
DYFI നേതൃത്വ കാലഘട്ടത്തിൽ തമിഴ്‌നാട്ടിൽ സംഭവിച്ച ദാരുണമായ കൊലപാതകം അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ് . ജാതിയുടെ പേരിൽ കൊന്നുടുക്കിയ DYFI തിരുനെൽവേലി ജില്ലാ ട്രഷറർ അശോകിന്റെ രക്തസാക്ഷിത്വ ഓർമ്മകളാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
“അന്ന് ഇതുപോലൊരു ജൂൺ 12 യുവജന സംഘടന പ്രവർത്തന കാലഘട്ടത്തിലെ മറക്കാനാകാത്ത ദിനമായിരുന്നു അത്. തിരുനെൽവേലി DYFI നേതാവ് അശോകിനെ ജാതി ഭ്രാന്തന്മാർ കൊലപ്പെടുത്തിയ ദിവസം !” മന്ത്രി കുറിച്ചതിങ്ങനെ.
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
“രക്തസാക്ഷികൾ അമരൻമാർ..
യുവജന സംഘടന പ്രവർത്തന കാലഘട്ടത്തിലെ മറക്കാനാകാത്ത ദിനങ്ങളിൽ ഒന്നാണ് 6 വർഷം മുമ്പുള്ള ഇതു പോലൊരു ജൂൺ 12.
തിരുനെൽവേലി DYFI ജില്ല ട്രഷറർ ആയിരുന്നു 26കാരനായ സഖാവ് അശോക്. ഒരു കൂട്ടം ജാതി ഭ്രാന്തന്മാർ അശോകിനെ കൊലപ്പെടുത്തിയ ദിവസമാണത്. DYFIയുടെ നേതൃത്വത്തിൽ നടന്നിരുന്ന ജാതീയ ഉച്ചനീച്ചത്വങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിന്ന സഖാവായിരുന്നു തിരുനെൽവേലി കരയിരുപ്പു സ്വദേശിയായിരുന്ന അശോക്. അതു തന്നെയായിരുന്നു ജാതി ഭ്രാന്തൻമാർ ആ ചെറുപ്പക്കാരന്റെ ജീവനെടുക്കാൻ കാരണമായതും.
അന്ന്, അശോകിൻ്റെ കൊലപാതക വാർത്ത അറിഞ്ഞയുടൻ തിരുനെൽവേലിയിലേക്ക് പുറപ്പെട്ടു.
തിരുനെൽവേലി മെഡിക്കൽ കോളേജിൽ നിന്ന് അശോകിൻ്റെ മൃതശരീരം സംസ്കാരത്തിനായി തങ്ങളുടെ ഭൂമിയിലൂടെ കൊണ്ടു പോകാൻ അനുവദിക്കില്ല എന്നായിരുന്നു ജാതി വെറിയൻമാരുടെ പ്രഖ്യാപനം. ഒരു യുവാവിനെ കൊന്നിട്ടും വീണ്ടും വീണ്ടും കൊന്നുകൊണ്ടേയിരിക്കുവാനുള്ള കൊതി !
ജാതിവെറിയൻമാരുടെ ആക്രോശത്തെ വകവെക്കാതെ സഖാവ് അശോകിന്റെ മൃതശരീരം നിശ്ചയിച്ച റൂട്ടിലൂടെ കൊണ്ടു പോകുമെന്ന് DYFI പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ DYFIയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ബാലവേലന്റെ നേതൃത്വത്തിൽ ഞങ്ങൾ, അശോകിൻ്റെ മൃതശരീരം വഹിക്കുന്ന പെട്ടി തോളിലേന്തിയാണ് സംസ്കാര സ്ഥലത്തെത്തിച്ചത്.
ജാതിവെറിയൻമാരുടെ ഗുണ്ടാപ്പടയുടെ കൊലവിളി കൂസാതെ ആയിരങ്ങളാണ് അന്ന് അനുധാവനം ചെയ്തത്.
ഇന്ന് ബാലവേലനെ ഫോണിൽ വിളിച്ച് അശോകിന്റെ വീട്ടുകാരുടെ വിവരങ്ങളെല്ലാം അന്വേഷിച്ചു.
ആ പ്രദേശത്ത് ഇന്നും ജാതീയതക്കെതിരെയുള്ള പോരാട്ടം തുടരുകയാണ്.
അശോകിന്റെ
രക്തസാക്ഷിത്വ സ്മരണകൾ പോരാട്ടത്തിന് കരുത്താണ്.”

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here