
പിസി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. പാർട്ടിക്കുള്ളിലെ തർക്കമാണ് രാജിക്ക് കാരണം. സമ്മർദ്ദനീയങ്ങൾ ഫലം കാണാതെ വന്നതോടെയാണ് ദേശീയ അധ്യക്ഷൻ ശരത് പാവറിന് രാജി സമർപ്പിച്ചത്. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
നാല് തവണ കോൺഗ്രസ് അംഗമായി ലോക്സഭയിൽ എത്തിയ പിസി ചാക്കോ 2021 ലാണ് ദേശീയ നേതൃത്വവുമായി തെറ്റി എൻസിപിയിലെത്തിയത്. ലതിക സുഭാഷ്, പി എം സുരേഷ് ബാബു തുടങ്ങിയവരും ചാക്കോയിക്ക് ഒപ്പം കോൺഗ്രസ് വിട്ട് എൻസിപിയിലെത്തി. സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി.സി ചാക്കോ എ കെ ശശീന്ദ്രൻ വിഭാഗവുമായി ആദ്യഘട്ടം മുതൽ അകൽച്ചയിൽ ആയിരുന്നു.
തോമസ് കെ തോമസ് വിഭാഗവുമായി അടുത്ത പിസി ചാക്കോ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കവും നടത്തി. മുൻ വ്യവസ്ഥയുടെ ഭാഗമായി എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രി ആക്കണമെന്നായിരുന്നു പിസി ചാക്കോയുടെ നിലപാട്. എന്നാൽ ശശീന്ദ്രൻ വിഭാഗം ഇത് അംഗീകരിച്ചില്ല. ഇതോടെ മുന്നണി മാറ്റം എന്ന ചർച്ചയും പാർട്ടിയിൽ പിസി ചാക്കോ ഉയർത്തി.
എ കെ ശശീന്ദ്രനും തോമസ് കെ തോമസും ഇതിനെ എതിർതത്തോടെ പിസി ചാക്കോ പാർട്ടിയിൽ ഒറ്റപ്പെട്ടു. പി സി ചാക്കോയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടിലേക്ക് ശശീന്ദ്രൻ തോമസ് തോമസ് വിഭാഗങ്ങൾ ഒരുപോലെ നിലപടെടുത്തു. തോമസ് കെ തോമസിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യവുമായി പാർട്ടിയിലെ പ്രബല വിഭാഗം ഒപ്പുശേഖരണവും നടത്തി. എ കെ ശശീന്ദ്രനുമായി ഒത്തുതീർപ്പിലെത്തിയ തോമസ് കെ തോമസിനെ അധ്യക്ഷൻ ആക്കണം എന്ന നിലപാടിലാണ് പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും. ഇക്കാര്യം ദേശീയ നേതൃത്വത്തെയും അവർ അറിയിക്കും.
Also read: കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; കേന്ദ്ര അന്വേഷണ സംഘം കൊച്ചിയിൽ
എന്നാൽ സുരേഷ് ബാബുവിനെ തനിക്ക് പകരം അധ്യക്ഷൻ ആക്കണമെന്ന് ദേശീയ നേതൃത്വത്തോട് നിർദ്ദേശിച്ചാണ് പിസി ചാക്കോ രാജിക്കത്ത് ശരത് പവാറിന് കൈമാറിയത്. ദേശീയ വർക്കിംഗ് പ്രസിഡണ്ട് ആയ പിസി ചാക്കൊയുടെ ഇനിയുള്ള നിലപാട് എന്താകും എന്നതാണ് ഇനി അറിയാനുള്ളത്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ശരത് പവാറിന്റേത് ആകും അന്തിമ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here