
പാര്‍ലമെന്റ് ഇന്നും പ്രഷുബ്ധം. മുസ്ലീം സംവരണ വിഷയവുമായി ബന്ധപ്പെട്ട കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രസ്താവന ആയുധമാക്കി ഇരുസഭകളിലും ഭരണ-പ്രതിപക്ഷ വാക്‌പോര് നടന്നു. കോണ്‍ഗ്രസ് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ജെ പി നദ്ദയും കിരണ്‍ റിജിജുവും ആരോപിച്ചു. ഭരണഘടനയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ തിരിച്ചടിച്ചു. പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളും നിരവധി തവണ തടസ്സപ്പെട്ടു.
രണ്ട് കോടി വരെയുളള നിര്‍മ്മാണ കരാറുകളില്‍ നാല് ശതമാനം ന്യൂനപക്ഷ സംവരണം ഏര്‍പ്പെടുത്താനുളള കര്‍ണാടക നിയമസഭയിലെ ഭേദഗതിയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സ്വകാര്യ ചാനലിലെ പരാമര്‍ശവും ഉന്നയിച്ച് ഭരണപക്ഷമാണ് പാര്‍ലമെന്റില്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്.
നാല് ശതമാനം സംവരണം മുസ്ലീം വിഭാഗത്തിനാണ് ഏര്‍പ്പെടുത്തുന്നതെന്നും ഭരണഘടനയെ തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ജെ പി നദ്ദയും രംഗത്തെത്തിയതോടെ സഭയില്‍ ബഹളം ശക്തമായി. ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്‍ഡിഎ സര്‍ക്കാരാണെന്ന ആരോപണം മല്ലികാര്‍ജുന്‍ ഖര്‍ഗെ തിരിച്ചടിച്ചതോടെ ഭരണ-പ്രതിപക്ഷ വാക്‌പോര് മുറുകി. ലോക്‌സഭയിലും ഭരണപക്ഷം വിഷയം ആളിക്കത്തിച്ചതോടെ പ്രതിഷേധം ശക്തമായി. ഭരണഘടന ഉയര്‍ത്തിക്കാട്ടി നരേന്ദ്രമോദിക്കും സര്‍ക്കാരിനും എതിരെ നിരന്തരം പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസിനെ അടിക്കാനുളള ആയുധമാക്കി വിഷയം മാറ്റുകയാണ് ബിജെപി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

