ഗ്രിഡിൽ ഇത് വരെ പാലിയേറ്റീവ് പരിചരണം നൽകുന്ന 1362 സർക്കാർ സ്ഥാപനങ്ങളും 1085 സന്നദ്ധ സംഘടനകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 158100-ഓളം കിടപ്പിലായ രോഗികളുടെ വിവരങ്ങൾ ഗ്രിഡിൽ ഇപ്പോൾ ലഭ്യമാണ്. ഇവരുടെ തുടർപരിചരണ പ്രവർത്തനങ്ങൾ സന്നദ്ധസംഘടനയുടെ കൂടെ സഹായത്തോടെ ഗ്രിഡ് വഴി ഏകോപിപ്പിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News