
ബിജെപി അണിയുന്ന ക്രിസ്തീയ സ്നേഹത്തിൻ്റെ പൊയ്മുഖമാണ് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൻ്റെ മുറ്റത്ത് വീണു കിടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘ഓശാന ഞായറി ‘നോട് അനുബന്ധിച്ച് രാഷ്ട്ര തലസ്ഥാനത്തെ സെൻമേരിസ് പള്ളിയിൽ നിന്ന് സിബിസിഐ ആസ്ഥാനത്തോട് ചേർന്നുള്ള സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന ‘കുരിശിന്റെ വഴി’ക്ക് പോലീസ് അനുമതി നിഷേധിച്ചിരിക്കുന്നു.
മുസ്ലിം മത വിശ്വാസികളെ നേരിടാനുള്ള താൽക്കാലിക ഉപകരണം മാത്രമായാണ് ക്രിസ്തീയ വിശ്വാസികളെ ബിജെപി കാണുന്നത്. ജബൽപൂരിലും അതിനുശേഷം ഇപ്പോൾ ഡൽഹിയിലും കണ്ടതാണ് ബിജെപിയുടെ യഥാർത്ഥ മുഖം. അത് എത്രയും വേഗം ക്രിസ്തീയ മതനേതൃത്വം തിരിച്ചറിയുന്നു എങ്കിൽ അത് അവർക്കും നാടിനും നല്ലതായിരിക്കും എന്നും ബിനോയ് വിശ്വം പറഞ്ഞു.
പതിനഞ്ച് വര്‍ഷത്തോളമായി നടക്കുന്ന ചടങ്ങാണിതെന്നും ചില സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിക്കുന്നു എന്നാണ് പൊലീസ് അറിയിച്ചതെന്നും ഇടവക വികാരി ഫ്രാന്‍സിസ് സ്വാമിനാഥന്‍ പ്രതികരിച്ചു. മുമ്പ് ഒരു വര്‍ഷം ഒഴികെ ബാക്കിയെല്ലാ തവണയും അനുമതി ലഭിച്ചതാണ്. അനുമതി ലഭിക്കാത്തതില്‍ പ്രശ്‌നമില്ലെന്ന് പള്ളി വികാരി പറഞ്ഞു. ഒപ്പം പള്ളി മുറ്റത്ത് തന്നെ പ്രദക്ഷിണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദില്ലി പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here