
‘പഞ്ചായത്ത്’ എന്ന സീരീസിലൂടെ ശ്രദ്ധ നേടിയ നടനാണ് വിനോദ് സൂര്യവംശി. തന്റെ ജന്മനാടായ, കർണാടകയിലെ ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്ന ജാതീയതയുടെ ഭീകരതയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെ ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ കയറാൻ ഇന്നും തനിക്ക് അനുവാദമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. “കർണാടകയിലെ എന്റെ ഗ്രാമത്തിൽ ഇന്നും ജാതീയത നിലനിൽക്കുന്നു. ആ ഗ്രാമത്തിൽ രണ്ട് മേഖലകളാണുള്ളത് – ഒരിടത്ത് ഉയർന്ന ജാതിക്കാരും മറ്റൊരിടത്ത് താഴ്ന്ന ജാതിക്കാരും. ദളിതർ താമസിക്കുന്ന പ്രദേശം ഗ്രാമത്തിൽ നിന്ന് വേറിട്ടതാണ്.
ഒരിക്കൽ, ഞാൻ എന്റെ അച്ഛനോടൊപ്പം ഗ്രാമത്തിൽ പോയപ്പോൾ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. ഞങ്ങൾക്ക് സ്വന്തമായി പ്ലേറ്റുകൾ കഴുകേണ്ടിവന്നു. അന്ന് എനിക്ക് 12 വയസായിരുന്നു. എന്റെ ഗ്രാമത്തിൽ ഇപ്പോഴും പോകാൻ അനുവാദമില്ലാത്ത ഒരു ക്ഷേത്രമുണ്ട്”, വിനോദ് സൂര്യവംശി പറഞ്ഞു.
ഇരുണ്ട നിറത്തിന്റെ പേരിൽ പലതവണ നിരസിക്കപ്പെട്ടതിനെക്കുറിച്ചും വിനോദ് സൂര്യവംശി അഭിമുഖത്തിൽ പറയുന്നുണ്ട്. “എന്റെ ലുക്ക് കാരണം പലതവണ നിരസിക്കപ്പെട്ടിട്ടുണ്ട്. ടിവി ഓഡിഷനുകളിൽ ഞാൻ പങ്കെടുത്തപ്പോൾ, അവർക്ക് പലപ്പോഴും ‘റിച്ച് ലുക്ക്’ വേണമെന്നായിരുന്നു ആഗ്രഹം. ഞാൻ അനുയോജ്യനല്ലെന്ന് പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്.
ഒരു സിനിമയിൽ വീട്ടുജോലിക്കാരന്രെ വേഷത്തിലേക്ക് എന്നെ തെരഞ്ഞെടുത്തു. ഞാൻ ഷൂട്ടിംഗിനായി കൃത്യസമയത്ത് എത്തി. പക്ഷേ ക്രിയേറ്റീവ് ഡയറക്ടർ വന്നപ്പോൾ, എന്നെ മാറ്റാൻ പറഞ്ഞു. ഇത് നടക്കില്ല, നമുക്ക് വെളുത്ത ലുക്കുള്ള ഒരാളെ വേണം. അയാൾ ഇരുണ്ട നിറമുള്ളവനാണ്, പറഞ്ഞയക്കൂ എന്നാണവർ പറഞ്ഞത്, വിനോദ് സൂര്യവംശി പറഞ്ഞു.
അതേസമയം പഞ്ചായത്തിന് പുറമെ തമ്മ, സത്യമേവ ജയതേ, ജോളി എൽഎൽബി 3 തുടങ്ങിയ ചിത്രങ്ങളിലും വിനോദ് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

